വൃദ്ധ നേതൃത്വം മാറണം : ചെന്നിത്തലയും മുല്ലപ്പള്ളിയും ഒഴിയുന്നു

വൃദ്ധ നേതൃത്വം മാറണം : ചെന്നിത്തലയും മുല്ലപ്പള്ളിയും ഒഴിയുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ദയനീയ പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതൃസ്‌ഥാനം ഒഴിഞ്ഞേക്കും . ആ സ്‌ഥാനത്തേക്കു ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെയും വി.ഡി. സതീശന്റെയും പേരുകളാണു പ്രവർത്തകർ നിർദ്ദേശിക്കുന്നത് .

ഉമ്മന്‍ ചാണ്ടിയും ഒഴിഞ്ഞാലേ മറ്റുള്ളവർക്ക് ചാൻസുള്ളൂ . ഉമ്മൻചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന നേതാവും നിയമസഭയിലെ സീനിയർ അംഗവുമാണ് തിരുവഞ്ചൂര്‍. മന്ത്രിയെന്ന നിലയിൽ ഏതൊക്കെ വകുപ്പ് ഏൽപ്പിച്ചിട്ടുണ്ടോ അതിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുമുണ്ട്‌.

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന്‌ രമേശ്‌ ചെന്നിത്തല നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ ചെന്നിത്തല കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കളുമായി ഒഴിയുന്ന കാര്യം സംസാരിച്ചു .

അതേസമയം, പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ്‌ ചെന്നിത്തല ഉന്നയിച്ച പല വിഷയങ്ങളിലും സര്‍ക്കാര്‍ പ്രതിരോധത്തിലായിട്ടുകൂടി പാര്‍ട്ടിയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാതിരുന്നതാണ്‌ ഇത്രയും വലിയ തിരിച്ചടിക്ക്‌ കാരണമെന്ന അഭിപ്രായം ചെന്നിത്തലയുടെ കൂടെ നിൽക്കുന്ന ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്‌.

രമേശ്‌ തുടരട്ടെയെന്നാണ്‌ അവരുടെ നിര്‍ദേശം. എന്തായാലും വൈകാതെ പാര്‍ട്ടിയില്‍ കാര്യമായ അഴിച്ചുപണി നടക്കുമെന്ന്‌ ഉറപ്പായി. കെ.പി.സി.സിയിലും ഡി.സി.സികളിലും അഴിച്ചുപണി നടത്തണമെന്ന്‌ പഞ്ചായത്ത് തെഞ്ഞൈടുപ്പിലെ പരാജയത്തിനു ശേഷം എ.ഐ.സി.സി. നിര്‍ദേശിച്ചിരുന്നു.

സംസ്‌ഥാന നേതാക്കള്‍ എതിര്‍ത്തതിനാല്‍ അന്നത് നടക്കാതെപോയി. പുതിയ സാഹചര്യത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടയുള്ളവരുടെ സ്‌ഥാനം തെറിക്കുമെന്നു വ്യക്‌തമായി.

തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസിലും യു.ഡി.എഫിലും പാളയത്തില്‍ പടനീക്കം ശക്‌തമാണ് . പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ നേതൃമാറ്റമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നുതുടങ്ങി.

പ്രതിപക്ഷനേതാവിനെയോ കെ.പി.സി.സി. അധ്യക്ഷനെയോ മാത്രം മാറ്റിക്കൊണ്ടുള്ള മുഖംമിനുക്കലല്ല, സമഗ്ര അഴിച്ചുപണിയാണു പലരും ആവശ്യപ്പെടുന്നത്‌. ജില്ലാതലങ്ങളില്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറി ആരംഭിച്ചു. ആലപ്പുഴ ഡി.സി.സി. അധ്യക്ഷനും അമ്പലപ്പുഴയിലെ സ്‌ഥാനാര്‍ഥിയുമായിരുന്ന എം. ലിജു രാജിവച്ചാണു പ്രതിഷേധമറിയിച്ചത്‌.

കണ്ണൂരിലെ സ്‌ഥാനാര്‍ഥിയും ഡി.സി.സി. അധ്യക്ഷനുമായ സതീശന്‍ പാച്ചേനി, ഇടുക്കി ഡി.സി.സി. അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരും രാജിസന്നദ്ധത അറിയിച്ചു. ജില്ലാതലത്തിലുള്ള ഈ നീക്കങ്ങള്‍ സംസ്‌ഥാനനേതാക്കളും മാതൃകയാക്കണമെന്ന ആവശ്യമാണുയരുന്നത്‌. അരൂരില്‍ പരാജയപ്പെട്ട ഷാനിമോള്‍ ഉസ്‌മാനും തൃപ്പൂണിത്തുറയില്‍ കഷ്‌ടിച്ച്‌ കടന്നുകൂടിയ കെ. ബാബുവും നേതൃത്വത്തിനെതിരേ രംഗത്തെത്തി.

നിലവില്‍ ഐ ഗ്രൂപ്പിനുള്ള ഏകപദവിയാണു പ്രതിപക്ഷനേതാവിന്റേത്‌. അതു രമേശ്‌ ചെന്നിത്തല ഒഴിഞ്ഞാല്‍ ഗ്രൂപ്പ്‌ തീര്‍ത്തും ദുര്‍ബലമാകും. അതുകൊണ്ടുതന്നെ എല്ലാ പദവികളിലും അഴിച്ചുപണിയുണ്ടാകുമെന്നാണു സൂചന.

പ്രതിപക്ഷനേതൃസ്‌ഥാനം എ ഗ്രൂപ്പിന് നൽകിയാൽ കെ.പി.സി.സി. അധ്യക്ഷപദവിക്കായി ഐ ഗ്രൂപ്പ്‌ പിടിമുറുക്കും. യു.ഡി.എഫ്‌. കണ്‍വീനറായും പുതിയയാള്‍ വരും.

പദവികള്‍ പതിവുപോലെ ഗ്രൂപ്പുകള്‍ക്കു വീതംവയ്‌ക്കുന്നത്‌ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന പൊതുവികാരമാണു പാര്‍ട്ടിയിലുള്ളത്‌. പ്രവര്‍ത്തന സജ്‌ജരായ പുതുനേതൃത്വം വേണമെന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരുള്‍പ്പെടെ ആവശ്യപ്പെടുന്നു.

പാര്‍ട്ടി നേതൃത്വത്തിലും തലമുറമാറ്റമെന്ന വാദമാണ്‌ ഇവര്‍ ഉന്നയിക്കുന്നത്‌. ദേശീയനേതൃത്വത്തിന്റ ദയനീയാവസ്‌ഥയും പാര്‍ട്ടിയെ അലട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ നാടിളക്കിയുള്ള പ്രചാരണമാണു കോണ്‍ഗ്രസ്‌ നടത്തിയത്‌. പക്ഷെ ജനം അംഗീകരിച്ചില്ല .

സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ ഏറെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്‌തു. എന്നാല്‍, ഈ അനുകൂലഘടകങ്ങളൊന്നും താഴേത്തട്ടിലെത്തിക്കാന്‍ സംഘടനാസംവിധാനം മാത്രം ഉണ്ടായിരുന്നില്ല. കെ.പി.സി.സി, ഡി.സി.സി. തലത്തില്‍ ജംബോ കമ്മിറ്റികളുണ്ടാക്കുന്ന നേതൃത്വം ബൂത്ത്‌ തലത്തില്‍ സംഘടനാസംവിധാനം ശക്‌തമാക്കാന്‍ താത്‌പര്യം കാട്ടിയില്ല. മിക്കയിടത്തും മണ്ഡലം കമ്മിറ്റികള്‍ പോലുമില്ല.

വി.എം. സുധീരന്‍ കെ.പി.സി.സി. അധ്യക്ഷനായിരിക്കേയാണു ബൂത്ത്‌ മുതല്‍ കെ.പി.സി.സിവരെ പുനഃസംഘടിപ്പിക്കാന്‍ ഒടുവിലൊരു ശ്രമം നടന്നത്‌. അത്‌ അദ്ദേഹത്തിനു പുറത്തേക്കുള്ള വഴിയുമായി. കോൺഗ്രസ്സ് ഇനിയും രക്ഷപ്പെടണമെങ്കിൽ ഈ പാഠങ്ങൾ ഉൾക്കൊള്ളണം .

Leave A Reply
error: Content is protected !!