കോവിഡ്: വൃദ്ധസദനങ്ങളിൽ നിരീക്ഷണം ശക്തമാക്കും

കോവിഡ്: വൃദ്ധസദനങ്ങളിൽ നിരീക്ഷണം ശക്തമാക്കും

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വൃദ്ധസദനങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ തീരുമാനം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

എല്ലാ ആശുപത്രികളിലും ഓക്സിജൻ ഓഡിറ്റും ഫയർ ഓഡിറ്റും പൂർത്തിയായിട്ടുണ്ട്. ഓക്സിജൻ ലഭ്യത സംബന്ധിച്ച് എല്ലാ ആശുപത്രികളും ഓൺലൈൻ റിപ്പോർട്ടിംഗ് നടത്തുന്നുണ്ട്. പ്ലാൻ്റിൽ നിന്ന് സെറ്റിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനള്ള ഇൻ്റേണൽ ഓക്സിജൻ പൈപ്പ് ലൈൻ സംവിധാനത്തിൻ്റെ പ്രവർത്തനങ്ങൾ ബിപിസിഎല്ലിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

മെഡിക്കൽ കോളേജിൽ 250 ഉം ജനറൽ ആശുപത്രിയിൽ 180 ഉം അധിക ബെഡുകൾ ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്വകാര്യ ആശുപത്രികൾ 25% ബെഡുകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റി വെച്ചിട്ടുണ്ട്. ഇത് 50% ആയി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വാർഡ്തല ദ്രുത കർമ്മ സേന പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത പഞ്ചായത്തുകളുടെ പട്ടിക തയാറാക്കാൻ കളക്ടർ നിർദ്ദേശം നൽകി.

തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുള്ള കള്ള് ഷാപ്പുകളിൽ ജനങ്ങൾ സാമുഹിക അകലം പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകും. കടയുടമയ്ക്ക് പിഴ ചുമത്തുകയും കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുക്കുകയും ചെയ്യും. നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനും പോലീസിന് നിർദ്ദേശം നൽകി. രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിന് കാലതാമസം ഒഴിവാക്കും. കൂടുതൽ സന്നദ്ധ പ്രവർത്തകരെ വിന്യസിക്കും. കൂടുതൽ ആംബുലൻസും ഏർപ്പെടുത്തും.

ഓരോ പഞ്ചായത്തിലും ഹെൽപ്പ് ഡെസ്ക് ആരംഭിക്കുകയും മരുന്ന് എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയും ചെയ്യും. എല്ലാ പഞ്ചായത്തുകളിലും പരമാവധി ഓക്സിജൻ ബെഡുകൾ സജ്ജമാക്കും. പഞ്ചായത്തുകളിൽ കോവിഡ് നിരീക്ഷണത്തിനായി നോഡൽ ഓഫീസർമാരെ നിയമിക്കാനും തീരുമാനമായി. കോർപ്പറേഷൻ തലത്തിലുള്ള ഹെൽപ്പ് ഡെസ്ക് വ്യാഴാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. രണ്ട് വാഹനങ്ങൾ കോവിഡ് രോഗികൾക്കായി കൊച്ചി, എറണാകുളം മേഖലയിൽ 24 മണിക്കൂറും സർവീസ് നടത്തും. മരുന്നുവിതരണവുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃത സംവിധാനം ജില്ലയിൽ നടപ്പാക്കുമെന്ന് കളക്ടർ അറിയിച്ചു.

ആദിവാസി മേഖലയിൽ കോവിഡ് രോഗികൾക്കായി സിഎഫ്എൽടിസികൾ ആരംഭിക്കും. പോസിറ്റീവ് ആകുന്നവരെ പഞ്ചായത്തിൻ്റെയും പോലീസിൻ്റെയും സഹായത്തോടെ ഇവിടേക്ക് മാറ്റും. കുട്ടമ്പുഴയിലെ 16-ാം വാർഡ് പൂർണ്ണമായി കണ്ടെയ്ൻമെൻ്റ് സോൺ ആക്കിയിട്ടുണ്ട്.

ജില്ലയിൽ 27% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് വ്യാപനം രൂക്ഷമായ മുനമ്പം പഞ്ചായത്തിലെ ഹാർബർ അടച്ചിടും. മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകൾ പൂർണ്ണമായി അടയ്ക്കും. 25 % ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പഞ്ചായത്തുകളും ബുധനാഴ്ച മുതൽ അടച്ചിടും.

അക്ഷയ സെൻ്ററുകൾക്ക് 25 % ജീവനക്കാരുമാ യി തുറന്ന് പ്രവർത്തിക്കാമെന്ന് കളക്ടർ അറിയിച്ചു. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം ശക്തിപ്പെടുത്തും. പോലീസുകാരുടെയും മറ്റ് ഫ്രണ്ട് ലൈൻ ജീവനക്കാരുടെയും കോവിഡ് പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കാനും കളക്ടർ നിർദ്ദേശിച്ചു.

Leave A Reply
error: Content is protected !!