50 കോടി നീക്കിവച്ചു മീൻപിടിപ്പാറ ടുറിസം വികസനത്തിന്റെ പടവുകൾ കയറുവാനൊരുങ്ങുന്നു

50 കോടി നീക്കിവച്ചു മീൻപിടിപ്പാറ ടുറിസം വികസനത്തിന്റെ പടവുകൾ കയറുവാനൊരുങ്ങുന്നു

സംസ്ഥാന ബഡ്ജറ്റില്‍ ഇടംപിടിച്ചതോടെ കൊട്ടാരക്കര മീന്‍പിടിപ്പാറ ടൂറിസം പദ്ധതി ഇനി വളരും. അഷ്ടമുടിക്കായല്‍, മണ്‍റോത്തുരുത്ത്, മുട്ടറ മരുതിമല, ജടായുപാറ, തെന്മല, അച്ചന്‍കോവില്‍ എന്നിവയ്ക്കൊപ്പം മീന്‍പിടിപ്പാറയെ ബന്ധിപ്പിച്ചാണ് ബയോ ഡൈവേഴ്സിറ്റി ടൂറിസം സര്‍ക്യൂട്ട് തുടങ്ങുന്നത്.

ഇതിനായി 50 കോടി രൂപയാണ് ബഡ്ജറ്റില്‍ നീക്കിവച്ചത്. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ബഡ്ജറ്റില്‍ കൊട്ടാരക്കരയ്ക്ക് വേണ്ടി കരുതിവച്ചത് ടൂറിസം സാദ്ധ്യതകളാണെന്ന് അധികമാരും കരുതിയിരുന്നില്ല. എം.സി റോഡും കൊല്ലം-തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന സ്ഥലമെന്ന നിലയില്‍ ഇതില്‍ മീന്‍പിടിപ്പാറയ്ക്ക് വലിയ പ്രാധാന്യം ലഭിക്കും.
ടൂറിസം പദ്ധതിയുടെ ഭാഗമായിത്തന്നെ കൊട്ടാരക്കര പുലമണ്‍ തോടും നവീകരിച്ച്‌ ബോട്ടിംഗ് ഉള്‍പ്പടെ നടത്താമെന്ന ആലോചനയുമുണ്ട്. ടൂറിസം മേഖലയുമായി ഇത്രകാലവും അകന്നുനിന്നിരുന്ന കൊട്ടാരക്കര സംസ്ഥാന ടൂറിസം ഭൂപടത്തില്‍ ഇടംനേടിയിരിക്കുകയാണ്.

പ്രകൃതിയുടെ സൗന്ദര്യക്കാഴ്ച

പാറക്കെട്ടുകളില്‍ തട്ടിച്ചിതറിയൊഴുകുന്ന വെള്ളമാണ് മീന്‍പിടിപ്പാറയുടെ പ്രകൃതിയൊരുക്കിയ സൗന്ദര്യക്കാഴ്ച. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊട്ടാരക്കര മീന്‍പിടിപ്പാറ ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമര്‍പ്പിച്ചത്. കൊട്ടാരക്കര എസ്.ജി കോളേജിന് പിന്നിലായാണ് പ്രകൃതിയുടെ സൗന്ദര്യക്കാഴ്ചകളുള്ള മീന്‍പിടിപ്പാറ. ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി ആദ്യഘട്ടത്തില്‍ 46 ലക്ഷം രൂപ ഉപയോഗിച്ച്‌ സംരക്ഷണ ഭിത്തികളുടെയും മറ്റും നിര്‍മ്മാണം നടത്തി. രണ്ടാംഘട്ടത്തില്‍ 1.47കോടി രൂപ അനുവദിച്ച്‌ പദ്ധതി പൂര്‍ത്തിയാക്കുകയായിരുന്നു. കൊട്ടാരക്കര പട്ടണത്തിന്റെ തൊട്ടരികിലാണ് മീന്‍പിടിപ്പാറ സ്ഥിതി ചെയ്യുന്നത്.

സുരക്ഷാ സംവിധാനങ്ങള്‍ വേണം

പുലമണ്‍ തോടിന്റെ ഉത്ഭവ സ്ഥാനമാണിവിടം. സഞ്ചാരികള്‍ക്ക് വെള്ളത്തില്‍ ഇറങ്ങി കുളിക്കാനും നീന്താനും സൗകര്യമുണ്ട്. സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ടൂറിസം സാദ്ധ്യതകള്‍ കണ്ടുകൊണ്ടുള്ള വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. ഈ പെരുമഴക്കാലത്ത് മീന്‍പിടിപ്പാറയില്‍ വലിയ തോതില്‍ വെള്ളമെത്തിയത് ദോഷകരമായിരുന്നു. ആ നിലയില്‍ വെള്ളം കൂടാനുള്ള സാദ്ധ്യതകള്‍ മുന്നില്‍ക്കണ്ട് ഒട്ടേറെ സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കേണ്ടതുണ്ട്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുംവിധം പുതിയ സംവിധാനങ്ങളുമെത്തിക്കണം. ബയോ ഡൈവേഴ്സിറ്റി ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെട്ടതോടെ കൂടുതല്‍ സംവിധാനങ്ങളെത്തുമെന്നാണ് പ്രതീക്ഷ.

Leave A Reply
error: Content is protected !!