പത്തനംതിട്ട നഗരസഭയ്ക്കായി മാലിന്യ രഹിത തെരുവോരം പദ്ധതി

പത്തനംതിട്ട നഗരസഭയ്ക്കായി മാലിന്യ രഹിത തെരുവോരം പദ്ധതി

 

പത്തനംതിട്ട: നഗരസഭയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി ആരംഭിച്ച മാലിന്യ രഹിത തെരുവോരം പദ്ധതി നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭയും ഹരിത കേരളം മിഷനും ഹരിത സഹായ സ്ഥാപനമായ ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് ഏജന്‍സിയും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

നഗരസഭയുടെ 9, 10 വാര്‍ഡുകളിലായി പ്രസ് ക്ലബ് മുതല്‍ വെട്ടിപ്പുറം വരെയുള്ള റോഡിന്റെ വശങ്ങളില്‍ അമിതമായി മാലിന്യം തള്ളപ്പെട്ടിരുന്നു. സമീപത്തുള്ള വീടുകളില്‍ ഹരിത കര്‍മ്മ സേനയുടെ സേവനം ലഭ്യമാകുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നതിനു കുറവ് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ വലിയ രീതിയില്‍ മാലിന്യം കാണപ്പെട്ടിരുന്ന രണ്ടു സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ട് ആയി പരിഗണിച്ച് അവിടത്തെ മാലിന്യങ്ങള്‍ ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് എന്ന ഏജന്‍സി മുഖാന്തരം നീക്കംചെയ്ത് അവിടെ പൂന്തോട്ടം നിര്‍മ്മിച്ച് മാലിന്യ പ്രശ്‌നം പൂര്‍ണ്ണമായും ഒഴിവാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഹോട്ട്‌സ്‌പോട്ട് ആയി പരിഗണിച്ച് സ്ഥലത്ത് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് തൈ നട്ടു കൊണ്ട് പൂന്തോട്ട നിര്‍മ്മാണത്തിന് ആരംഭം കുറിച്ചു. ഇതോടൊപ്പം കാതോലിക്കറ്റ് കോളേജിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ റിംഗ് റോഡിന്റെ വശങ്ങളില്‍ അപൂര്‍വയിനം വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുന്ന പദ്ധതിക്കും തുടക്കമായി. പുത്രന്‍ ജീവ എന്ന തൈ നാട്ടുകൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ഇ വിനോദ് കുമാര്‍, കൗണ്‍സിലര്‍മാരായ പി.കെ. അനീഷ്, ആര്‍ സാബു, ഷമീര്‍ ക്രിസ്റ്റല്‍ ഗ്ലോബല്‍ ട്രേഡേഴ്‌സ് എം ഡി ക്രിസ്റ്റഫര്‍ എം കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഫിലിപ്പോസ് ഉമ്മന്‍, ബോട്ടണി വിഭാഗം എച്ച് ഓ ഡി, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply
error: Content is protected !!