പിള്ളയുടെ പ്രതിമക്കെതിരെ ഗവർണ്ണർക്ക് പരാതി : ആ കെടാവിളക്ക് ഊതിക്കെടുത്തരുത്

പിള്ളയുടെ പ്രതിമക്കെതിരെ ഗവർണ്ണർക്ക് പരാതി : ആ കെടാവിളക്ക് ഊതിക്കെടുത്തരുത്

ആർ. ബാലകൃഷ്ണ പിളളയുടെ പ്രതിമ നിർമ്മിക്കാൻ ബജറ്റിൽ 2 കോടി നൽകിയതിൽ വ്യാപകമായ പ്രതിഷേധം . ബഡ്ജറ്റിൽ രണ്ട് കോടി നീക്കി വച്ചതിനെതിരെ അഭിഭാഷകൻ കോശി ജേക്കബ്ഗവർണർക്ക് പരാതി നൽകി . സർക്കാർ നടപടി പൊതുജനത്തിന്റെ മനോവീര്യം വ്രണപ്പെടുത്തുന്നതും സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് പരാതിയിൽ പറയുന്നത് .

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇടമലയാർ കേസിൽ നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ബാലകൃഷ്ണ പിളളയ്ക്ക് 10,000 രൂപ പിഴയും ഒരു വർഷം കഠിന തടവും ശിക്ഷി ച്ചിരുന്നു വെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

കോടതി ശിക്ഷിച്ച അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവിനായി പ്രതിമ സ്ഥാപിക്കാൻ 2 കോടി നീക്കിവച്ചിരിക്കുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നും വളരെ നിന്ദ്യമായ നടപടിയാണ് . അതിനാൽ, ഗവർണർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മേൽപ്പറഞ്ഞ സ്മാരകം നിർമിക്കുന്നതിനുളള നീക്കം പിൻവലിക്കാൻ ഉപദേശിക്കണമെന്നും പരാതിക്കാരനായ അഭിഭാഷകൻ കോശി ജേക്കബ് പരാതിയിൽ ആവശ്യപ്പെട്ടു .

നാൾക്ക് നാൾ സാമ്പത്തീക പ്രതിസന്ധിയിലേക്ക് പോകുന്ന കേരളത്തിന്റെ പൊതുകടത്തില്‍ വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ ലക്ഷം കോടിക്കടുത്തു വര്‍ധനയുണ്ടാകുമെന്നാണ് ബജറ്റ്‌ രേഖയിൽ പറയുന്നത് . കോവിഡ്‌കാലത്തു നികുതിവരുമാന സാധ്യത അടഞ്ഞതോടെ പുതിയ വെല്ലുവിളികളുടെ നീണ്ട നിര തന്നെയാണ് സംസ്ഥാന ഖജനാവിനെ കാത്തിരിക്കുന്നത് .

ഈ സാഹചര്യത്തിൽ ഇങ്ങനെയുള്ള അനാവശ്യ ചിലവുകൾ ഒഴിവാക്കേണ്ടതാണ് . ആർ ബാലകൃഷ്ണ പിള്ളയുടെ പ്രതിമ സ്ഥാപിക്കുന്നതുകൊണ്ട് ആർക്ക് എന്ത് പ്രയോജനമാണുണ്ടാകുന്നത് . കൊട്ടാരക്കരയിൽ പ്രതിമ സ്ഥാപിക്കാനാണെങ്കിൽ വേറെ എത്രയോ പേരുടെ പ്രതിമകൾ സ്ഥാപിക്കാം .

ബാലകൃഷ്ണപിള്ളയെ പോലെ എം എൽ എ യും മന്ത്രിയുമൊക്കെ ആയിരുന്നയാളാണ് ഇ ചന്ദ്ര ശേഖരൻ നായർ . അദ്ദേഹത്തിൻറെ ഒരു പ്രതിമ എന്തുകൊണ്ട് സ്ഥാപിച്ചുകൂടാ ? കൊട്ടാരക്കരയിൽ ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ചു മന്ത്രിയായിരുന്ന ആളാണ് .

ഒരു വ്യാഴവട്ടം വെള്ളിത്തിരയിലെ അഭ്ര പാളികളിൽ നിറഞ്ഞാടിയ കൊട്ടാരക്കര ശ്രീധരൻ നായരെ കൊട്ടാരക്കരക്കാർ മറക്കില്ല വരും തലമുറയും മറക്കില്ല . അദ്ദേഹത്തിൻറെ ഒരു പ്രതിമ കൊട്ടാരക്കരയിൽ ഇതുവരെയും സ്ഥാപിച്ചിട്ടില്ല .

സിനിമാക്കാരുടെ സംഘടനയായ അമ്മയുടെയും ആത്മയുടെയും നേതാവ് കൂടിയാണ് കെ ബി ഗണേഷ്‌കുമാർ . അദ്ദേഹം മുൻകൈ എടുത്ത് സിനിമാ സംഘടനകളെക്കൊണ്ട് സ്ഥാപിക്കേണ്ടതാണ് കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ .

കാക്കയ്ക്കും കിളികൾക്കും കാഷ്ഠിക്കാനും തെരുവ് നായ്ക്കൾക്ക് മൂത്രമൊഴിക്കാനും ബാലകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചു നൽകാതെ അദ്ദേഹത്തിൻറെ പേരിൽ സ്മാരകമായി ജനങ്ങൾക്കും വരും തലമുറക്കും പ്രയോജനപ്പെടുന്ന രീതിയിൽ വേറെ എന്തെല്ലാം ചെയ്യാം .

എന്തിനേറെ ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിനും അദ്ദേഹത്തിൻറെ സ്വന്തം പാർട്ടിക്കും സ്മാരകമായി പലതും ചെയ്യാമല്ലോ . വേറെ എങ്ങും പോകണ്ടാ വാളകത്ത് സ്കൂളിന്റെയും ട്രെയിനിങ് കോളേജിന്റെയും കെട്ടിടങ്ങൾ ബാലകൃഷ്ണപിള്ള സ്മാരക കെട്ടിടമാക്കി മാറ്റാം .

അതല്ലങ്കിൽ കൊട്ടാരക്കരയിലെ വീട് അദ്ദേഹത്തിൻറെ സ്മാരകമായി ഗവേഷണം നടത്തുന്ന കുട്ടികൾക്കായി റിസേർച് സെന്റർ ആക്കാം . അല്ലെങ്കിൽ ആ വീട് സൗജന്യ ആരോഗ്യ കേന്ദ്രമാക്കി മാറ്റാം . അങ്ങനെ എന്തെല്ലാം എന്തെല്ലാം ചെയ്യാൻ പറ്റും .

ഈ നാട്ടിലെ കൂലിപ്പണിക്കാരന്റെയും ലോട്ടറി വില്പനക്കാരന്റെയും നികുതിപ്പണമെടുത്ത് ജനങ്ങളുടെ എതിർപ്പ് മറികടന്ന് ഒരു പ്രതിമ സ്ഥാപിക്കണോയെന്ന് സർക്കാർ ഒരു പുനർചിന്തനം നടത്തണം . കൊട്ടാരക്കരയുടെ പ്രധിനിധിയായ ധന മന്ത്രി കെ എൻ ബാലഗോപാലിനെ ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചു നിയമസഭയിലേക്ക് അയച്ചത് ഒട്ടേറെ പ്രതീക്ഷകളുമായാണ് .

അത് ഒരു പ്രതിമയിലൊതുക്കരുതെയെന്നാണ് കൊട്ടാരക്കരക്കാരുടെ അഭ്യർത്ഥന . സിപിഎം ന്റെ പ്രത്യേകിച്ച് അഴിമതിക്കെതിരെ പോരാടിയ വി എസ് അച്യുതാനന്ദന്റെ നിയമ പോരാട്ടങ്ങളുടെ വിജയമാണ് ബാലകൃഷ്ണപിള്ളയെ അഴിമതിക്കേസിൽ ശിക്ഷിച്ചു ജയിലിൽ അടച്ചത് .

ഇന്നും ജ്വലിച്ചു നിൽക്കുന്ന തിളക്കമാർന്ന ആ വിജയത്തിന്റെ ശോഭ കെടുത്തരുത് ഈ പ്രതിമയിലൂടെ . പാർട്ടി സഖാക്കളുടെ മനോവീര്യം കെടുത്തരുത് . ചരിത്രപുസ്തകത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള ആ വിജയം സിപിഎംന്റെ വിജയമാണ് . പ്രവർത്തകരുടെ ആവേശമാണ് . ദയവ് ചെയ്തു ആ കെടാവിളക്ക് ഊതിക്കെടുത്തരുത് .

Leave A Reply
error: Content is protected !!