കോഴിക്കോട് നിന്ന് മോഷ്‍ടിച്ച സ്വകാര്യ ബസുമായി കടന്നയാളെ കുമരകത്ത് പിടികൂടി

കോഴിക്കോട് നിന്ന് മോഷ്‍ടിച്ച സ്വകാര്യ ബസുമായി കടന്നയാളെ കുമരകത്ത് പിടികൂടി

കോഴിക്കോട്: കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ചു കടന്നുകളഞ്ഞയാളെ കുമരകത്ത് വെച്ച് പൊലീസ് പിടികൂടി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ചിറക്കൊല്ലിനീട്ടൽ ബിനൂപ് (30) ആണു പിടിയിലായത്.

ലോക്ക് ഡൌണിനിടെ മോഷ്‍ടിച്ച സ്വകാര്യ ബസുമായി ഇയാൾ നാലോളം ജില്ലകളാണ് കടന്നു പോയത്. കോഴിക്കോട് ജില്ലയിൽ നിന്ന് മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളും കടന്നു വൈക്കം വഴിയാണ് ബസുമായി യുവാവ് കുമരകത്ത് എത്തിയത്.

ശനിയാഴ്‍ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ലോക്ക് ഡൗണിനെ തുടർന്ന് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്. കുമരകം പൊലീസ് ബസ് പിടികൂടിയ ശേഷം വിളിക്കുമ്പോഴാണ് മോഷണംപോയ വിവരം ഉടമ അറിയുന്നത്.

കുമരകം കവണാറ്റിൻകരയിലെ പൊലീസ് ചെക്ക്പോസ്റ്റിൽ ഞായറാഴ്‍ച രാവിലെ അഞ്ചിനാണ് ബസുമായി യുവാവ് പിടിയിലാകുന്നത്. ലോക്‌ഡൗൺ പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിലും മൂന്ന് ജില്ലകൾ കടന്നാണ് ബസ് കുമരകത്ത് എത്തിച്ചത്.

കുമരകം കവണാറ്റിൻകരയിൽ പൊലീസ് തടഞ്ഞപ്പോൾ റാന്നിയിൽ നിന്നും അതിഥിത്തൊഴിലാളികളെ കൊണ്ടുവരാൻ പോകുന്നുവെന്നാണു യുവാവ് പറഞ്ഞത്. മറ്റ് ചെക്ക് പോയിന്റുകളിലും ഇയാൾ ഇതു തന്നെയാണ് പറഞ്ഞിരുന്നത്.  എന്നാല്‍ യാത്രാ രേഖകള്‍ ഇല്ലാതിരുന്നതോടെ കുമരകം പൊലീസിന് സംശയമായി. കുറ്റ്യാടിയിൽ നിന്നാണു വരുന്നതെന്ന് പറഞ്ഞപ്പോൾ അവിടത്തെ പൊലീസുമായി കുമരകം പൊലീസ് ബന്ധപ്പെട്ടു. അപ്പോഴാണ് ബസ് മോഷണം പോയതാണെന്ന് അറിയുന്നത്. ഇതോടെ യുവാവിനെ പിടികൂടുകയായിരുന്നു.

കോഴിക്കോട് റൂറൽ, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ ടിപ്പർ, ബാറ്ററി തുടങ്ങിയവ മോഷ്‍ടിച്ചതിന് കേസുകളുണ്ടെന്നും ബസ് പൊളിച്ചു വിൽക്കുകകയാകും ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. കോവിഡ് നിയന്ത്രണം ലംഘിച്ചതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave A Reply
error: Content is protected !!