കർഷകരെ തെറിവിളിച്ച ഹരിയാന എം.എൽ.എ മാപ്പ്​ പറഞ്ഞു

കർഷകരെ തെറിവിളിച്ച ഹരിയാന എം.എൽ.എ മാപ്പ്​ പറഞ്ഞു

ഛണ്ഡീഗഢ്​: പ്രതിഷേധ റാലിക്കിടെ കർഷകരെ തെറിവിളിച്ച ഹരിയാന എം.എൽ.എ ഒടുവിൽ മാപ്പ്​ പറഞ്ഞു. ബി.ജെ.പിയുമായി സഖ്യമുള്ള ജെ.ജെ.പിയുടെ എം.എൽ.എ ദേവേന്ദ്ര സിംഗ്​ ബാബ്​ലിയാണ്​ മാപ്പ്​ പറഞ്ഞത്​. കഴിഞ്ഞ​ ചൊവ്വാഴ്​ച തോഹാന നഗരത്തിലെ കർഷക പ്രതിഷേധത്തിനിടെയാണ്​ സംഭവം.

‘ജൂൺ ഒന്നിന് നടന്ന സംഭവത്തിൽ ഞാൻ മാപ്പ്​ ചോദിക്കുന്നു. ഒരു ജനപ്രതിനിധിയെന്ന നിലയിൽ അത്തരം വാക്കുകൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലായിരുന്നു. അതിൽ ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു’ -കർഷക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ബാബ്​ലി പ്രതികരിച്ചു .

എം.എൽ.എക്കെതിരെ സമരനേതാവ്​ രാകേഷ്​ ടികായത്തിൻെറ നേതൃത്വത്തിൽ ശനിയാഴ്​ച നൂറുകണക്കിന്​ പേർ തോഹാന പൊലീസ്​ സ്​റ്റേഷനിലേക്ക്​ മാർച്ച്​ സംഘടിപ്പിച്ചിരുന്നു. അതിന്​ പിന്നാലെയാണ്​ കൂടിക്കാഴ്​ചയുണ്ടായതും മാപ്പ് ചോദിച്ചതും .

അതെ സമയം ബാബ്​ലി മാപ്പ് പറഞ്ഞില്ലെങ്കിൽ തിങ്കളാഴ്ച ഹരിയാനയിലുടനീളമുള്ള പൊലീസ് സ്റ്റേഷനുകൾ ഉപരോധിക്കുമെന്ന്​ സമരക്കാർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ക്ഷമാപണം സ്വീകരിച്ചതായി ടികായത്ത്​ അറിയിച്ചു.

എന്നാൽ തോഹാനയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എം.എൽ.എയുടെ വാഹനം തടഞ്ഞു, മർദിക്കാൻ ശ്രമിച്ചു എന്നീ കാരണങ്ങൾ പറഞ്ഞാണ്​ കേസെടുത്തിട്ടുള്ളത്​.

സംഘർഷ സമയത്ത് എം.എൽ.എ മോശം വാക്കുകൾ ഉപയോഗിച്ചെന്ന്​ കാണിച്ച്​ അടുത്ത ദിവസം കർഷകർ അദ്ദേഹത്തിൻെറ വീട്​ വളഞ്ഞിരുന്നു. ഇതിനെതിരെ കേസെടുക്കുകയും മുപ്പതോളം പ്രക്ഷോഭകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്​തിട്ടുണ്ട്​.

Leave A Reply
error: Content is protected !!