സർവീസ് നിർത്തുവാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായമേഖല

സർവീസ് നിർത്തുവാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായമേഖല

കോവിഡ് രണ്ടാം തരംഗത്തിൽ മതിയായ വരുമാനവുമില്ലാതായതോടെ നഷ്ടത്തിലായ, സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം എന്നന്നേക്കുമായി സർവ്വീസ് നിർത്തേണ്ട അവസ്ഥയിൽ. ഇതിന്റെ തുടക്കമായി ബസ്സുകളിൽ പലതും ഷെഡ്ഡുകളിൽ കയറിത്തുടങ്ങി. കഴിഞ്ഞവർഷം കോവിഡ് വരുന്നതിനുമുമ്പുവരെ സംസ്ഥാനത്ത് 12,600 സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങിയിരുന്നു. എന്നാൽ, നിലവിൽ 8000-ത്തോളം ബസ്സുകൾ മാത്രമാണ് ഓടുന്നത്. കോവിഡ് പ്രതിസന്ധികൾമൂലം ഒരുവർഷത്തിനകം 4000 ത്തോളം ബസുകളാണ് സർവീസ് നിർത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ലോക്ഡൗണിനു ശേഷം,
ശേഷം 80 ശതമാനത്തോളം ബസുകൾ ഓടി തുടങ്ങിയിരുന്നതാണ്. എന്നാൽ, കോവിഡിന്റെ രണ്ടാംതരംഗത്തിൽ രോഗഭീതി കൂടുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തത് തിരിച്ചടിയായി.

സീറ്റുകളിൽ ഒരാളെമാത്രമേ ഇരുത്താവൂ, കണ്ടെയ്ൻമെന്റ് സോണുകളിൽ ആളുകളെ കയറ്റരുത് തുടങ്ങിയ നിർദേശങ്ങൾ വരുമാനത്തെ ബാധിച്ചു. ലോക്ഡൗണിന് സമാനമായ ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും വരുമാനം മുടങ്ങിയതും, അല്ലാത്തദിവസങ്ങളിൽ സർവീസ് സമയം കുറഞ്ഞതും ബസ് വ്യവസായത്തിന് തിരിച്ചടിയായി. തുടർച്ചയായ നഷ്ടക്കണക്കിൽ, ബസ്സുകൾ സർവീസ് നിർത്തുന്നതോടെ ഇവരുടെ ജീവിതവും വഴിമുട്ടുന്ന സ്ഥിതിയാണ്. ബസ്സുകൾ ഷെഡ്ഡുകളിൽ നിർത്തിയിട്ട് പലരും മറ്റ് ജോലികളിലേക്ക് തിരിഞ്ഞുതുടങ്ങി. നിർത്തിയിട്ട ബസ്സുകളിൽ പലതും തുരുമ്പെടുത്തുതുടങ്ങിയെന്നും അറ്റകുറ്റപ്പണികൾ നടത്താൻ പണമില്ലാത്തതിനാൽ ഇനി ബസ് വ്യവസായത്തിലേക്ക് ഇല്ലെന്നാണ് പലരും പറയുന്നത്.മൂന്നുമാസത്തിലൊരിക്കൽ 4000 രൂപ നികുതിയായി അടയ്ക്കണം. ഒരുവർഷത്തിൽ 70,000 മുതൽ ഒരുലക്ഷം രൂപവരെ ഇൻഷുറൻസും അടയ്ക്കേണ്ടതുണ്ട്.

അടച്ചിടലിനുശേഷം ബസ്സുകൾ ഓടിത്തുടങ്ങിയതിനാൽ മേയ് 15-നകം വീണ്ടും നികുതി അടയ്ക്കേണ്ട സ്ഥിതിയാണ്. ബസ് വ്യവസായം കേരളത്തിൽ നില നിൽക്കണമെങ്കിൽ, സർക്കാർ നികുതി പൂർണമായും ഒഴിവാക്കിയാൽ മാത്രമേ സാധിക്കുകയുള്ളു. ബസിനെ ആശ്രയിച്ച് കഴിയുന്ന നിരവധി തൊഴിലാളികളുടെ ജീവിതോപാധിയാണ്, മുന്നോട്ട് കൊണ്ടുപോവാനാവാതെ ഭീഷണിയായി നിലനിൽക്കുന്നത്.

Leave A Reply
error: Content is protected !!