ഹരിയാനക്ക് സ്പുട്‌നിക് വാക്‌സിന്‍ നല്‍കാമെന്ന് മാള്‍ട്ട ; കമ്പനിയുടെ യോഗ്യത വിലയിരുത്താൻ കേന്ദ്രത്തിന് കത്ത്

ഹരിയാനക്ക് സ്പുട്‌നിക് വാക്‌സിന്‍ നല്‍കാമെന്ന് മാള്‍ട്ട ; കമ്പനിയുടെ യോഗ്യത വിലയിരുത്താൻ കേന്ദ്രത്തിന് കത്ത്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സന്നദ്ധത അറിയിച്ച കമ്പനിയുടെ യോഗ്യത പരിശോധിച്ചറിയാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടി ഹരിയാണ സര്‍ക്കാര്‍. റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് വാക്‌സിന്‍ 5 വിതരണം ചെയ്യാമെന്നറിയിച്ച മാള്‍ട്ടയിലെ ഫാര്‍മ റെഗുലേറ്ററി സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ചുള്ള സമഗ്ര വിവരം തേടിയാണ് ഹരിയാണ കേന്ദ്രസർക്കാരിന് കത്തെഴുതിയത്.

കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ഹരിയാണ ആഗോളതലത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചതിനെ തുടര്‍ന്നായിരുന്നു പ്രസ്തുത കമ്പനി രംഗത്തെത്തിയത് . ഒരു ഡോസ് വാക്‌സിന് 1,120 രൂപയാണ് കമ്പനി വിലയായി ആവശ്യപ്പെട്ടിട്ടുള്ളത്.

കോവിഡ്-19 വാക്‌സിന്‍ വിതരണത്തിനായി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചതായും തുടര്‍ന്ന് മാള്‍ട്ടയിലെ ഫാര്‍മ റെഗുലേറ്ററി സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനി താത്പര്യം പ്രകടിപ്പിച്ചതായും കത്തില്‍ വ്യക്തമാക്കുന്നു .
കമ്പനിയുടെ ഈ രംഗത്തെ മുന്‍കാലപരിചയത്തെ കുറിച്ചും പ്രവര്‍ത്തനങ്ങളിലെ സത്യസന്ധതയെ കുറിച്ചും വിലയിരുത്താന്‍ സഹായിക്കണമെന്നാണ് കത്തിലെ സർക്കാരിന്റെ ആവശ്യം .

അതെ സമയo കമ്പനി താത്പര്യമറിയിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് അറോറ അറിയിച്ചു. 60 ദശലക്ഷം ഡോസ് വാക്‌സിന്‍ എത്തിക്കാമെന്ന് കമ്പനി ഓഫര്‍ നല്‍കിയതായും ഇക്കാര്യം സഭയുടെ പരിഗണനയ്ക്ക് വെക്കുമെന്നും മന്ത്രി അനില്‍ വിജ് ട്വീറ്ററിൽ കുറിച്ചു .

ടെന്‍ഡര്‍ അനുവദിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ആദ്യ ബാച്ചായി അഞ്ച് ലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിന്‍ കമ്പനി വിതരണം ചെയ്യുമെന്നും തുടര്‍ന്ന് ഓരോ 20 ദിവസക്കാലയളവില്‍ പത്ത് ലക്ഷം ഡോസ് വീതം വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചതായി ഹരിയാണ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തെ വാക്‌സിന്‍ ദൗർലഭ്യത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വിതരണത്തിനുള്ള ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട് .

Leave A Reply
error: Content is protected !!