ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ അനുവദിക്കില്ല: ആര്‍.നിശാന്തിനി ഐ പിഎസ്

ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ അനുവദിക്കില്ല: ആര്‍.നിശാന്തിനി ഐ പിഎസ്

പത്തനംതിട്ട: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 16 വരെ നീട്ടിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ ഏവരും പാലിക്കുന്നതില്‍ തുടര്‍ന്നും സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. അടച്ചിടലുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി തുടരും. 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായ അസംസ്‌കൃത വസ്തുക്കള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമേ പ്രവര്‍ത്തന അനുമതിയുള്ളു. ബാങ്കുകള്‍ നേരത്തേതുപോലെ ആഴ്ചയില്‍ മൂന്നുദിവസം പ്രവര്‍ത്തിക്കും. സ്റ്റേഷനറി, സ്വര്‍ണക്കടകള്‍, ചെരുപ്പുകടകള്‍, കണ്ണടകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ വെള്ളി ഒരുദിവസം മാത്രം. വാഹന ഷോറൂമുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ മാത്രമായി തുറക്കാം.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ എന്നിവ 17 മുതല്‍ പകുതി ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാം. ഒരിടത്തും ആള്‍ക്കൂട്ടം അനുവദിക്കില്ല. സാമൂഹിക അകലം, മാസ്‌ക് ഉപയോഗം, സാനിറ്റൈസര്‍ ലഭ്യത എന്നിവ ഉറപ്പാക്കും. പൊതുനിരത്തുകളിലോ മറ്റോ ഒത്തുചേരലുകള്‍ കര്‍ശനമായും തടയും. രാഷ്ട്രീയ പാര്‍ട്ടികളും മറ്റും പ്രതിഷേധത്തിന്റെയോ മറ്റൊ പേരില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കാന്‍ അനുവദിക്കില്ല. ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍, ഇത്തരം പരിപാടികളില്‍ കൂടുതലായി ആളുകള്‍ ഒത്തുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കഴിഞ്ഞ നാലു ദിവസമായി ജില്ലയില്‍ റിപ്പോര്‍ട്ട് ആയ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെടുത്ത കേസുകളുടെ എണ്ണം 332 ആണ്, 292 പേരെ അറസ്റ്റ് ചെയ്തു. 42 വാഹനങ്ങള്‍ പിടിച്ചെടുത്തു. 11 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ക്വാറന്റൈന്‍ ലംഘനങ്ങള്‍ക്ക് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1265 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 600 ആളുകള്‍ക്കെതിരെയും നിയമനടപടികള്‍ കൈകൊണ്ടതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഇതുവരെ ജില്ലയില്‍ ഇ പാസിനായി ലഭിച്ച അപേക്ഷകള്‍ 57358 ആണ്. ഇതില്‍ 13788 എണ്ണത്തില്‍ പാസ് അനുവദിച്ചു. 43548 അപേക്ഷകളും നിരസിച്ചു. പരിഗണനയില്‍ 22 അപേക്ഷകള്‍ മാത്രമാണുള്ളതെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

Leave A Reply
error: Content is protected !!