ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത കാലം ചെയ്തു – ദിവാകരൻ ചോമ്പാല

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത കാലം ചെയ്തു – ദിവാകരൻ ചോമ്പാല

ഭാരതീയ സന്യാസത്തിൻറെ പൈതൃകത്തിനൊപ്പം ക്രിസ്‍തു ദേവൻറെ പരിശുദ്ധ സ്നേഹം ഇഴചേർത്ത് നെയ്തെടുത്ത ആത്മീയ സംസ്‌കാരത്തിൻറെ അഭിമാന സ്‌തംഭം ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഇനി ഓർമ്മ മാത്രം. കാലഘട്ടത്തിൻറെ ഋഷിവര്യൻ എന്ന് വിശേഷിപ്പിക്കാവുന്ന ക്രിസോസ്റ്റം വന്ദ്യ തിരുമേനി അദ്ദേഹത്തിൻറെ നൂറ്റിനാലാമത്തെ വയസ്സിൻറെ നിറവിലാണ് കാലം ചെയ്യപ്പെട്ടത് .
ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊറോണ ബാധിതനായ അദ്ദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച്ച പുലർച്ചെ 1.15 നായിരുന്നു വേർപാട് .

ദൈവീകമായ അനുഗ്രഹാശിസ്സുകൾ കൈ നീട്ടി സ്വീകരിക്കാൻ സദാ സന്നദ്ധനായ ആത്മാന്വേഷണതൽപ്പരൻ !. സന്യാസം എന്ന വാക്കിൻറെ അർത്ഥവും വ്യാപ്‌തിയും ആഴവും പരപ്പും സാമാന്യ ജനങ്ങൾക്കടക്കം പകർന്നു നൽകിയ ആത്മീയാചാര്യൻ അനാരോഗ്യങ്ങൾക്കിടയിലും കടമകളിൽനിന്നും മാറിനിൽക്കാൻ മനസ്സില്ലാത്ത വേറിട്ട വ്യക്തിത്വമായിരുന്നു .

കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ വിശ്രമജീവിതത്തിനിടയിലാണ് തിരുമേനി കോവിഡ് വാക്‌സിൻ സ്വീകരിച്ചത് . കേരളത്തിൻറെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ തിരുമേനി അശേഷം തളരാത്ത പൗരബോധവും രാജ്യസ്നേഹവും കൈമോശം വരാതെ സൂക്ഷിച്ചു . പ്രായാധിക്യത്തിൻറെ എല്ലാ അരുതായ്‌മകളും മാറ്റി വെച്ചുകൊണ്ട് കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിന് തോട്ടശ്ശേരി പഞ്ചായത്തിലെ നെടുംപ്രയാറിലെ പോളിംഗ്ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തുന്നതിലും അശേഷം വിട്ടുവീഴ്ച്ചയോ അലസതയോ അദ്ദേഹത്തിന് ഒട്ടും ഉണ്ടായതുമില്ല . നീണ്ട എഴുപത് വർഷക്കാലം മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷപദം അലങ്കരിച്ച ക്രിസോസ്റ്റം വന്ദ്യ തിരുമേനി 2007 ൽ സഭയുടെ പരമാദ്ധ്യക്ഷപദവി സ്ഥാനത്യാഗം ചെയ്തുകൊണ്ട് പുതിയ തലമുറയ്ക്ക് കൈമാറുകയാണുണ്ടായത്

തുടർന്ന് കോഴഞ്ചേരിയിലെ വസതിയിലെ വിശ്രമ ജീവിതത്തിനിടയിലൂം വിശക്കുന്ന വയറു മായി ആരെങ്കിലും അന്നത്തിന് കൈനീട്ടിയാൽ അവർക്കെല്ലാം ഋഷിതുല്യനായ തിരുമേനി അന്നദാതാവായിരുന്നു . ഏതു ജാതിക്കാരനായാലും ,ഏതു മതവിശ്വാസിയായാലും അവരുടെ പ്രശ്‌നങ്ങൾക്കു മുൻപിൽ പുറം തിരിഞ്ഞുനിൽക്കാനാറിയാത്ത പക്ഷപാത രഹിതനായ മനുഷ്യസ്നേഹി !

ആകാവുന്ന സഹായങ്ങൾ ആർക്കായാലും മുറതെറ്റാതെ നിർവ്വഹിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻെറ ജീവിതചര്യ . കിടപ്പാടമില്ലാത്തവർക്ക് കിടപ്പാടം ,വസ്ത്രമില്ലാത്തവർക്ക് വസ്ത്രം ,രോഗികൾക്ക് ചികിത്സാ സൗകര്യം അശരണർക്കും ആലംബഹീനർക്കും കാരുണ്യമയമായ കൈത്താങ്ങുമായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനി.
നൂറാമത്തെ വയസ്സിൻറെ നിറവിലാണ് രാജ്യത്തിൻറെ ആദരം പത്മഭൂഷൺ തിരുമേനിയെ തേടിയെത്തിയത് .

ആത്മീയ രംഗങ്ങൾക്കൊപ്പം സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലും സജീവസാന്നിധ്യമുറപ്പാക്കിയിരുന്ന തിരുമേനിയെ ” നർമ്മത്തിൻറെ തമ്പുരാൻ ” എന്നാണ്‌ പൊതുവെ വിശേഷിപ്പിക്കാറുള്ളത് . ക്രിസോസ്റ്റം എന്ന വാക്കിൻറെ അർത്ഥം ‘സ്വർണ്ണനാവുള്ളവൻ ‘എന്നാണത്രെ . മർമ്മംനോക്കി നർമ്മം പറയാൻ തിരുമേനിയേക്കാൾ കേമനായ മറ്റൊരു ആത്മീയാചാര്യൻറെ പേര് പറയാനാവുന്നുമില്ല .പകരക്കാരനില്ലാത്ത നർമ്മപ്രിയൻ !. കേൾവിക്കാരെ ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കുന്ന വേറിട്ട സംഭാഷണ ശൈലി അദ്ദേഹത്തിൻറെ കൂടപ്പിറപ്പാണെന്നുവേണം കരുതാൻ . അത്യന്തം ക്ളേശകരമായ ഏതു വിഷയവും ചിരിമധുരം പുരട്ടി കൂട്ടത്തിൽ അൽപ്പം നർമ്മം കൂടെ ചാലിച്ചു ചേർത്ത് നിസ്സാരവത്‌ക്കരിച്ചുകൊണ്ട് അവതരിപ്പിക്കുവാനുള്ള തിരുമേനിയുടെ അനിതരസാധാരണമായ വൈദഗ്ദ്യം മറ്റൊരാൾക്ക് അനുകരിക്കാനോ സ്വായത്തമാക്കാനോ കഴിയാറുമില്ല .

ഇനി കഴിയുമെന്നും തോന്നുന്നില്ല. ദൈവത്തിൻറെ വരപ്രസാദം ! അല്ലാതെന്തു പറയാൻ…..
സമകാലിക സമൂഹത്തിൻറെ ദൈനംദിന സംഭവപരമ്പരകളെ സരസമായ രീതിയിൽ അവതരിപ്പിച്ച കുഞ്ചൻ നമ്പ്യാർക്ക് ശേഷം ഇ .വി,കൃഷ്ണപിള്ള ( മലയാള മനോരമ ആഴ്ചപ്പതിപ്പിൻറെ ആദ്യ പത്രാധിപർ ,ഹാസ്യ താരം അടൂർ ഭാസിയുടെ പിതാവ് ), സഞ്ജയൻ എന്ന തൂലികാനാമത്തിലറിയപ്പെട്ടിരുന്ന എം ആർ നായർ തുടങ്ങിയ ഹാസ്യ സാമ്രാട്ടുകൾക്കൊപ്പം മലയാളികൾ എക്കാലവും നെഞ്ചിലേറ്റേണ്ട പേരാണ് ‘നർമ്മത്തിൻറെ തമ്പുരാൻ ” എന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനി എന്ന് പറഞ്ഞാൽ തെറ്റാവില്ല തീർച്ച .

വേദപുസ്തകത്തിനുവരെ പുതുപുത്തൻ വ്യാഖ്യാനത്തിൻറെ പണിപ്പുരകൾ പണിത വേദപണ്ഡിതൻ ക്രിസോസ്റ്റം തിരുമേനിയുടെ ഫലിതങ്ങൾ ഓർത്തോർത്ത് ചിരിക്കാനും ചിരിച്ച് ചിരിച്ച് ചിന്തിക്കാനും പോന്നതായിരുന്നു !”സെമിത്തേരിയിൽ ധാരാളം പൂക്കളും ചെടികളും നട്ട് മനോഹരമാക്കണം . ഇവിടെയെത്തുന്നവന് ഇവിടെക്കിടന്ന് മരിക്കാൻ തോന്നണം ” -തിരുമേനിക്കല്ലാതെ മറ്റേതൊരു ആത്മീയാചാര്യന് , പുരോഹിതന് ഇത്തരത്തിൽ നർമ്മത്തിൽ പൊതിഞ്ഞ അക്ഷരക്കൂട്ടുണ്ടാക്കാൻ തോന്നും ?

” തിരുമേനീ ,യേശുക്രിസ്‌തു ചെയ്‌ത ഏറ്റവും മഹത്തായ അത്ഭുതം എന്ന് അങ്ങ് കരുതുന്നതെന്താണ് ? ”’

‘ സംശയമെന്താ ? നമ്മളെയൊക്കെ ദൈവവേലക്കായി വിളിച്ചത് തന്നെ ”- തിരുമേനിയുടെ മറുപടി കേട്ടാൽ ആർക്കാണ് ചിരിയടയ്ക്കാൻ കഴിയുക ?.തിരുമേനിയുടെ ഡ്രൈവറും മുഖ്യ സഹായിയുമായ എബി എന്ന നാൽപ്പത് വയസ്സുകാരൻ
കാർ കഴുകിക്കൊണ്ടിരിക്കുമ്പോൾ വന്ദ്യവയോധികനായ തിരുമേനി ഒരിക്കൽ ചോദിച്ചു-
” എടാ എബീ ,നിൻറെ കാലശേഷം എൻറെ വണ്ടി ആര് ഓടിക്കും ?
എബിക്കാകട്ടെ അല്പനേരത്തയ്ക്ക് ചിരിയടക്കാനായില്ലെന്നു വേണം പറയാൻ .

”ക്രിസോസ്റ്റം പറഞ്ഞ നർമ്മകഥകൾ ” എന്നപേരിൽ ഒരു പുസ്തകം തന്നെയുണ്ട്.
2007 ലെ നവതി ആഘോഷ വേദിയിലും നർമ്മത്തിൻറെ അമിട്ടുപൊട്ടിച്ചുകൊണ്ടായിരുന്നു തിരുമേനി പ്രസംഗമവസാനിപ്പിച്ചത് .
” തിരുമേനി നൂറുവയസ്സുവരെ ജീവിച്ചിരിക്കട്ടെ ” -വിശിഷ്ടാതിഥികളുടെ ആശംസകൾക്ക് അദ്ദേഹത്തിൻറെ ഉരുളയ്ക്കുപ്പേരി എന്ന കണക്കിനുള്ള നർമ്മത്തിൽ പൊതിഞ്ഞ മറുപടി ഓർത്തോർത്ത് ചിരിക്കാൻ പാകത്തിലുള്ളതായിരുന്നു .
” ഞാൻ 120 വയസ്സുവരെ ജീവിച്ചിരിക്കണമെന്നതാണ് ദൈവത്തിന്റെ ആഗ്രഹമെങ്കിൽ അത് നൂറാക്കി പരിമിതപ്പെടുത്താൻ നിങ്ങൾക്കെന്തവകാശം ?” -എന്നായിരുന്നു .

ദൈവം ഫലിതപ്രിയനാണെന്നും ഞാൻ പ്രാർത്ഥനയിൽപ്പോലും ദൈവവുമായി ഫലിതം പങ്കിടാറുണ്ടെന്നുമാണ്‌ തിരുമേനിയുടെ ഭാഷ്യം . ദൈവത്തിന് പണത്തിൻറെ ആവശ്യമില്ലെന്നും നമുക്ക് ചുറ്റും കഷ്ടപ്പെടുന്ന സഹജീവികൾക്ക് സഹായിക്കാനും സാന്ത്വനം നൽകുന്നതിനുമായി ആ പണം വിനിയോഗിക്കണമെന്നുള്ളതാണ് ആവർത്തിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ മുന്നറിയിപ്പ് .

പഴയകാല ഇസ്രായേൽ ജനതയെപ്പോലെ യുദ്ധം ജയിപ്പിച്ച് രാജ്യം നശിപ്പിക്കാൻ നോക്കരുതെന്ന് സഭയോടും സമൂഹത്തോടും രാജ്യത്തിനോടും അദ്ധേഹം ആഹ്വാനം ചെയ്യാറുള്ളതും പതിവ്‌ കാഴ്‌ച്ച . കൂട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല അയൽക്കാരനാണെന്ന പ്രഖ്യാപനവും തുരുമേനിയുടേതായുണ്ട് .

 

ജീവന കലയുടെ ആത്മീയാചാര്യൻ സദ്ഗുരു ശ്രീശ്രീരവിശങ്കർജിയുമായും  അത്യപൂർവ്വവും  ഊഷ്‌മളമായ ആത്മബന്ധമായിരുന്നു വന്ദ്യ തിരുമേനി സൂക്ഷിച്ചിരുന്നത് .
ആർട് ഓഫ് ലിവിംഗ്‌ പൊതുപരിപാടികളിൽ ശ്രീശ്രീരവിശങ്കർജിയോടൊപ്പം പലേടങ്ങളിലും നിരവധി തവണ  ക്രിസോസ്റ്റം തിരുമേനി വേദി പങ്കിടുകയും  വിശ്വ വ്യാപകമായ  ജീവന കലയുടെ മഹത്വത്തെ   മുക്ത കണ്ഠം പുകഴ്‌ത്തുകയും ജനലക്ഷങ്ങളോടായി പങ്കുവെക്കുകയുമുണ്ടായി . ജീവന കലയുടെ രാജ്യാന്തര ആസ്ഥാനമായ ബാംഗ്ലൂർ ആശ്രമത്തിലും വിശിഷ്ടാതിഥിയായി തിരുമേനി യുടെ നിറസാന്നിദ്ധ്യമുണ്ടായിരുന്നു.

 

 

1918  ഏപ്രിൽ 27 ന് അടങ്ങാപ്പുറത്ത്  കലമണ്ണിൽ കുടുംബത്തിൽ കെ. ഇ. ഉമ്മൻ കശീശയുടെയും   നടക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി ജനനം .ആദ്യത്തെ പേര് ഫിലിപ്പ് ഉമ്മൻ .മാരാമൺ ,കോഴഞ്ചേരി,ഇരവിപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം . ബിരുദ പഠനം ആലുവ യു സി കോളേജിൽ .

 ദൈവശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം ബാഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ് ,കാന്റർബറി സെന്റ് അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ.
1944 ജനുവരി ഒന്നിനാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത് . വിവിധ ഭദ്രാസനങ്ങളുടെ ചുമതല ക്കാരനും മിഷനറി ബിഷപ്പായും  സേവനമനുഷ്ഠിച്ച അദ്ദേഹത്തെ പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിക്കുകയുമുണ്ടായി

 

Leave A Reply
error: Content is protected !!