1,92,000 കോടി വിറ്റുവരവ്​ പ്രതീക്ഷിച്ച് ​​ ഫൈസർ വാക്സിൻ

1,92,000 കോടി വിറ്റുവരവ്​ പ്രതീക്ഷിച്ച് ​​ ഫൈസർ വാക്സിൻ

വാഷിങ്​ടൺ: യുഎസ് മരുന്നു നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച കോവിഡ്​ വാക്​സിൻ ആഗോള തലത്തിൽ ഒരു വർഷം വിൽപന നടത്തുക വഴി ലഭിക്കുക 2600 കോടി ഡോളർ- അതായത്​ 1,92,000 കോടി രൂപ. വിവിധ രാജ്യങ്ങളുമായി ഇനിയും കരാറിലെത്താൻ ബാക്കിയുള്ളതിനാൽ വിറ്റുവരവ്​ ഇരട്ടിയും അതിലേറെയും ഉയരുമെന്നാണ്​ നിഗമനം .

ജർമൻ കമ്പനി ബയോ എൻ ടെക്കുമായി സഹകരിച്ച്​ കോമിർനാറ്റി അഥവാ ബി.എൻ.ടി.162 ബി.2 എന്ന പേരിൽ നിർമിച്ച മരുന്ന്​ വിവിധ രാജ്യങ്ങളിൽ വ്യത്യസ്​ത വിലകളിലാണ്​ വിറ്റഴിക്കുന്നത്​. അമേരിക്കയിൽ രണ്ടു ഡോസിന്​ 39 ഡോളർ ഈടാക്കുമ്പോൾ യൂറോപ്യൻ യൂനിയനിൽ ഇത്​ 30 ഡോളറിനാണ്​ വിൽപന. ആദ്യ മൂന്നു മാസങ്ങളിലെ വിൽപന മാത്രം 350 കോടി ഡോളറിനാണ് (25,861കോടി രൂപ)​. ഇതുവരെയായി 160 ​ കോടി ഡോസ്​ വാക്​സിൻ ലഭ്യമാക്കാനാണ്​ ഫൈസറുമായി വിവിധ രാജ്യങ്ങൾ കരാർ ഒപ്പിട്ടത് .

അമേരിക്ക ​, യു.കെ, ഇ.യു, ജപ്പാൻ, ഇസ്രായേൽ രാഷ്​ട്രങ്ങളുമായി ഇതിനകം കരാർ പ്രാബല്യത്തിലായിട്ടുണ്ട്​. ബ്രസീലുമായി 10 കോടി വാക്​സിന്​ കരാർ ഉടനുണ്ടാകുമെന്നാണ്​ സൂചന. കാനഡ, ഇസ്രായേൽ എന്നിവ അടുത്ത വർഷത്തേക്കും കരാറിലെത്തിയിട്ടുണ്ട്​.

60 കോടി വാക്​സിനാണ് 27 അംഗ രാജ്യങ്ങളിലായി ​ യൂറോപ്യൻ യൂനിയൻ വാങ്ങുന്നത്​. 45 കോടിയാണ്​ അംഗ രാജ്യങ്ങളിലെ ജനസംഖ്യ. ഇവർക്ക്​ രണ്ടു വർഷത്തേക്ക്​ ഇത്​ മതിയാകുമെന്നാണ്​ കണക്കുകൂട്ടൽ. ഫൈസർ നിർമിച്ച വാക്​സിനാണ്​ ലോക വ്യാപകമായി ആദ്യ അംഗീകാരം നേടുന്നത്​. മാർച്ചോടെ ആറു മാസം മുതൽ 11 വയസ്സുവരെയുള്ള കുഞ്ഞുങ്ങളിലും വാക്​സിൻ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്​. അതെ സമയം വിവിധ രാജ്യങ്ങൾ ഇനിയും കരാറിലെത്താനുള്ളതിനാൽ 2021ലെ വിറ്റുവരവ്​ 7100 കോടി ഡോളർ മുതൽ 7300 കോടി ഡോളർ വരെ കോവിഡ്​ വാക്​സിൻ വിറ്റുവരവ്​ ഉണ്ടാക്കാനാകുമെന്നാണ്​ ഫൈസറിന്‍റെ കണക്കുകൂട്ടൽ.

Leave A Reply
error: Content is protected !!