ചെൽസി വിജയം അർഹിച്ചിരുന്നു : സിദാൻ

ചെൽസി വിജയം അർഹിച്ചിരുന്നു : സിദാൻ

റയൽമാഡ്രിഡിനെതീരായ ചാമ്പ്യൻസ് ലീഗ് സെമി‌ഫൈനൽ പോരാട്ടത്തിൽ ചെൽസി മികച്ചു നിന്നെന്നും, അവർ തീർച്ചയായും വിജയം അർഹിച്ചിരുന്നുവെന്നും റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ ചെൽസിയോട് പരാജയപ്പെട്ട് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് പ്രവേശിക്കുന്നതിൽ പരാജയപ്പെട്ടതിന് ശേഷം ആർ എം സി‌ സ്പോർടിനോട് സംസാരിക്കവെയായിരുന്നു ചെൽസി മത്സരത്തിൽ വിജയം അർഹിച്ചിരുന്നുവെന്ന് സിദാൻ തുറന്ന് സമ്മതിച്ചത്.

തങ്ങൾക്കെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ ചെൽസി പതിവു നിലവാരത്തിലും ഉയർന്ന് നിന്നെന്ന് അഭിപ്രായപ്പെടുന്ന ‌സിദാൻ, സെമി‌ഫൈനലിന്റെ ഇരുപാദങ്ങളും നോക്കുമ്പോൾ അവർ ഫൈനലിലേക്ക് യോഗ്യത അർഹിച്ചിരുന്നുവെന്ന് മനസിലാകുമെന്നും ചൂണ്ടിക്കാട്ടി. ഇത് വളരെ ഉയർന്ന തലത്തിലുള്ള മത്സരമാണെന്നും ഇന്നത്തെ മത്സരത്തിൽ തങ്ങൾക്ക് ചില കാര്യങ്ങൾ കൈമോശം വന്നതായും സംസാരത്തിനിടെ സിദാൻ കൂട്ടിച്ചേർത്തു.

എന്നാൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് പ്രവേശിക്കാൻ റയലിന് സാധിച്ചില്ലെങ്കിലും തന്റെ കളികാരെ പ്രശംസിക്കാൻ സിദാൻ മറന്നില്ല. “എന്റെ കളികാരെക്കുറിച്ചോർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു.‌ പല ബുദ്ധിമുട്ടുകളും നേരിട്ടാണ് അവർ ഇവിടെയെത്തിയത്.‌ അതിന് അവരെ അഭിനന്ദിക്കണം. ഫൈനലിൽ നിന്ന് ഒരു മത്സരം മാത്രം അകലെയായിരുന്നു ഞങ്ങൾ. എന്നാൽ ഇന്ന് രാത്രി അവർ (ചെൽസി) കൂടുതൽ മികച്ചു നിന്നു.” സിദാൻ പറഞ്ഞു നിർത്തി.

Leave A Reply
error: Content is protected !!