ഡല്‍ഹി ആശുപത്രിയില്‍ മലയാളത്തിന് വിലക്ക് ; ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാം ; നിര്‍ദേശം ലംഘിച്ചാല്‍ നടപടി

ഡല്‍ഹി ആശുപത്രിയില്‍ മലയാളത്തിന് വിലക്ക് ; ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാം ; നിര്‍ദേശം ലംഘിച്ചാല്‍ നടപടി

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തി ഡല്‍ഹിയിലെ ആശുപത്രി. രാജ്ഘട്ട് ജവാഹര്‍ലാല്‍ നെഹ്റു മാര്‍ഗിലെ ജി.ബി. പന്ത് ആശുപത്രിയിലാണു നഴ്സിങ് ഓഫിസര്‍മാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി നഴ്സിങ് സൂപ്രണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് .ഇതേ തുടർന്ന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, ജയ്‌റാം രമേശ്, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഗോവിന്ദ് വല്ലഭ് പന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ നിരവധി മലയാളി നഴ്സുമാരാണ് ജോലി ചെയ്യുന്നത് . ഇവര്‍ തമ്മില്‍ പലപ്പോഴും ആശയവിനിമയം നടത്തുന്നത് മലയാളത്തിലുമാണ്.

മലയാളത്തിലുള്ള ആശയവിനിമയത്തെപ്പറ്റി പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നഴ്സിങ് സൂപ്രണ്ടിന്റെ സര്‍ക്കുലര്‍. ജോലിസ്ഥലത്തു മലയാളം കേള്‍ക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമാണ് നിര്‍ദേശം.

നിര്‍ദേശം ലംഘിച്ചാല്‍ ജീവനക്കാർ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. അതെ സമയം ലക്ഷക്കണക്കിനു മലയാളികള്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യതലസ്ഥാന നഗരത്തിലെ ആശുപത്രിയില്‍ ആശയ വിനിമയത്തിന് വിലക്ക് നേരിടേണ്ടിവരുന്നത് വിചിത്രമാണെന്ന് നഴ്സുമാര്‍ വെളിപ്പെടുത്തുന്നു .

Leave A Reply
error: Content is protected !!