രാജ്യത്തെ 726 ജില്ലകളില്‍ 10 ശതമാനം പോലും വാക്‌സിനേഷൻ നടത്തിയിട്ടില്ല ; റിപ്പോർട്ട്

രാജ്യത്തെ 726 ജില്ലകളില്‍ 10 ശതമാനം പോലും വാക്‌സിനേഷൻ നടത്തിയിട്ടില്ല ; റിപ്പോർട്ട്

ന്യൂഡല്‍ഹി: കോവിഡ് അതിതീവ്ര വ്യാപനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വാക്‌സിനേഷനിൽ പ്രതീക്ഷ അർപ്പിക്കുകയാണ് രാജ്യത്തെ ജനങ്ങൾ .ഇന്ത്യയില്‍ ഇതുവരെ 15,89,32,921 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. എന്നാല്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്കുകളില്‍ വാക്‌സിനേഷനില്‍ നാം ഏറെ പിന്നിലാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് .

രാജ്യത്തെ 726 ജില്ലകളില്‍ ഭൂരിഭാഗവും 10 ശതമാനം പേര്‍ക്ക് പോലും വാക്‌സിൻ നല്‍കിയിട്ടില്ലെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 58 ശതമാനം ജില്ലകളിലും വാക്‌സിന്‍ വിതരണം 10 ശതമാനത്തില്‍ താഴെയാണ്. 37 ശതമാനം ജില്ലകളില്‍ 10 മുതല്‍ 20 ശതമാനം വരെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 37 ജില്ലകളില്‍ മാത്രമാണ് 20 ശതമാനത്തില്‍ അധികം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കിയിരിക്കുന്നത്.

‘കോവിന്‍’ ആപ്ലിക്കേഷനിലെ വിവരങ്ങള്‍ അനുസരിച്ച് പുതുച്ചേരിയിലെ മാഹി, ഗുജറാത്തിലെ ജാംനഗര്‍ എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ട് ജില്ലകള്‍. ഈ ജില്ലകളില്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് ആളുകള്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കര്‍ണാടകയിലെ ബിജാപൂര്‍, അസമിലെ സൗത്ത് സല്‍മാര എന്നിവയാണ് വാക്‌സിന്‍ വിതരണത്തില്‍ പിന്നിലായത് .

അതെ സമയം ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ പല ജില്ലകളും ജനസംഖ്യയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് വാക്സിനേഷൻ നടത്തിയിരിക്കുന്നത്. എന്നാല്‍ കേരളം രാജസ്ഥാന്‍, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം ജില്ലകളും ജനസംഖ്യയുടെ 10 ശതമാനത്തിലധികം പേര്‍ക്ക് വാക്‌സിനേഷൻ
നടത്തിയിട്ടുണ്ട് .

Leave A Reply
error: Content is protected !!