തൃശൂരിൽ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്: കലക്ടര്‍ എസ് ഷാനവാസ്

തൃശൂരിൽ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്: കലക്ടര്‍ എസ് ഷാനവാസ്

തൃശൂർ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം വ്യവസായ ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലണ്ടറുകള്‍ അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ ഇത്തരത്തില്‍ 1600 സിലണ്ടറുകള്‍ കണ്ടെത്തിയിട്ടുണ്ട്. വ്യവസായിക ആവശ്യത്തിനുള്ള സിലണ്ടറുകള്‍ കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിട്ടു നല്‍കാന്‍ സ്ഥാപന ഉടമകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സിലണ്ടറുകള്‍ ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചു. മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ പ്ലാന്റ് ഉടനെ പ്രവര്‍ത്തനം ആരംഭിക്കും. കൂടുതല്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ സൗകര്യത്തോടെയുള്ള ബഡുകള്‍ ഉറപ്പാക്കും.

ജില്ലയിലെ ആശുപത്രികളില്‍ 50 ശതമാനം ബഡുകള്‍ മാറ്റിവെയ്്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ടു പോകുന്നു.ആദ്യ ഘട്ടത്തെ അപേക്ഷിച്ച് ജില്ലയില്‍ കോവിഡിന്റെ രണ്ടാം വരവ് അതിവേഗത്തിലാണ്. പ്രതിദിന രോഗികളുടെ കണക്കുകള്‍ ഉയരുന്നത് കുറക്കുകയാണ് ലക്ഷ്യം.

വ്യാപനം കുറക്കുന്നതിനുള്ള നടപടികള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ജില്ലാ ഭരണകൂടം മുന്നോട്ട് പോകുന്നത്. കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണണങ്ങള്‍ കൃത്യമായി പാലിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആളുകള്‍ കൂട്ടംകൂടാനിടയുള്ള പ്രദേശങ്ങള്‍ എന്നിവടങ്ങളിലെല്ലാം നിരോധനമുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആശങ്ക പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കലക്ടര്‍ പറഞ്ഞു.

Leave A Reply
error: Content is protected !!