പാലക്കാട് ജില്ലയിലെ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശങ്ങളുമായി ജനപ്രതിനിധികള്‍

പാലക്കാട് ജില്ലയിലെ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശങ്ങളുമായി ജനപ്രതിനിധികള്‍

പാലക്കാട്:  ജില്ലയ്ക്ക് അനുവദിക്കുന്ന വാക്സിന്‍ വിഹിതം വര്‍ധിപ്പിക്കണമെന്നും ഇത് സംബന്ധിച്ച് വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയോട് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന കോവിഡ് പ്രതിരോധ അവലോകന യോഗത്തിലാണ് ആവശ്യമുയർന്നത്.

കോവിഡ് മൂന്നാം തരംഗത്തെ മുന്നില്‍കണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള തുടര്‍ വിവരങ്ങളുടെ ആശയ വിനിയമം ഉറപ്പാക്കുക, ഡി.സി.സി, സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സികള്‍ കൂടുതല്‍ ആരംഭിക്കുക, പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുക, ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കുക, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍ന്മാരെ നിയോഗിക്കുക, ആദിവാസി മേഖലകളില്‍ ത്വരിതഗതിയിലുള്ള സമ്പൂര്‍ണ വാക്സിനേഷന്‍, ബ്ലാക്ക് ഫംഗസ് രോഗികള്‍ക്ക് മരുന്നു ലഭ്യമാക്കുക, നെല്ലിയാമ്പതിയില്‍ പ്രത്യേക വാക്‌സിനേഷന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.

കൂടാതെ, കാര്‍ഷിക മേഖലയില്‍ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ചില ഇളവുകള്‍ നല്‍കാനും കോവിഡ് ഇതരരോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാനും ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ഉടനെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. യോഗത്തില്‍ ഉന്നയിക്കപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടറും ഗൗരവ സ്വാഭാവമുള്ളവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും യോഗത്തില്‍ അറിയിച്ചു. യോഗത്തിലെ നിര്‍ദേശങ്ങളും അടിയന്തിര ആവശ്യങ്ങളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എ മാരായ കെ.ഡി.പ്രസേനന്‍, കെ.ബാബു, അഡ്വ.കെ.ശാന്തകുമാരി, ഷാഫി പറമ്പില്‍, പി.മമ്മിക്കുട്ടി, പ്രേംകുമാര്‍, പി.പി സുമോദ്, എ.പ്രഭാകരന്‍, സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രതിനിധി പി.ആര്‍ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ്, ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, അസി. കലക്ടര്‍ അശ്വതി ശ്രീനിവാസ്, എ.ഡി.എം എന്‍. എം മെഹറലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറസ് മുഖേന രമ്യ ഹരിദാസ് എം.പി, മുഹ്മദ് മുഹ്സിന്‍ എം.എല്‍.എ എന്നിവരും പങ്കെടുത്തു.

Leave A Reply
error: Content is protected !!