ക്വട്ടേഷന്‍ സംഘത്തിന്റെ അകമ്പടി, ഒരു കുപ്പിക്ക് 2500 രൂപ; വ്യാജ മദ്യം കടത്തിയ കൊലക്കേസ് പ്രതികളടക്കം പിടിയില്

ക്വട്ടേഷന്‍ സംഘത്തിന്റെ അകമ്പടി, ഒരു കുപ്പിക്ക് 2500 രൂപ; വ്യാജ മദ്യം കടത്തിയ കൊലക്കേസ് പ്രതികളടക്കം പിടിയില്

വ്യാജ മദ്യക്കടത്തുമായി ബന്ധപ്പെട്ട് നാലുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നരുവാമൂട് ഇരട്ടക്കൊലക്കേസിലെ പ്രതികൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്.
നരുവാമൂട് ചെമ്മണ്ണിൽ കുഴി പഞ്ചമിയിൽ സജു (48), പാപ്പനംകോട് എസ്റ്റേറ്റ് ഗംഗാ നഗറിൽ ഹരിദാസ് (47), നരുവാമൂട് ശ്രീധര നിലയത്തിൽ വിഷ്ണു.എസ്. രാജ് (29) നേമം സ്കൂളിന് സമീപം അമ്പലത്തുംവിള വീട്ടിൽ രജിം റഹിം (29) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
മദ്യം കടത്താൻ ഉപയോഗിച്ച മഹീന്ദ്ര ജീപ്പും മദ്യം വിറ്റ വകയിൽ ലഭിച്ച 25000 രൂപയും നാല് മൊബൈൽ ഫോണുകളും എക്സൈസ് സംഘം പിടിച്ചെടുത്തു. ഹരിദാസ് ,സജു, വിഷ്ണു.എസ്. രാജ്, രജിം റഹിം എന്നിവർ നേതൃത്വം നൽകുന്ന വ്യാജ മദ്യ മാഫിയ സംഘമാണ് ജില്ലയിൽ വ്യാജ മദ്യ വിതരണവും കച്ചവടവും നിയന്ത്രിച്ചിരുന്നതെന്ന് എക്സൈസ് പറയുന്നു.
ആയുധധാരികളായ ക്വട്ടേഷൻ സംഘത്തിന്റെ സുരക്ഷാ അകമ്പടിയോട് കൂടിയാണ് പ്രതികൾ വ്യാജ മദ്യം ചില്ലറ വിൽപനക്കാർക്ക് എത്തിച്ച് നൽകിയിരുന്നത്. ഒരു കുപ്പി വ്യാജ മദ്യത്തിന് 2500 നിരക്കിലാണ് സംഘം കച്ചവടം നടത്തിയിരുന്നത്. ഈ ലോക്ഡൗൺ കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യ കച്ചവടം നടത്തിയതായി പ്രതികൾ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ പ്രിവന്റീവ് ഓഫീസർ ഷാജു സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, സതീഷ്കുമാർ, വിനോദ് ,പ്രശാന്ത്ലാൽ, നന്ദകുമാർ, അരുൺ,ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Leave A Reply
error: Content is protected !!