ആദിവാസി വിഭാഗത്തിന് മുന്‍ഗണനാക്രമമില്ലാതെ വാക്‌സിനേഷന്‍: മന്ത്രി വീണാ ജോര്‍ജ്

ആദിവാസി വിഭാഗത്തിന് മുന്‍ഗണനാക്രമമില്ലാതെ വാക്‌സിനേഷന്‍: മന്ത്രി വീണാ ജോര്‍ജ്

പാലക്കാട്‌: ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ആദിവാസി മേഖല കൂടുതലുള്ളതിനാലും പാലക്കാട് ജില്ല കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷതയില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത കോവിഡ് പ്രതിരോധ അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുകയായിരുന്നു മന്ത്രി.

ആദിവാസി വിഭാഗത്തില്‍ 18 മുതല്‍ 44 വയസ് വരെ മുന്‍ഗണനാക്രമമില്ലാതെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നടത്തും. ജില്ലയില്‍ ആദിവാസി മേഖലകളില്‍ ജൂണ്‍ നാല് വരെ 18-44 പ്രായപരിധിയിലുള്ള 1389 പേരും 45 വയസിന് മുകളില്‍ 11330 പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാമെന്നും ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. 45 വയസിന് മുകളിലുള്ള പ്രവാസികള്‍ക്ക് സ്‌പോട്ട് രജിസ്ട്രേഷന്‍ ചെയ്ത് വാക്‌സിന്‍ എടുക്കാം.

18-44 പ്രായപരിധിയിലുള്ളവരില്‍ വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന ലഭിക്കും. പ്രവാസികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നാല് ആഴ്ചയ്ക്കു ശേഷം എടുക്കാം.ഇതിന് സംസ്ഥാന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇലക്ട്രിസിറ്റി ലൈന്‍മാന്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍, ഗ്യാസ് സിലിണ്ടര്‍ വിതരണക്കാര്‍ എന്നിവരെ വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Leave A Reply
error: Content is protected !!