ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശമേകി പോലീസ്

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശമേകി പോലീസ്

പത്തനംതിട്ട: കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വേറിട്ട മാതൃകയായി മാറുകയാണ് പത്തനംതിട്ടയിലെ സൈനികരുടെ കൂട്ടായ്മ പത്തനംതിട്ട സോള്‍ജിയേഴ്‌സ് ( തപസ്) എന്ന സന്നദ്ധസംഘടന. തപസ്വാന്തനം എന്ന് പേരിട്ട പരിപാടിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലാ പോലീസ് ഓഫീസ് വളപ്പില്‍ തുടക്കമിട്ടു.

അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഒരുമാസത്തേക്കുള്ള പലചരക്ക്, പച്ചക്കറി സാധനങ്ങളും കൂടാതെ വസ്ത്രങ്ങളും എത്തിച്ചു നല്‍കുകയാണ് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍. ഇവരുടെ സല്‍പ്രവൃത്തിക്ക് ആവേശമേകാന്‍ പോലീസും മുന്നോട്ടുവന്നു. ജില്ലയിലെ 11 അഗതിമന്ദിരങ്ങളിലേക്ക് സംഘടനയുടെ പ്രവര്‍ത്തനഫലമായി സ്വരൂപിച്ച പലവ്യഞ്ജനങ്ങളും പച്ചക്കറികളും വിതരണം ചെയ്യുന്നതിന്റെ ഫ്ളാഗ് ഓഫ് ജില്ലാ പോലീസ് ആസ്ഥാനത്ത് അഡിഷണല്‍ എസ്പി എന്‍. രാജന്‍ നിര്‍വഹിച്ചു.

അടൂര്‍, പറന്തല്‍, മിത്രപുരം, കോന്നി, അങ്ങാടിക്കല്‍, കിടങ്ങന്നൂര്‍, റാന്നി, പുല്ലാട്, കോഴഞ്ചേരി, ഓമല്ലൂര്‍ എന്നിവടങ്ങളിലെ അഗതിമന്ദിരങ്ങളിലാണ് മൂന്നു വാഹനങ്ങളിലായി സാധനങ്ങള്‍ എത്തിച്ചത്. കൂടാതെ, അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലെ 11 കുട്ടികള്‍ക്ക് പഠനാവശ്യത്തിന് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഓണക്കാലത്തെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനശേഖരത്തിനുള്ള ലക്കി ഡ്രോ ടിക്കറ്റ് പ്രകാശനവും അഡിഷണല്‍ എസ്പി നടത്തി.

രക്തത്തിന്റെ ക്ഷാമം മനസിലാക്കി കഴിഞ്ഞദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സംഘടനയിലെ അംഗങ്ങളായ 25 ഓളം സൈനികര്‍ രക്തദാനം നടത്തിയിരുന്നു. സംഘടനയുടെ ഭാരവാഹികളായ രമണി, നിതിന്‍ രാജ്, സനൂപ് നായര്‍, സരിന്‍, ശ്യാംലാല്‍, രാജ്‌മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പലചരക്ക്, പച്ചക്കറി സാധനങ്ങളും വസ്ത്രങ്ങളും എത്തിച്ചു എത്തിച്ചു നല്‍കി.

 

Leave A Reply
error: Content is protected !!