ലക്ഷദ്വീപ് വിഷയത്തിൽ കടുത്ത ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക്​ 93 മുൻ ഐ.എ​.എസ്ഉദ്യോഗസ്​ഥരുടെ കത്ത്

ലക്ഷദ്വീപ് വിഷയത്തിൽ കടുത്ത ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക്​ 93 മുൻ ഐ.എ​.എസ്ഉദ്യോഗസ്​ഥരുടെ കത്ത്

ന്യൂഡൽഹി: ലക്ഷദ്വീപിൽ നടപ്പാക്കുന്ന ഭരണ പരിഷ്ക്കാരങ്ങളിൽ കടുത്ത ആശങ്ക അറിയിച്ച്​ പ്രധാനമന്ത്രിക്ക്​ കത്തയച്ച് മുതിർന്ന ഐ.എ​.എസ്​ ഉദ്യോഗസ്​ഥർ.വികസനമെന്ന പേരിൽ നടക്കുന്നത്​ ദ്വീപ് നിവാസികൾക്ക് സമ്മർദ്ദമേകുന്ന സംഭവ വികാസങ്ങളാണെന്നും ദ്വീപുകാരുടെ പങ്കാളിത്തത്തോടെ അനുയോജ്യമായ വികസന മോഡലാണ്​ നടപ്പാക്കേണ്ടതെന്നും അവർ ആവശ്യപ്പെട്ടു.

മുൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ശിവശങ്കർ മേനോൻ, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്​ടാവ്​ ടി.കെ.എ നായർ, മുൻ ​പ്രസാർ ഭാരതി സി.ഇ.ഒ ജവഹർ സർകാർ, മുൻ ​വിദേശകാര്യ സെക്രട്ടറി സുജാത സിങ്​, മുഖ്യ വിവരാവകാശ കമീഷൻ മുൻ മേധാവി വജാഹത്​ ഹബീബുല്ല എന്നിവരുൾപെടെ 93 പേരാണ്​ കത്തിൽ ഒപ്പുവെച്ചത്​.

ചുമതലയേറ്റ ശേഷം അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ​ ഖോഡ പ​ട്ടെൽ പ്രഖ്യാപിച്ച ഗുണ്ടാനിയമം, മൃഗ സംരക്ഷണ നിയമം എന്നിവ ഉൾപെടെ മൂന്ന്​ കരട്​ നയങ്ങളും പഞ്ചായത്ത്​ നിയമഭേദഗതിയും ദ്വീപിലും രാജ്യമൊട്ടാകെയും വ്യാപകമായ ഉത്​കണ്​ഠ സൃഷ്​ടിച്ചിരിക്കുകയാണെന്ന്​ കത്തിൽ ചൂണ്ടിക്കാട്ടുന്നു .

”ദ്വീപുകാരുമായി ചർച്ച ചെയ്യാതെയാണ്​ ഈ നിയമങ്ങൾ കൊണ്ടുവന്നത്​. ഇവയിപ്പോൾ അംഗീകാരത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്​. വിഷയത്തിൽ കടുത്ത ആശങ്ക രേഖാമൂലം അറിയിക്കുകയാണെ’ന്ന്​ അവർ ചൂണ്ടിക്കാട്ടി. ഏഴു പതിറ്റാണ്ടായി ലക്ഷദ്വീപിൽ വികസനമില്ലെന്നു പറഞ്ഞ്​ ‘മാലദ്വീപ്​ മോഡൽ’ പദ്ധതികളാണ്​ ലക്ഷദ്വീപിൽ പുതിയ അഡ്​മിനിസ്​ട്രേറ്റർ പ്രഖ്യാപിച്ചിരുന്നത്​.

ഇരു ദ്വീപ്​ കൂട്ടങ്ങളും തമ്മിലെ വ്യത്യാസം കണക്കിലെടുക്കാതെയാണ്​ ഇവ നടപ്പാക്കുന്നത്​. 96.5 ശതമാനം മുസ്​ലിംകൾ വസിക്കുന്ന ദ്വീപിൽ അവരുടെ ഭക്ഷ്യരീതികളെ ലക്ഷ്യം വെക്കുന്ന നിയമങ്ങളും കൊണ്ടുവരികയാണ്​. തൊട്ടടുത്തുള്ള കേരളത്തിലോ വടക്കു കിഴക്കൻ സംസ്​ഥാനങ്ങളിലോ ഇത്തരം നിയമം പ്രാബല്യത്തിലില്ല. ജനസംഖ്യാ പ്രാതിനിധ്യം പരിഗണിച്ച്​ നടപ്പിലുണ്ടായിരുന്ന മദ്യ വിലക്ക്​ എടുത്തുകളഞ്ഞിരിക്കുന്നു. ബീഫ് നിരോധനവും മദ്യത്തിന്​ വിലക്ക്​ നീക്കലും ചേരുമ്പോൾ മുസ്​ലിം വിരുദ്ധ നിലപാട്​ സ്വാഭാവികമായും സംശയിക്കണമെന്നും കത്തിൽ പരാമർശിക്കുന്നു .

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപെടുത്തുന്നതുൾപെടെ വിഷയങ്ങൾ വികസനത്തെക്കാൾ ഏകപക്ഷീയ തീരുമാനങ്ങളെയാണ്​ വ്യക്​തമാക്കുന്നതെന്നും അതിനാൽ എല്ലാ തീരുമാനങ്ങളും അടിയന്തരമായി പിൻവലിക്കണമെന്നും പൂർണ സമയം ദ്വീപിലുണ്ടാകുന്ന ഒരു അഡ്​മിനിസ്​ട്രേറ്ററെ പകരം ലക്ഷദ്വീപിൽ നിയമിക്കണമെന്നും കത്തിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!