കാടിളക്കി വ്യാജ പ്രചരണം ; ബംഗാളിൽ തൃണമൂൽ വിജയത്തിന് പിറകെ വർഗീയ ആക്രമണ ആരോപണവുമായി ബി.ജെ.പി

കാടിളക്കി വ്യാജ പ്രചരണം ; ബംഗാളിൽ തൃണമൂൽ വിജയത്തിന് പിറകെ വർഗീയ ആക്രമണ ആരോപണവുമായി ബി.ജെ.പി

കൊൽക്കത്ത: കഠിന പരിശ്രമങ്ങളിലൂടെ ബംഗാൾ കീഴടക്കാൻ ശ്രമിച്ചിട്ടും തൃണമൂലിന് മുന്നിൽ തകർന്നടിഞ്ഞ ബി.ജെ.പി മമത സർക്കാരിനെ പിടിച്ചുകെട്ടാൻ ആരോപിക്കുന്നത്​ കല്ലുവെച്ച നുണ​കൾ. നിയമസഭാ തെരഞ്ഞെടുപ്പ്​ വിജയത്തിനു പിന്നാലെ പാർട്ടികൾക്കിടയിൽ നടന്ന അക്രമ സംഭവങ്ങളെ ഭൂരിപക്ഷത്തിനു മേൽ ന്യൂനപക്ഷമായ മുസ്​ലിംകൾ നടത്തുന്ന വർഗീയ ആക്രമണമായാണ്​ ബി.ജെ.പി നേതാക്കൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്​.

മീനാക്ഷി ലേഖി, കൈലാശ്​ വിജയ്​വർഗിയ, സ്വപൻ ദാസ്​ ഗുപ്​ത, സമൂഹ മാധ്യമ വിഭാഗം ദേശീയ ഇൻ ചാർജ്​ പ്രീതി ഗാന്ധി തുടങ്ങിയ ബി.ജെ.പി നേതാക്കളും അവരുടെ ചുവടുപിടിച്ച്​ അണികളും വ്യാപകമായി കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്​.

നന്ദിഗ്രാമിലെ ബീർഭൂമിൽ ആയിരം ഹിന്ദു കുടുംബങ്ങൾ തൃണമൂൽ ആക്രമണം താങ്ങാനാകാതെ വയലിലേക്ക്​ ഓടി രക്ഷപ്പെ​ട്ടെന്നായിരുന്നു സ്വപൻദാസ്​ ഗുപ്​തയുടെ ട്വിറ്ററിലെ നുണപ്രചാരണം. അതെ സമയം തൃണമൂൽ ജിന്നയുടെ മുസ്​ലിംലീഗിന്‍റെ പുതിയ കാല രൂപമായി മാറിയെന്നായിരുന്നു മീനാക്ഷി ലേഖിയുടെ സമൂഹ മാധ്യമ പോസ്റ്റ്​.

നന്ദിഗ്രാമിലെ കെൻഡമറിയിൽ ബി.ജെ.പി വനിതകൾക്കെതിരെ തൃണമൂൽ മുസ്​ലിം ഗുണ്ടകൾ അതിക്രമം നടത്തുകയാണെന്ന്​ കൈലാശ്​ വിജയ്​വർഗിയ ട്വീറ്റ്​ ചെയ്​തതിന്​ താഴെ ബോളിവുഡ്​ നടി ​കങ്കണയെത്തി ഇവ​രെ നേരിടാൻ സൂപർ ഗുണ്ടകളാണ്​ വേണ്ടതെന്ന്​ പ്രതികരിച്ചു.

പഴയ കാലത്തെ ഏതോ അക്രമ സംഭവത്തിന്‍റെ ചിത്രം അടർത്തിയെടുത്ത്​ ബംഗാളിലെ തൃണമൂൽ ആഘോഷം എന്ന പേരിൽ കൊടുത്തത്​ സമൂഹ മാധ്യമ വിഭാഗം ദേശീയ ചുമതലക്കാരി പ്രീതി ഗാന്ധി. പോളിങ്​ ഏജന്‍റുമാരായ ബി.ജെ.പി വനിതകൾ കൂട്ട മാനഭംഗത്തിനിരയായെന്നായിരുന്നു ദീപ്​ ഹാൾഡർ എന്ന ഹാൻഡ്​ലിൽനിന്നുളള വ്യാജ പ്രചാരണം. വ്യാജ പ്രചാരണം കൊഴുപ്പിച്ച്​ ബി.ജെ.പി സജീവമായതോടെ തൃണമൂൽ പ്രവർത്തകരും രംഗത്തെത്തി. തങ്ങളുടെ നിരവധി പ്രവർത്തകരെ ബി.ജെ.പി കൊലപ്പെടുത്തിയെന്നായിരുന്നു തൃണമൂൽ ആരോപണം.

അക്രമങ്ങൾ തുടർക്കഥയായ ബംഗാളിൽ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ മുമ്പും ശേഷവും ഇരു വിഭാഗങ്ങളും നടത്തിയ അക്രമങ്ങൾക്കാണ്​ വർഗീയത നിഴലിച്ചത് ​. രണ്ടു ദിവസത്തിനിടെ നടന്ന സംഘട്ടനങ്ങളിൽ ഇതുവരെ സംസ്​ഥാനത്ത്​ 14 പേർ മരിച്ചിട്ടുണ്ട്​. അക്രമ മരണങ്ങളെ കുറിച്ച്​ റിപ്പോർട്ട്​ നൽകാൻ കേന്ദ്രം മമത സർക്കാറിന്​ നിർദേശം നൽകിയിട്ടുണ്ട്​. മരിച്ച ഒമ്പതുപേർ തങ്ങളുടെ പ്രതിനിധികളാണെന്ന്​ ബി.ജെ.പിയും നാലുപേർ തങ്ങളുടെയാണെന്ന്​ തൃണമൂലും പ്രതികരിക്കുന്നു . പാർട്ടികൾക്കിടയിലെ സംഘട്ടനങ്ങളാണ്​ വർഗീയതയായി പേരുമാറിയത്​. അതേ സമയം, പ്രചരിപ്പിക്കപ്പെടുന്ന കൂട്ട മാനഭംഗ വാർത്തകൾ വ്യാജമാണെന്ന്​ ബീർഭൂം പൊലീസ്​ സൂപ്രണ്ട്​ എൻ.എൻ ത്രിപാഠി അറിയിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി ഗവർണറെ വിളിച്ച്​ വിഷയത്തിൽ നിജസ്​ഥിതി തേടിയിട്ടുണ്ട്​. ഇവക്ക്​ കൂടുതൽ കരുത്തു പകർന്നാണ്​ വ്യാജ പ്രചാരണം.മുസ്​ലിമിനും ഹിന്ദുവിനുമിടയിൽ അകലം കൂട്ടാന് ചിലർ തിടുക്കം കൂട്ടുകയാണെന്ന്​ വ്യാജ വാർത്തകളുടെ ഉറവിടം തേടുന്നവർ ചൂണ്ടിക്കാട്ടുന്നു .

Leave A Reply
error: Content is protected !!