വാക്‌സിന്‍ നിര്‍മാണം ; ബ്രിട്ടനില്‍ 240 മില്യൺ പൗണ്ട് നിക്ഷേപിക്കാൻ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

വാക്‌സിന്‍ നിര്‍മാണം ; ബ്രിട്ടനില്‍ 240 മില്യൺ പൗണ്ട് നിക്ഷേപിക്കാൻ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ലണ്ടന്‍: ലോകത്തെ ഒന്നാം നിര വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബ്രിട്ടനില്‍ വന്‍ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുന്നു . സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ബ്രിട്ടനില്‍ 240 മില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ് അറിയിച്ചു.

6,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന 100 കോടി പൗണ്ടിന്റെ ഇന്ത്യ- യുകെ വ്യാപാര പങ്കാളിത്വത്തിന്റെ ഭാഗമായാണ് നിക്ഷേപം. ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ യു.കെയില്‍ സുപ്രധാന പദ്ധതികളില്‍ നിക്ഷേപം നടത്തുന്ന 20 ഓളം ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാണ് പൂനെ ആസ്ഥാനമായുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

നേരത്തെ, കോവിഡ് പ്രതിരോധത്തിനായി ഒറ്റ ഡോസ് നേസല്‍ വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് യു.കെയില്‍ ആരംഭിച്ചിരുന്നു. പദ്ധതിയില്‍ സെയില്‍സ് ഓഫീസ്, ഗവേഷണം, വാക്‌സിനുകളുടെ നിര്‍മാണം , ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, എന്നിവ ഉള്‍പ്പെടുമെന്ന് ബോറിസ് ജോണ്‍സന്റെ ഓഫീസ് അറിയിച്ചു. സെയില്‍സ് ഓഫീസ് വഴി 100 കോടി യുഎസ് ഡോളറിന്റെ വ്യാപാരമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

” നിക്ഷേപം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, ഗവേഷണം, വികസനം, വാക്‌സിന്‍ നിര്‍മാണം എന്നിവയെ സഹായിക്കും. കൊറോണ വൈറസ്, മറ്റ് മാരകരോഗങ്ങള്‍ എന്നിവയെ പരാജയപ്പെടുത്താന്‍ ബ്രിട്ടനേയും ലോകത്തെയും സഹായിക്കും. കോഡജെനിക്‌സുമായി സഹകരിച്ച് കോവിഡിനെതിരായ ഒറ്റ ഡോസ് നേസല്‍ വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ സിറം ഇതിനകം യുകെയില്‍ ആരംഭിച്ചു.” – പ്രസ്താവനയില്‍ അറിയിച്ചു .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടക്കാനിരിക്കുന്ന വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായാണ് ബോറിസ് ജോണ്‍സന്റെ ഓഫീസ് ഇക്കാര്യം വെളിപ്പെടുത്തിയത് .

Leave A Reply
error: Content is protected !!