ബാലകൃഷ്ണപിള്ളയ്ക്ക് പ്രതിമ പ്രായചിത്തത്തിന്റ പേരിലോ ?

ബാലകൃഷ്ണപിള്ളയ്ക്ക് പ്രതിമ പ്രായചിത്തത്തിന്റ പേരിലോ ?

കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങൾ തുറന്നു നോക്കിയാൽ കാണുന്ന ചർച്ചകളെല്ലാം ധനകാര്യ മന്ത്രി അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ ബജറ്റും അതിലെ സ്മാരക പ്രതിമകളുമാണ് . ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ കന്നി ബജറ്റിൽ തന്നെ അന്തരിച്ച കെ ആർ ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണ പിള്ളക്കും സ്മാരക പ്രതിമ പണിയാൻ രണ്ട് കോടി വീതം നാല് കോടി അനുവദിച്ചു .

കെ ആർ ഗൗരിയമ്മയ്ക്ക് സ്മാരകം വേണം . എന്തുകൊണ്ടും അവർക്ക് അതിന് യോഗ്യതയുണ്ട്. വരും തലമുറക്ക് അവരുടെ ജന സേവനം പാഠ്യ വിഷയമാക്കാൻ പറ്റുമെങ്കിൽ അത് ആലോചിക്കണം . രണ്ടാമത് ആർ ബാലകൃഷ്ണപിള്ള .

ബാല കൃഷ്ണ പിള്ളയുടെ യോഗ്യത എന്താണ് ? മുൻ മന്ത്രിയും എം എൽ എ യും ആയിരുന്നു . അങ്ങനെയെങ്കിൽ മുൻ മന്ത്രിമാരുടെ എല്ലാം പ്രതിമകൾ കേരളത്തിലെമ്പാടും അവരവരുടെ നാടുകളിൽ സ്ഥാപിക്കണ്ടേ ?

അതിനെല്ലാം രണ്ടു കോടി വീതം അനുവദിക്കണം . അവരെ എന്തിനാ മാറ്റി നിറുത്തുന്നെ ? ഇനി ബാലകൃഷ്ണപിള്ളയുടെ പ്രതിമ പണിയാൻ അത്ര നിർബന്ധമാണെങ്കിൽ അദ്ദേഹത്തിൻറെ കുടുംബക്കാർക്ക് പണിയാൻ പറ്റും .

അതിന് ആരുടെ മുന്നിലും കൈനീട്ടേണ്ട ആവശ്യമില്ല , ബാലകൃഷ്ണപിള്ള തന്നെ അതിന് സമ്പാദിച്ചു കൂട്ടിയിട്ടുണ്ട് . ഇനി അതുമല്ലെങ്കിൽ എൻ എസ് എസ് ഒരു പൂർണ്ണകായ പ്രതിമ ചങ്ങനാശ്ശേരിയിലും വാളകത്തും കൊട്ടാരക്കരയിലുമൊക്കെ സ്ഥാപിച്ചോട്ടെ . ആരും തർക്കം പറയില്ല .

കാക്കക്കും പക്ഷിക്കും കാഷ്ഠിക്കാനും പട്ടികൾക്ക് മൂത്രമൊഴിക്കാനും ജനങ്ങളുടെ നികുതി പണമെടുത്ത് പ്രതിമ പണിയണോ ? സംസ്ഥാനം കടക്കെണിയിലാണെന്ന് ധനകാര്യ മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നു . ഇവിടെ ജനങ്ങൾ ജോലിയും തൊഴിലുമില്ലാതെ പട്ടിണിയിൽ നിന്നും പട്ടിണിയിലേക്ക് പോകുന്നു .

വാക്സിൻ നൽകാൻ 20,000 കോടി കടമെടുക്കുന്നു . ഇങ്ങനെ സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് ആർക്കും ഒരു പ്രയോചനവുമില്ലാതെ പ്രതിമ സ്ഥാപിക്കാൻ പൊതു ഖജനാവിൽ നിന്നും പണം കൊടുക്കുന്നത് .

ഇനി പിള്ളയുടെ കുടുംബത്തിന് വേണമെങ്കിൽ എവിടെ വേണമെങ്കിലും എത്ര വേണമെങ്കിലും അതായത് വാളകത്തും കൊട്ടാരക്കരയിലും പത്തനാപുരത്തും പുനലൂരും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രതിമ സ്ഥാപിക്കാം .

ബാലകൃഷ്ണപിള്ളയെയും കുടുംബത്തെയും അങ്ങനെ രണ്ട് കൊടിയൊക്കെ കൊടുത്ത് കൊച്ചാക്കി കാണിക്കരുത്. പിള്ളയുടെ സ്വത്ത് എന്താണെന്നാ നിങ്ങളുടെയൊക്കെ വിചാരം ? കൊട്ടാരക്കരക്കാർ പറഞ്ഞു കേൾക്കുന്ന ചില സ്വത്തുക്കളുടെ കാര്യം പറയാം .

MC റോഡിൽ ആയൂരിൽ 15 ഏക്കർ , വാളകം പാനൂർകോണത്ത് 5 ഏക്കർ , വാളകത്ത് സ്കൂളുകളും 5 ഏക്കറും ,
പൊലിക്കോട്ട് 2.5 ഏക്കർ , കൊട്ടാരക്കരയിൽ 15 സെണ്ടും വീടും ,12 ന്റും പാർട്ടി ഓഫീസും ,
ആകെ 27 ഏക്കറും 77 സെൻറും!! കൂടാതെ ഇടമുളയ്ക്കൽ ഒരു സ്കൂൾ നിൽക്കുന്ന സ്ഥലവും ശ്രീ ബാലകൃഷ്ണപിള്ളയുടെ പേരിലായിരുന്നു ഇത്രയും എന്നാണ് പത്രവാർത്തയിൽ കണ്ടത് .

പിന്നെ മകൻ സിനിമാ നടനും എം എൽ എ യു മുൻ മന്ത്രിയും , മരുമക്കൾ രണ്ട് പേരും ഉന്നത ഐഎഎസ് കാർ . ഇത്രയുമുള്ളയാൾക്ക് സ്മാരകം പണിയാൻ വേണ്ടിയാണ് പൊതു ഖജനാവിൽ നിന്ന് 2 കോടി രൂപ നൽകുന്നത്. പക്ഷേ വാക്സിൻ ചലഞ്ചിലേക്ക് പിള്ളയുടെ കുടുംബം എത്ര ആടിനെ വിറ്റ പണം നൽകി എന്ന് ആരും ചോദിക്കരുത്.

അതൊക്കെ സാധാരണക്കാർക്ക് പറഞ്ഞിട്ടുള്ളതാണ്. കേരളത്തിലേ അറിയപെടുന്ന ജന്മിയാണ് പിള്ള. അദ്ദേഹത്തിന് സ്മാരകം പണിയേണ്ടത് പാവപ്പെട്ടവൻ്റെ നികുതി പണം കൊണ്ടല്ല. അദ്ദേഹം മരിക്കുന്നതിന് മുമ്പ് കുറെയേറെ സ്വത്തുക്കൾ എഴുതി വെച്ചത് പാർട്ടിയ്ക്ക് വേണ്ടിയാണ്. എന്താ അതിൽ നിന്ന് എടുത്ത് സ്മാരകം പണിതാൽ പോരെ .

പക്ഷേ നാട്ടുകാർക്ക് പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരമായിരം എന്നൊക്കെ പാടി തന്നിരുന്ന സഖാക്കൾക്ക് ഇതൊക്കെ ന്യായീകരിക്കാൻ എങ്ങനെ കഴിയും ? പിന്നെ ഇദ്ദേഹത്തിന്റെ ധീരത കേരളം മറക്കില്ല . ഒട്ടേറെ സംഭവങ്ങളല്ലേ ഓർത്തു വയ്ക്കാനുള്ളത് .

ഇടമലയാർ കേസും ഗ്രാഫൈറ്റ് കേസും ആദ്യമായി ഒരു മുൻ മന്ത്രി അഴിമതി കുറ്റത്തിൽ ജയിൽ വാസം അനുഷ്ഠിച്ചതും , കൂറുമാറ്റത്തിന് എം എൽ എ സ്ഥാനം പോയതും , പഞ്ചാബ് മോഡൽ പ്രസംഗത്തിന് മന്ത്രിസ്ഥാനം പോയതുമൊക്കെ കേരള ജനതക്ക് മറക്കാൻ പറ്റുമോ ?

ഇതൊക്കെ ഓർത്തിരിക്കാനായിരിക്കും പ്രതിമ പണിയുന്നത് . അത് നല്ലതാ ഈ പ്രതിമ കാണുമ്പോൾ ഇതൊക്കെ ഓർക്കുമല്ലോ ? ഇനി അതുമല്ല സ്മരണ വേണമെങ്കിൽ അദ്ദേഹത്തിൻറെ പേരിട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഈ രണ്ടു കോടി ചിലവാക്കി കെട്ടിടം പണിയുക .

അല്ലെങ്കിൽ ഗവർമെന്റ് സ്കൂളിൽ കെട്ടിടം പണിയുക അങ്ങനെ ജനത്തിന് ഗുണമുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യ് . പിന്നെ ഈ പണം ബജറ്റിൽ ഉൾക്കൊള്ളിച്ചു അനുവദിച്ച ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്‌ അദ്ദേഹത്തോട് നന്ദികാണിക്കാൻ ഇതല്ലാതെ വേറെ ഒന്നും കണ്ടില്ല അല്ലെ .

കാരണം ഇദ്ദേഹത്തിന്റെ പിൻഗാമിയല്ലേ . ധനകാര്യ മന്ത്രി മറന്നുപോയെങ്കിൽ ഒരു കാര്യം ഓർമ്മിപ്പിക്കാം . ഇടമലയാർ കേസിൽ കോടതി ശിക്ഷിച്ചു തിരുവനന്തപുരം സെൻട്രൽ ജയിലിൽ കിടന്നപ്പോൾ കൊട്ടാരക്കരയിൽ ഇടതുപക്ഷ യുവജന സംഘടകൾ പുലമൺ ജഗ്‌ഷനിൽ കുടിലുകെട്ടി 24 മണിക്കൂർ ആത്മാഭിമാന സംഘമം നടത്തിയിരുന്നു .

അന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്നു സഖാവ് കെ എൻ ബാലഗോപാൽ . ആ ആത്മാഭിമാന സംഗമം ഉദ്‌ഘാടനം ചെയ്തത് നിങ്ങളായിരുന്നു . അന്ന് നിങ്ങൾ പ്രസംഗിച്ചത് അഴിമതി വീരനായ ബാലകൃഷ്ണപിള്ളയെ ജീവിത കാലം മുഴുവൻ ജയിലിലടക്കണമെന്നായിരുന്നു . നിങ്ങൾ അത് മറന്നുപോയിക്കാനും . നിങ്ങൾ മറന്നാലും കൊട്ടാരക്കരക്കാർ മറക്കില്ല .

ആ നിങ്ങൾ തന്നെ പ്രതിമ പണിയാൻ തുക അനുവദിച്ചത് പ്രായശ്ചിത്തം കൊണ്ടാണോ യെന്നാണ് കൊട്ടാരക്കരക്കാർ ചോദിക്കുന്നത് .

Leave A Reply
error: Content is protected !!