കോവിഡ് പ്രതിരോധം: ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ 17 ആംബുലൻസ് സർവീസുകൾക്ക് തുടക്കമായി

കോവിഡ് പ്രതിരോധം: ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ 17 ആംബുലൻസ് സർവീസുകൾക്ക് തുടക്കമായി

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്ന 17 ആംബുലൻസ് വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് ജില്ലാപഞ്ചായത്ത് അങ്കണത്തിൽ നടന്നു. എ എം ആരിഫ് എംപി ഫ്ലാഗ് നിര്‍വഹിച്ച ചടങ്ങില്‍ നിയുക്ത എം.എല്‍.എ മാരായ  എച്ച് സലാം , പി പി ചിത്തരഞ്ജൻ എന്നിവര്‍ സംബന്ധിച്ചു.

കൊവിഡ് പ്രതിരോധത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് അതിവിശാലമായ പ്രവർത്തന മേഖലയാണ് ഉള്ളതെന്ന്  ഫ്ലാഗ് ഓഫ് നിർവ്വഹിച്ചുകൊണ്ട് എംപി പറഞ്ഞു. ഹെൽപ്പ് ഡെസ്ക് കളും ടെലിമെഡിസിൻ സൗകര്യങ്ങളും ജില്ലാ പഞ്ചായത്തും  വിവിധ പഞ്ചായത്തുകളും ഇതിനകം തുടങ്ങിയിട്ടുണ്ട്. സർക്കാർ നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ വഴി മാത്രമേ കോവിഡ് വ്യാപനം തടയാന്‍ കഴിയൂ എന്ന്  എംപി പറഞ്ഞു. ചടങ്ങില്‍ പി.പി.ചിത്തരഞ്ജന്‍, എച്ച് സലാം എന്നിവരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും കോവിഡ് പ്രതിരോധത്തിന് ഏറെ പ്രാധാന്യം നല്‍കി പ്രവർത്തിച്ചു വരികയാണെന്ന്  കെ ജി രാജേശ്വരി പറഞ്ഞു. നിലവിലുള്ള  17 ആംബുലൻസുകൾ 12 ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിൽ നൽകും. കൂടാതെ ജില്ലാ പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക്കിനോട് ചേർന്ന് മൂന്ന് ആംബുലൻസുകളും  പ്രവർത്തിക്കും. പത്തുലക്ഷം രൂപയുടെ പദ്ധതിയാണ്  ജില്ലാ പഞ്ചായത്ത് ഇതിന് കണ്ടെത്തിയത്. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പദ്ധതി പണം വിനിയോഗിച്ചു കൊണ്ട് തങ്ങളുടെ പരിധിയിലുള്ള സംവിധാനങ്ങളിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും കുറവ് പരിഹരിക്കാൻ നിയമനം ഉൾപ്പെടെയുള്ള നടത്തുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം നിയമനങ്ങൾ നടത്തിയശേഷം ജില്ലാ ആസൂത്രണ സമിതിയുടെ പദ്ധതിക്കുള്ള അംഗീകാരം പിന്നീട് നേടിയെടുത്താൽ മതി എന്നുള്ള നിർദ്ദേശവും നൽകിയിട്ടുള്ളതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം വി പ്രിയ,  ടി എസ് താഹ,  വത്സലടീച്ചര്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആര്‍.റിയാസ്, പി.അഞ്ജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, ആർടിഒ ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Leave A Reply
error: Content is protected !!