ആർടിപിസിആർ പരിശോധനകൾ കുറയ്ക്കണം ; അന്തർ സംസ്ഥാന യാത്രകൾക്ക് ആർടിപിസിആർ പരിശോധന നിർബന്ധമല്ല : ഐസിഎംആർ

ആർടിപിസിആർ പരിശോധനകൾ കുറയ്ക്കണം ; അന്തർ സംസ്ഥാന യാത്രകൾക്ക് ആർടിപിസിആർ പരിശോധന നിർബന്ധമല്ല : ഐസിഎംആർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് – ആർടിപിസിആർ പരിശോധനകൾ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഐസിഎംആർ. സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആർടിപിസിആർ പരിശോധന ചുരുങ്ങിയത് 70 ശതമാനമാക്കി ഉയർത്താൻ കേന്ദ്രസർക്കാർ ആവർത്തിക്കുന്നതിനിടയിലാണ് ഐസിഎംആറിന്റെ പുതിയ മാർഗനിർദേശo .

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ലാബോറട്ടറികളും പരിശോധനാഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഐസിഎംആറിന്റെ പുതിയ നിർദേശം.10 ദിവസത്തെ ഹോംക്വാറന്റൈൻ പൂർത്തിയാക്കിയ, അവസാനത്തെ മൂന്നുദിവസങ്ങളിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഇല്ലാത്തവരും ആർടിപിസിആർ ചെയ്യേണ്ടതില്ലെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ഐസിഎംആർ വെളിപ്പെടുത്തൽ . അന്തർ സംസ്ഥാന യാത്രകൾക്ക് ആർടിപിസിആർ പരിശോധന ചെയ്യണമെന്ന നിർദേശവും പിൻവലിച്ചിട്ടുണ്ട്.

ദേശീയ തലത്തിൽ 2506 മോളിക്യുലാർ ടെസ്റ്റിങ് ലാബോറട്ടറികളിലായി ആർടിപിസിആർ, ട്രൂനാറ്റ്, സിബിഎൻഎഎടി എന്നിവയുൾപ്പടെ 15 ലക്ഷം പരിശോധനകൾ നടത്താൻ ഇന്ത്യക്ക് കഴിയും. എന്നാൽ ആർടിപിസിആർ ടെസ്റ്റുകൾ കുതിച്ചുയർന്നതും ലാബ് ജീവനക്കാരിൽ പലരും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അവധിയിൽ പ്രവേശിച്ചതിനാലും ലാബോറട്ടറികൾക്ക് മേൽ അമിത ഭാരമാണ് നിലവിലുളളത്. ആർടിപിസിആർ പരിശോധനയുടെ നടപടിക്രമങ്ങൾക്കായി 72 മണിക്കൂറാണ് സമയം വേണ്ടത് .

ഒട്ടേറെ സമ്മർദ്ദങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് കൂട്ടായ പരിശോധനകൾക്ക് റാപ്പിഡ് ആന്റിജൻ പരിശോധന നടത്താൻ ഐസിഎംആർ ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റിജൻ പരിശോധനകൾ എല്ലായിടത്തും അനുവദിക്കാമെന്നും ഐസിഎംആർ വ്യക്തമാക്കുന്നു . അതെ സമയം രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആന്റിജൻ പരിശോധനയിൽ നെഗറ്റീവായവരെ ആർടിപിസിആർ ടെസ്റ്റ് ചെയ്യണമെന്നും മാർഗനിർദേശത്തിൽ വ്യകതമാക്കുന്നു .

അതെ സമയം ആന്റിജൻ, ആർടിപിസിആർ പരിശോധനയ്ക്കുളള ഫോമുകളിൽ വാക്സിനേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തിൽ ഈ വിവരത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടുന്നു .

Leave A Reply
error: Content is protected !!