എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

ആലപ്പുഴ: വിഷരഹിതമായ പച്ചക്കറി നമ്മുടെ അവകാശമാണെന്ന തീരുമാനം കൈക്കൊണ്ടാൽ കാർഷികമേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദ് പറഞ്ഞു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോൾട്ടി കൾച്ചർ മിഷനും വെജിറ്റബിൾ-ഫ്രൂട്ട് പ്രമോഷൻ കൗൺസിലും മലയാള മനോരമയും സംയുക്തമായി നടപ്പാക്കുന്ന ‘എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചേർത്തല എൻ.എസ്.എസ്. യൂണിയൻ ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

നല്ല പച്ചക്കറിയുടെയും പോഷക സമൃദ്ധമായ ഭക്ഷണത്തിന്റെയും കാര്യത്തിൽ നാം ഏറെ പിന്നിലാണ്. ഈ പോരായ്മ വലിയ വിടവു തന്നെയാണ്. ഇതു പരിഹരിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ പരമപ്രധാന ലക്ഷ്യം. വിഷം നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നും മലയാളികളെ മാറ്റേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

ഇതിന് ശക്തമായ ഇടപെടൽ തീർക്കേണ്ടതുണ്ട്.  ഈ ഇടപെടലുകൾക്ക് ആവശ്യമായ പ്രവർത്തനങ്ങളിലേക്ക് എല്ലാവരും മുന്നോട്ട് വരണം. വിഷരഹിതമായ പച്ചക്കറി മാത്രമേ കഴിക്കൂ എന്ന തീരുമാനം നാമോരോരുത്തരുടെയും ചിന്തയും ബോധ്യവുമാകണം.  അതിനായി നടപ്പാക്കുന്ന ഓരോ പദ്ധതിയും എല്ലാവരുടെയും മനസിൽ ഉണ്ടാവണം. മനസിൽ ഉണ്ടായാൽ മാത്രമേ മണ്ണിൽ പ്രാവർത്തികമാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ഈ അഞ്ചു വർഷക്കാലം കൊണ്ട് സാധിക്കും. ബജറ്റിലെ സ്മാർട്ട് കൃഷിഭവൻ പദ്ധതിയിൽ ജില്ലയിലെ കൃഷിഭവനുകൾക്ക് വലിയ മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. വരുന്ന അഞ്ച് വർഷക്കാലം സമസ്ത മേഖലയേയും സ്പർശിക്കുന്ന വലിയ വികസന മുന്നേറ്റം ഉണ്ടാകും. കാർഷിക മേഖലയിൽ അത്ഭുതകരമായ മുന്നേറ്റം കാഴ്ചവച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ചുവർഷം. പച്ചക്കറിയിലെന്ന പോലെ മുട്ട, പാൽ എന്നിവയിൽ കൂടി സ്വയം പര്യാപ്തത കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ എല്ലാ വീട്ടിലും പോഷക തോട്ടം എന്ന പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറി കൃഷിക്ക് പ്രാധാന്യം നൽകുന്ന 25,000 പോഷക തോട്ടങ്ങളും ഇതോടനുബന്ധിച്ച് ചെറുകിട കൂൺ കൃഷി യൂണിറ്റുകളും പദ്ധതിയിലൂടെ നടപ്പാക്കും. കൃഷിവകുപ്പിന് കീഴിലുള്ള സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും മാധ്യമ പങ്കാളിയായ മലയാള മനോരമയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

അഡ്വ. എ.എം ആരിഫ് എം.പി., ചേർത്തല നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. സഫീന, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ സുജ ഈപ്പൻ, ചേർത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.സി. ഷീന, വി.എഫ്.പി.സി.കെ. സി.ഇ.ഒ. ശിവരാമകൃഷ്ണൻ, മലയാള മനോരമ വാരിക എഡിറ്റർ ഇൻ ചീഫ് കെ.എ. ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!