പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത വികസനം മലയോര മേഖലയുടെ സ്വപ്നം

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത വികസനം മലയോര മേഖലയുടെ സ്വപ്നം

കോന്നിക്കാരുടെ ദീര്‍ഘകാല സ്വപ്നമായ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത വികസനം യാഥാര്‍ഥ്യമായത് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലാണ്. കോന്നി തെരഞ്ഞെടുപ്പിനു മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയനാണ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം കോന്നിയില്‍ നിര്‍വഹിച്ചത്.

റോഡ് വീതി കൂട്ടി പുനര്‍നിര്‍മ്മിച്ച് ഡിബിഎം ആന്‍ഡ് ബിസി ടാറിംഗ് നടത്തി പൂര്‍ത്തീകരിക്കുന്നതാണ് പദ്ധതി. കോന്നി നിയോജക മണ്ഡലത്തിലെ പ്രധാന പാതയാണ് പുനലൂര്‍ – മൂവാറ്റുപുഴ റോഡ്. നിര്‍മാണം പൂര്‍ത്തിയാക്കുന്ന തോടുകൂടി ഉന്നത നിലവാരത്തിലുള്ള റോഡ് കടന്നു പോകുന്ന ഇടമായി കോന്നി മാറും. ശബരിമല തീര്‍ഥാടകരുടെ യാത്രയും സുഗമമാകും.

സംസ്ഥാനത്ത് പ്രൊക്യൂര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ രീതിയില്‍ നിര്‍മിക്കുന്ന ആദ്യ റോഡാണിത്. പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള 82.11 കിലോമീറ്റര്‍ റോഡ് വികസനമാണ് കെഎസ്ടിപി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ടെന്‍ഡര്‍ ചെയ്തത്. 737.64 കോടി രൂപയാണ് ആകെ അടങ്കല്‍ തുക. ഇതില്‍ കോന്നി മുതല്‍ പ്ലാച്ചേരിവരെ 30.16 കിലോമീറ്ററിന് 279 കോടിരൂപയും, പുനലൂര്‍ മുതല്‍ കോന്നി വരെയുള്ള 29.84 കിലോമീറ്ററിന് 221 കോടി രൂപയുമാണ് അടങ്കല്‍.

പ്ലാച്ചേരി മുതല്‍ കോന്നി വരെയുള്ള ഭാഗത്തെ വികസനത്തില്‍ കോന്നി നിയോജക മണ്ഡലത്തിലെ 13.06 കിലോമീറ്റര്‍ റോഡാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14 മീറ്റര്‍ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. 10 മീറ്ററില്‍ ടാറിംഗ് നടത്തും. ഇതിന്റെ ഇരുവശങ്ങളും രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാത നിര്‍മിക്കും. കോന്നി മുതല്‍ പുനലൂര്‍ വരെയുള്ള റീച്ചില്‍ 29.84 കിലോമീറ്റര്‍ റോഡാണ് പുനര്‍നിര്‍മിക്കുന്നത്. ഇതില്‍ 17 കിലോമീറ്ററും കോന്നി നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്നതാണ്.

Leave A Reply
error: Content is protected !!