ഗുരുതര രോഗം ബാധിച്ചയാളെയും കൊണ്ട് പിന്തുടർന്ന് വീട്ടിലെത്തി അസഭ്യം പറഞ്ഞ് ആംബുലൻസ് ഡ്രൈവർ

ഗുരുതര രോഗം ബാധിച്ചയാളെയും കൊണ്ട് പിന്തുടർന്ന് വീട്ടിലെത്തി അസഭ്യം പറഞ്ഞ് ആംബുലൻസ് ഡ്രൈവർ

കടന്നുപോകാൻ ഇടം കൊടുത്തില്ലെന്ന് ആരോപിച്ച് രോഗിയെയും കൊണ്ട് ആംബുലൻസിൽ പിന്തുടർന്നെത്തി അസഭ്യം പറയുകയും കയ്യേറ്റത്തിനു മുതിരുകയും ചെയ്തുവെന്ന പരാതിയിൽ ഡ്രൈവർ ശ്രീകാര്യം ചെറുവയ്ക്കൽ ലീലാഭവനിൽ കീ-കീ എന്നു വിളിക്കുന്ന വിശാഖി (27) നെതിരെ മംഗലപുരം പൊലീസ് കേസെടുത്തു. കെഎസ്ഇബി വിജിലൻസ് വിഭാഗം എഎസ്ഐ മംഗലപുരം പിഎച്ച്സിക്കു സമീപം ഭാരത് ഹൗസിൽ എം. ഷാനവാസാണ് പരാതി നൽകിയത്.
ഗുരുതര രോഗം ബാധിച്ച 65 കാരനെയും കൊണ്ട് ആംബുലൻസ് വഴി മാറി മുക്കാൽ കിലോമീറ്ററോളം സഞ്ചരിച്ചെന്നും ഒരു ദിവസത്തേക്ക് ൽക്കാലിക ഡ്രൈവറായി എത്തിയ ആളാണ് പ്രതിയെന്നും മംഗലപുരം എസ്എച്ച്ഒ കെ.പി ടോംസൺ പറഞ്ഞു. വ്യാഴം രാത്രി 8 ഓടെയാണ് സംഭവം. ഭാര്യാ മാതാവിനെ കഴക്കുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മകളുമൊത്ത് കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാനവാസ്. പള്ളിപ്പുറം ജംക്ഷനു സമീപം രണ്ടു കണ്ടെയിനർ ലോറികളെ മറികടക്കുമ്പോള് ആംബുലൻസ് പിന്നാലെയെത്തുകയായിരുന്നു.
മെഡിക്കൽകോളജ് ആശുപത്രിയിൽ വൃക്കയ്ക്കും കരളിനും ഗുരുതര രോഗം ബാധിച്ച് ചികിൽസയിലായിരുന്ന കൊല്ലം പരവൂർ സ്വദേശിയായ 65കാരനെയും കൂട്ടിരുപ്പുകാരെയും ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ആംബുലൻസ്. പിന്നിൽ ആംബുലൻസ് എത്തിയതറിഞ്ഞ് ഷാനവാസ് കാർ വേഗത്തിൽ മുന്നോട്ടെടുത്ത് വശത്തേക്ക് ഒതുക്കി നിർത്തിയെങ്കിലും ആംബുലൻസ് അടുപ്പിച്ചു നിർത്തിയ ശേഷം ഡ്രൈവർ വിശാഖ് അസഭ്യം പറയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് ഷാനവാസ് നേരെ വീട്ടിലേക്കു പോയി. രോഷം തീരാത്ത വിശാഖ് കാറിനെ പിന്തുടർന്ന് ഷാനവാസിന്റെ വീട്ടിലെത്തുകയായിരുന്നു. വഴി മാറിയാണ് പോകുന്നതെന്നു പോലും അറിയാതെ ഈ സമയം രോഗിയും കൂടെയുള്ളവരും ആംബുലൻസിൽ ഉണ്ടായിരുന്നു. വീടിനു മുന്നിൽ വച്ച് വിശാഖ് വീണ്ടും അസഭ്യം പറയുകയും കയ്യേറ്റത്തിനു മുതിരുകയും ചെയ്തുവെന്ന് ഷാനവാസ് പറഞ്ഞു.
രോഗിയെ ഇറക്കിയ ശേഷം മടങ്ങി വരുമെന്നും ഞങ്ങൾക്ക് എല്ലാത്തിനും ആളുണ്ടെന്നും ഭീഷണി മുഴക്കിയാണ് മടങ്ങിയത്. ഉടനെ തന്നെ ഷാനവാസ് മംഗലപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സൂരജ് എന്നയാളുടെതാണ് ആംബുലൻസ്.
Leave A Reply
error: Content is protected !!