വിമര്‍ശിക്കുന്നവരെ എല്ലാം കല്ലെറിയാനാണ് സിപിഎം ശ്രമിക്കുന്നത്; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ മുരളീധരൻ

വിമര്‍ശിക്കുന്നവരെ എല്ലാം കല്ലെറിയാനാണ് സിപിഎം ശ്രമിക്കുന്നത്; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ മുരളീധരൻ

തിരുവനന്തപുരം: വിമര്‍ശിക്കുന്നവരെ എല്ലാം കല്ലെറിയാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ  മുരളീധരൻ. അത് നല്ലതിനല്ലെന്നും കെ  മുരളീധരൻ കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുത്. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. അങ്ങനെ തകര്‍ന്ന് പോകുന്ന പാര്‍ട്ടിയല്ല കോൺഗ്രസ് എന്ന് ഓര്‍മ്മ വേണം.  ഇതിലും വലിയ വീഴ്ചകളിൽ നിന്ന് കോൺഗ്രസ് കരകയറിയിട്ടുണ്ടെന്നും കെ മുരളീധരൻ ഓര്‍മ്മിപ്പിച്ചു

തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമ്പോൾ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ് ചെയ്യുന്നത്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയൻ ശ്രമിച്ചത്.  അതിന് ശേഷമാണ് ക്രിയാത്മക പിന്തുണ തേടുന്നത്.

യുഡിഎഫ് ജയിച്ച മണ്ഡലങ്ങളിൽ ബിജെപി വോട്ട് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പറയുന്നു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളിൽ എൽഡിഎഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം. വട്ടിയൂര്‍കാവിൽ യുഡിഎഫ് ജയിച്ച തെരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ സന്തോഷം. അതിൽ സിപിഎം അഹങ്കരിക്കേണ്ട കാര്യം ഇല്ല.  ബംഗാൾ ഫലം എന്തായെന്നും കെ മുരളീധരൻ ചോദിച്ചു. സമുദായ സംഘടനകൾക്ക് സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എൻഎസ്എസിന് അടക്കം അതുണ്ടെന്ന് മറക്കരുത്.

നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയത് കോൺഗ്രസ് ആണ്. ബി ജെ പി വാർഡുകളിൽ കോൺഗ്രസ് മുന്നേറ്റമുണ്ടായി. ന്യൂനപക്ഷ ഏകീകരണം ഇടത് മുന്നണിക്കനുകൂലമായി. എസ്ഡിപിഐയെ ഉപയോഗിച്ച് ന്യൂനപക്ഷ മേഖലയിൽ പ്രചാരണം നടത്തി. മുന്നണികൾക്ക് നേമത്ത് വോട്ട് കുറഞ്ഞപ്പോൾ കോൺഗ്രസിന് വോട്ട് കൂടിയെന്നും കെ മുരളീധരൻ വിശദീകരിച്ചു

Leave A Reply
error: Content is protected !!