മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി സ്വയം ത്യജിക്കാന്‍ സന്നദ്ധരായ അമ്മമാരായി എല്ലാവര്‍ക്കും മാറാം; മാതൃദിനാശംസകളുമായി മുഖ്യമന്ത്രി

മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി സ്വയം ത്യജിക്കാന്‍ സന്നദ്ധരായ അമ്മമാരായി എല്ലാവര്‍ക്കും മാറാം; മാതൃദിനാശംസകളുമായി മുഖ്യമന്ത്രി

മാതൃദിനത്തില്‍ മലയാളികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി സ്വയം ത്യജിക്കാന്‍ സന്നദ്ധരായ അമ്മമാരായി എല്ലാവര്‍ക്കും മാറാമെന്നും ഈ മാതൃദിനത്തില്‍, വീടിന്റെ മതില്‍ക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേയ്ക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാമെന്ന നല്ല സന്ദേശമാണ് മുഖ്യമന്ത്രി പങ്കുവയ്ക്കുന്നത്.

ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ നേർന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം ചെയ്യേണ്ടവള്‍ എന്നതാണ് അമ്മയെക്കുറിച്ച്‌ സമൂഹം പേറുന്ന പൊതുസങ്കല്‍പം. ജന്മിത്വ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന പുരുഷാധികാര സമൂഹമാണ് നമ്മുടേത്. ലിംഗപരമായ അസമത്വത്തെ ചൂഷണം ചെയ്തു ലാഭം കൊയ്യുന്ന മുതലാളിത്തമാണ് ഇവിടുള്ളത്. ഇവ തീര്‍ക്കുന്ന യാഥാസ്ഥിതികമായ മൂല്യബോധങ്ങളില്‍ നിന്നാണ് മേല്‍പറഞ്ഞ മാതൃ സങ്കല്‍പം ഉരുത്തിരിയുന്നത്.

നമ്മെ നയിക്കുന്ന നീതിശൂന്യമായ ബോധത്തെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വന്തം കാഴ്ചപ്പാടുകളേയും ശീലങ്ങളേയും തിരുത്തുക എന്നത് അത്യധികം ശ്രമകരമായ കാര്യമാണ്. ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെ ഉദാത്ത കാഴ്ചപ്പാടുകള്‍ സ്വജീവിതങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനം പ്രധാന ഉത്തരവാദിത്വമായി നമുക്ക് ഏറ്റെടുക്കാം.

ഈ മാതൃദിനത്തില്‍, വീടിന്റെ മതില്‍ക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേയ്ക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാം. മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി സ്വയം ത്യജിക്കാന്‍ സന്നദ്ധരായ അമ്മമാരായി എല്ലാവര്‍ക്കും മാറാം. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയെ മറികടന്ന് നവകേരളത്തിലേയ്ക്ക് മുന്നേറാന്‍ ആ ത്യാഗസന്നദ്ധത നമുക്ക് ഊര്‍ജ്ജമാകട്ടെ. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം മാതൃദിന ആശംസകള്‍ നേരുന്നു.

Leave A Reply
error: Content is protected !!