ബ്ലിസ്റ്റർ ബീറ്റിൽ ആക്രമണം ആലപ്പുഴയിലും

ബ്ലിസ്റ്റർ ബീറ്റിൽ ആക്രമണം ആലപ്പുഴയിലും

ത്വക്കിൽ പൊള്ളലേൽപ്പിക്കുന്ന ബ്ലിസ്റ്റർ ബീറ്റിൽ ആക്രമണം ആലപ്പുഴയിലും. ആലപ്പുഴ ഇന്ദിരാ ജംഗ്ഷന് സമീപത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് മാനേജർ രജ്ഞിത്ത് രമേശനാണ് കഴിഞ്ഞ ദിവസം ബ്ലിസ്റ്റർ ബീറ്റിലിന്റെ ആക്രമണത്തിൽ പൊള്ളലേറ്റത്. കാല് പൊള്ളലേറ്റ പോലെ ആയെന്നും നടക്കാൻ കഴിയുന്നില്ലെന്നും രജ്ഞിത്ത് രമേശൻ പറയുന്നു.
മെലൊയ്ദെ കുടുംബത്തിലെ ഒരുകൂട്ടം വണ്ടുകളാണ്ബ്ലിസ്റ്റർ ബീറ്റിൽ. അവയുടെ ശരീരത്തിൽനിന്നും സ്രവിക്കപ്പെടുന്ന കാന്താരിഡിൻ എന്ന സ്രവമാണ് ഇവയ്ക്ക് ഈ പേര് നൽകിയത്. ലോകത്തെല്ലായിടത്തുമായി ഇവയുടെ ഏഴായിരത്തി അഞ്ഞൂറോളം സ്പീഷീസുകൾ ഉണ്ട്. ചർമ്മത്തിന്റെ പൊള്ളലിന് കാരണമാകുന്ന വിഷ രാസവസ്തുവായ കാന്താരിഡിൻ ഒരു പ്രതിരോധ പദാർത്ഥമായി ഈ ജീവികൾ സ്രവിക്കുന്നു. അരിമ്പാറ നീക്കം ചെയ്യാൻ ഈ സ്രവം ഉപയോഗിക്കാറുണ്ട്. കാലുകൾക്ക് പൊള്ളലേറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്ലിസ്റ്റർ ബീറ്റിലിന്റെ ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്.
മരുന്നുപയോഗിച്ചതോടെ വേദന കുറഞ്ഞിട്ടുണ്ടെന്നും രഞ്ജിത് രമേശൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുന്നപ്രയിലും സമാനമായ രീതിയിൽ ഒരാൾക്ക് പൊള്ളലേറ്റിയിരുന്നു. കഴിഞ്ഞ മാസം എറണാകുളത്ത് കാക്കനാട് മേഖലയിൽ നൂറോളം പേർക്ക് ബ്ലിസ്റ്റർ ബീറ്റിൽ എന്നറിയപ്പെടുന്ന ചെറുപ്രാണിയുടെ ആക്രമണം ഏറ്റിരുന്നു. ആസിഡ് ഫ്‌ലൈ എന്നറിയപ്പെടുന്ന ബ്ലിസ്റ്റർ ബീറ്റിൽ ഒരു ഷഡ്പദമാണ്. ഡെർമറ്റൈറ്റിസ് എന്ന ത്വക്ക് രോഗമാണ് ഇത് ഉണ്ടാക്കുന്നത്. ചെടികൾ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്താണ് ഇവയുടെ സാധാരണ വ്യാപന കേന്ദ്രം. രാത്രിയിൽ വെളിച്ചമുള്ള സ്ഥലത്തേയ്ക്ക് ഇവ ആകർഷിക്കപ്പെടും. ഇവയുടെ ശരീരത്തിൽ നിന്നും വരുന്ന സ്രവം ശരീരത്തിൽ തട്ടുമ്പോൾ ആ ഭാഗം ചുവന്ന് തടിക്കുകയും പൊള്ളുകയും ചെയ്യും. കൂടുതൽ സമയം ഈ സ്രവം ശരീരത്തിൽ നിന്നാൽ പൊള്ളലിന്റെ ആഴം കൂടുകയും തൊലി അടർന്ന് പോകുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
രാത്രികാലങ്ങളിൽ ജനലും വാതിലും അടച്ചിടുന്നതാണ് പ്രധാന പരിഹാരം. ശരീരത്തിൽ ഇവ വന്നിരുന്നാൽ തട്ടി നീക്കുന്നതിന് പകരം കുടഞ്ഞു കളയുക. കണ്ണിൽ ഇവയുടെ സ്രവം പറ്റിയിട്ടുണ്ടെങ്കിൽ പച്ചവെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം അടിയന്തിരമായി ഡോക്ടറെ കാണണമെന്നും വിദഗ്ധർ പറയുന്നു.
Leave A Reply
error: Content is protected !!