കോപ്പ അമേരിക്ക നടത്തുന്നതിനോട് ദേശീയ ടീമുകളുടെ നായകന്മാരിൽ ഭൂരിഭാഗം പേർക്കും വിയോജിപ്പ്

കോപ്പ അമേരിക്ക നടത്തുന്നതിനോട് ദേശീയ ടീമുകളുടെ നായകന്മാരിൽ ഭൂരിഭാഗം പേർക്കും വിയോജിപ്പ്

കോപ്പ അമേരിക്ക ടൂർണമെന്റ് ജൂൺ 13നു ബ്രസീലിൽ വെച്ചു നടത്താൻ തീരുമാനമായെങ്കിലും അതു സംബന്ധിച്ച വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ബ്രസീൽ ഉൾപ്പെടെ ലാറ്റിനമേരിക്കയിലെ മിക്ക രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തമായി കൊണ്ടിരിക്കെ ടൂർണമെന്റ് അവിടെ വെച്ചു നടത്തുന്നതിൽ ബ്രസീലിയൻ താരങ്ങളുൾപ്പെടെ നിരവധി പേർക്ക് ശക്തമായ എതിർപ്പുണ്ട്. ഇതിനു പുറമെ പങ്കെടുക്കുന്ന മിക്ക ടീമുകളുടെയും നായകന്മാർക്ക് ടൂർണമെന്റ് നടത്തുന്നതിനോട് വിയോജിപ്പാണെന്നും സ്പാനിഷ് മാധ്യമം മാർക്ക വെളിപ്പെടുത്തുന്നു.

ബ്രസീൽ നായകനായ കസമീറോയും കൊളംബിയയുടെ പ്രധാന താരമായ ക്വഡ്രാഡോയും ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ തങ്ങൾക്കുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം ടീമൊന്നടങ്കം ടൂർണമെന്റ് ബ്രസീലിൽ വെച്ചു സംഘടിപ്പിക്കുന്നതിന് എതിരാണെന്ന സൂചനകൾ തന്നെയാണ് കസമീറോ നൽകിയത്. അതേസമയം കൊളംബിയൻ അസോസിയേഷൻ ഓഫ് പ്രൊഫെഷണൽ ഫുട്ബോളെർസ് ടൂർണമെന്റിന്റെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചത് ക്വഡ്രാഡോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്‌തിരുന്നു.

ടൂർണ്ണമെന്റിനെതിരായ പ്രതിഷേധങ്ങളുടെ മുന്നിൽ നിൽക്കുന്ന ബ്രസീൽ ടീമിന് യുറുഗ്വായ് താരങ്ങളുടെ പിന്തുണയുമുണ്ട്. ലൂയിസ് സുവാരസ്, എഡിസൺ കവാനി, മുസ്‌ലേര എന്നീ താരങ്ങളെല്ലാം കോപ്പ അമേരിക്ക നടത്തുന്നതിനെതിരെ രംഗത്തു വന്നിരുന്നു. ആരോഗ്യത്തിനാണ് പ്രധാന പരിഗണന നൽകേണ്ടതെന്നും കോപ്പ അമേരിക്ക നടത്തുന്നതിന് താൻ എതിരാണെന്നുമാണ് സുവാരസ് പറഞ്ഞത്.

അതേസമയം അർജന്റീന നായകനായ ലയണൽ മെസി ഇതുമായി ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നതിനു പുറമെ താരത്തിന്റെ നിലപാടും ഇതുവരെയും വ്യക്തമല്ല. ഇത്രയും സങ്കീർണമായൊരു വിഷയത്തിൽ മെസി നിശബ്ദമായിരിക്കുന്നത് വിചിത്രമായ കാര്യമാണെങ്കിലും താരവും ബ്രസീലിയൻ ടീമിനൊപ്പം തന്നെയാണെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോ റിപ്പോർട്ടു ചെയ്യുന്നത്.

ചിലിയും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും മെസി, സുവാരസ്, നെയ്‌മർ എന്നിവരുടെ സുഹൃത്താണ് ക്ലൗഡിയോ ബ്രാവോ എന്നതു കൊണ്ട് ബ്രസീലിയൻ ടീമിനൊപ്പം നിൽക്കാനാണ് സാധ്യത. ഇക്വഡോർ ടീമിന്റെ നായകന്മാരുമായി നെയ്‌മർ ഈ വിഷയത്തിൽ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മാർക്ക, ബൊളീവിയ ടൂർണമെന്റിന് അനുകൂല നിലപാടാണ് എടുത്തിരിക്കുന്നതെന്നും വ്യക്തമാക്കി.

Leave A Reply
error: Content is protected !!