ബംഗാളിലെ അക്രമങ്ങൾ ഭയപ്പെടുത്തുന്നു ; ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവര്‍ണര്‍

ബംഗാളിലെ അക്രമങ്ങൾ ഭയപ്പെടുത്തുന്നു ; ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവര്‍ണര്‍

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ അരങ്ങേറുന്ന സംഘർഷത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമറിയിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍.സംസ്ഥാനത്തെ ക്രമസമാധാനനില അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

സംഘർഷം തുടരുന്ന പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി എച്ച്.കെ.ദ്വിവേദിയെ ഗവര്‍ണര്‍ വിളിപ്പിച്ചിട്ടുണ്ട്. ബംഗാളിലെ ക്രമസമാധാനനിലയെ കുറിച്ച് വിശദീകരണം നല്‍കാനും ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ പ്രതികാര അക്രമസംഭവങ്ങളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗവര്‍ണര്‍ ട്വീറ്റില്‍ വ്യക്തമാക്കി . മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ തിരിച്ചറിയുകയോ വേണ്ട നടപടികള്‍ കൈക്കൊളളുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ പോലീസിന് നേരെയും വിമര്‍ശനമുണ്ട്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ ഇരയായവരുടെ പുനരധിവാസത്തിനായി കല്‍ക്കട്ട ഹൈക്കോടതി ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു.അക്രമസംഭവങ്ങളില്‍ തങ്ങളുടെ9 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് ബി.ജെ.പിയുടെ ആരോപണം . അതെ സമയം ഈ ആരോപണം വ്യാജവാര്‍ത്തയാണെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജി  പ്രതികരിച്ചത് .

Leave A Reply
error: Content is protected !!