മലയാളത്തില്‍ നിന്നും ഏതെങ്കിലും ഓഫര്‍ വരികയാണെങ്കില്‍ സ്വീകരിക്കും

മലയാളത്തില്‍ നിന്നും ഏതെങ്കിലും ഓഫര്‍ വരികയാണെങ്കില്‍ സ്വീകരിക്കും

മീനത്തില്‍ താലികെട്ട്, ചന്ദാമാമ എന്നീ ചിത്രങ്ങളിലൂടെ നായികാ വേഷത്തില്‍ എത്തിയ താരമായിരുന്നു തേജാലി ഘനേക്കര്‍. മുംബൈ സ്വദേശിനിയായ തേജാലി നായികയായി എത്തിയ ഈ രണ്ട് ചിത്രങ്ങളും ഹിറ്റായിരുന്നു .എന്നാൽ പിന്നീട് മലയാളത്തില്‍ ഒരു ചിത്രങ്ങളിലും തേജാലി അഭിനയിച്ചിരുന്നില്ല. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തെ കുറിച്ചും സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തേജാലി മനസ് തുറന്നത്.

”ഞാന്‍ സിനിമ ഉപേക്ഷിച്ച് പോവുകയായിരുന്നില്ല സത്യത്തില്‍. ചന്ദാമാമ കഴിഞ്ഞതും ഞാന്‍ തിരികെ മുംബൈയിലെത്തുകയായിരുന്നു. കാരണം ഞാന്‍ അപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ വന്നതും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ലഭിച്ചു. ശ്രമിച്ചു നോക്കുന്നതില്‍ എന്താണ് തെറ്റ് എന്ന അച്ഛന്റെ വാക്കുകളാണ് പോകാന്‍ പ്രേരിപ്പിച്ചത്. എന്റേത് ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ്. അതുകൊണ്ടാകാം അങ്ങനെ ചിന്തിച്ചത്. അങ്ങനെ ജോലി ചെയ്തു. ഇതിനിടെ കല്യാണം കഴിക്കുകയും സിംഗപ്പൂരിലേക്ക് വരികയും ചെയ്തു. മുംബൈയിലെ ജോലി ഉപേക്ഷിച്ചിരുന്നു.

മാസ് കമ്യൂണിക്കേഷനില്‍ മാസ്റ്റേഴ്‌സ് എടുത്തു. മകള്‍ക്ക് ജന്മം നല്‍കി. അങ്ങനെ ഒന്നിന് പിറകെ ഒന്നായി തിരക്കുകളായിപ്പോയി. ആ സമയത്ത് ഇന്നത് ചെയ്യണമെന്ന് പ്ലാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഞാന്‍ കരുതുന്നത് ഇതാകാം വിധി എന്നാണ്. എനിക്ക് സിനിമ ഇപ്പോഴും ഇഷ്ടമാണ്. എല്ലാ ഭാഷകളിലേയും കാണും. മലയാളവും തമിഴും ഇഷ്ടമാണ്. രണ്ടും വളരെ പ്രിയപ്പെട്ടതാണ്.

മലയാളത്തില്‍ നിന്നും ഏതെങ്കിലും ഓഫര്‍ വരികയാണെങ്കില്‍ സ്വീകരിക്കും. കഴിഞ്ഞ ആറ് മാസത്തിനിടെ എല്ലാ ദിവസവും എപ്പോഴാണ് തിരികെ വരുന്നതെന്ന ചോദ്യം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ പുറത്ത് പോകുമ്പോള്‍ ദക്ഷിണേന്ത്യക്കാര്‍ ചിലര്‍ തിരിച്ചറിയാറുണ്ട് പക്ഷെ അവര്‍ക്ക് ഉറപ്പില്ല, ചിലരൊക്കെ നേരിട്ട് വന്ന് ചോദിക്കും” – തേജാലി പറയുന്നു.

Leave A Reply
error: Content is protected !!