കോവിഡ്​ വ്യാപനത്തെ സംബന്ധിച്ച ആശങ്ക ; നിംഹാൻസ്​ ഹെൽപ്​ ലൈനിലെ കോളുകളിൽ വർധനവ്

കോവിഡ്​ വ്യാപനത്തെ സംബന്ധിച്ച ആശങ്ക ; നിംഹാൻസ്​ ഹെൽപ്​ ലൈനിലെ കോളുകളിൽ വർധനവ്

ബംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിലെ ജനങ്ങളുടെ മാനസികാരോഗ്യത്തേയും ഉയർന്ന തരത്തിൽ ബാധിക്കുന്നതായി റിപ്പോർട്ട്​. കോവിഡുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ആശങ്കകളുമായി ബംഗളൂരുവിലെ നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെൻറൽ ഹെൽത്ത്​ ആൻഡ്​ ന്യൂറോ സയൻസിലേക്ക്​ വരുന്ന കോളുകളിൽ 40 ശതമാനം വർധനയു​ണ്ടായെന്ന്​ അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കോളുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട് .

കൊറോണ വൈറസ് ​ ജനങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന്​ വ്യക്​തമാക്കുന്നതാണ്​ നിംഹാൻസിലേക്ക്​ എത്തുന്ന കോളുകളെന്ന്​ സ്ഥാപനത്തിലെ സൈക്കോളജിക്കൽ​ കെയർ ആൻഡ്​ ഡിസാസ്​റ്റർ മാനേജ്​മെൻറ്​ തലവൻ കെ.ശേഖർ ചൂണ്ടിക്കാട്ടി .

കുടുംബത്തിലെ പലരുടേയും കോവിഡ്​ ബാധിച്ചുള്ള മരണം പലരിലും കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് . പലർക്കും ആശുപത്രി, ഐ.സി.യു, ശ്​മശാനങ്ങൾ എന്നിവയെ കുറിച്ച്​ മാത്രമാണ്​ ചിന്തിക്കാൻ കഴിയുന്നതെന്നും ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ കഴിയാത്തതിലെ കടുത്ത നിരാശയും ആൾക്കാർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2020 ൽ രാജ്യവ്യാപക ലോക്​ഡൗൺ ​പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ 080-4611 0007 എന്ന നമ്പറിൽ നിംഹാൻസ്​ ഹെൽപ്പ്​ ലൈൻ തുടങ്ങിയത്​. കോവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്നതിന് മുമ്പ്​ നിംഹാൻസ്​ ഹെൽപ്​ ലൈനിൽ പ്രതിദിനം 400 കോളുകളാണ്​ വന്നിരുന്നത്​. ഇപ്പോൾ അത്​ 700 ആയി വർധിച്ചു. വാക്​സിൻ സംബന്ധിച്ച ആശങ്ക, സ്​കൂളുകൾ തുറക്കുന്നതിലെ അനിശ്​ചിതത്വം, വാക്​സിനുകളുടെ ഫലപ്രാപ്​തി, ലോക്​ഡൗൺ എന്നിവയെ കുറിച്ചെല്ലാം ജനങ്ങൾ ചോദ്യങ്ങളുമായി എത്തുന്നുണ്ട്​. 45 മുതൽ 55 വയസ്​ വരെയുള്ളവരാണ്​ അധികമായി വിളിക്കുന്നത്​. ഇപ്പോൾ കൗമാരക്കാരും യുവാക്കളും നിംഹാൻസിന്റെ കോൾ സെൻററിലേക്ക്​ കൂടതലായി വിളിക്കുന്നുണ്ടെന്നും കെ.ശേഖർ അറിയിച്ചു .

Leave A Reply
error: Content is protected !!