മുഖ്യമന്ത്രി സ്ഥാനത്തുനിന്നും യോഗി പുറത്താകുന്നു

മുഖ്യമന്ത്രി സ്ഥാനത്തുനിന്നും യോഗി പുറത്താകുന്നു

യു പി യിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും യോഗി ആദിത്യനാഥിനെ മാറ്റുന്നു . കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്ത് ഏറ്റവും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതിനാണ് യോഗിയുടെ കസേര തെറിക്കുന്നത് .

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കേ മന്ത്രിസഭ പുന:സംഘടിപ്പിക്കലും യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി പദത്തില്‍ നിന്നും നീക്കുന്നതും ബിജെപി ദേശീയ നേതൃത്വം ചര്‍ച്ച ചെയ്തു.
ബിജെപിയെയും യോഗി സര്‍ക്കാരിനെയും മോശപ്പെടുത്തി കാണിക്കാനുള്ള മാധ്യമ അജണ്ഡയാണ് നടക്കുന്നതെന്നാണ് ബിജെപി യു പി ഘടകം പറയുന്നത് .

എന്നാൽ യുപിയിലെ കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടുള്ള ഇടപെടലാണ് നടത്തുന്നത് . മന്ത്രിസഭാ പുന:സംഘടനയിലൂടെ യുപി മന്ത്രിസഭയില്‍ തന്റെ വിശ്വസ്തനും മുൻ ബ്യൂറോക്രാറ്റുമായ എകെ ശർമ്മയെ കൊണ്ടുവരാനാണ് മോദിയുടെ നീക്കം .

അടുത്ത വര്‍ഷം ആദ്യം യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യാണ് മുഖം മിനുക്കൽ നടത്തുന്നത് . മന്ത്രിസഭാ പുനഃ സംഘടനയിൽ എകെ ശർമ്മയെ മുഖ്യമന്ത്രിയാക്കാനാണ് മോദിയുടെ നീക്കമെന്നാണ് കരുതുന്നത് .

അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാർട്ടി മുന്നേറിയതും ബിഎസ്പി തിരിച്ചുവരവിനുള്ള ലക്ഷണം കാട്ടിയതും ബിജെപിയെ അലോസരപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളില്‍ 324 സീറ്റുകള്‍ നേടി ഭരണം പിടിച്ച ബിജെപിയ്ക്ക് യുപിയില്‍ ഭരണം നഷ്ടമാകുന്നത് കേന്ദ്രത്തിലും ഭീഷണിയായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ഇതെല്ലാം കണക്കിലെടുത്ത് യോഗി സര്‍ക്കാരിന്റെ ‍കോവിഡിനെതിരേയുള്ള പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള പ്രകടനം വിലയിരുത്താന്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതാക്കള്‍ ലക്നൗവില്‍ മന്ത്രിമാരുമായി യോഗം ചേര്‍ന്നിരുന്നു.

ബിജെപി ജനറല്‍ സെക്രട്ടറി സംഘടനാ ചുമതലയുള്ള ബി.എൽ സന്തോഷ്, രാധാ മോഹൻ സിങ് എന്നിവരും ആര്‍എസ്എസ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കോവിഡിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തതായും മാധ്യമങ്ങള്‍ യോഗി സര്‍ക്കാരിനെ മോശമാക്കുന്നു വെന്നുമായിരുന്നു യോഗത്തിന്റെ വിലയിരുത്തല്‍.

കോവിഡ് മഹാമാരി കൈകാര്യം ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രീതിയിൽ വ്യാപക വിമർശം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ഇടപെടൽ ഉണ്ടാകുന്നത് . യുപിയില്‍ മോഡി നേരിട്ട് ശ്രദ്ധ കൊടുക്കുകയാണ്.

എ.കെ. ശര്‍മ്മയുടെ വരവിനെ കൗതുകത്തോടെയാണ് നിരീക്ഷകര്‍ വീക്ഷിക്കുന്നത്. അടുത്ത ആഴ്ചകളിൽ തന്നെ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് വിവരം.

ഗുജറാത്ത് കേഡറിൽ നിന്നുള്ള റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനാണ് എകെ ശർമ്മ. ജനുവരിയില്‍ ചെറുകിട-ഇടത്തരം സംരഭ മന്ത്രാലയത്തിൽ സെക്രട്ടറിയായിരിക്കെ വോളണ്ടറി റിട്ടയർമെന്റ് വാങ്ങി ബിജെപിയിൽ ചേർന്നിരുന്നു .

ഉടന്‍ തന്നെ ഉത്തർപ്രദേശ് എംഎൽസിയുമാക്കി. നിലവിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ശര്‍മ്മയാണ്.

Leave A Reply
error: Content is protected !!