നൽകാത്ത സൗകര്യങ്ങൾക്ക് ഫീസ് ഈടാക്കരുത് ; ഓൺലൈൻ ക്ലാസുകൾക്ക് സ്കൂളുകൾ ഫീസ് കുറക്കണം: സുപ്രീംകോടതി

നൽകാത്ത സൗകര്യങ്ങൾക്ക് ഫീസ് ഈടാക്കരുത് ; ഓൺലൈൻ ക്ലാസുകൾക്ക് സ്കൂളുകൾ ഫീസ് കുറക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി വർധിച്ചതോടെ ഓൺലൈൻ ക്ലാസ് തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് കുറക്കണമെന്ന് സുപ്രീം കോടതി. കാമ്പസുകളിൽ നൽകുന്ന പല സൗകര്യങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫീസ് കുറക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം .ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്‍റുകളും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ബോധവാന്മാരാവുകയും ഈ കോവിഡ് കാലത്ത് അവർക്ക് സഹായകരമായ രീതിയിൽ പ്രവർത്തിക്കുകയും വേണം. നൽകാത്ത സൗകര്യങ്ങൾക്ക് പോലും ഫീസ് ഈടാക്കുന്ന തരത്തിലുള്ള ലാഭക്കണ്ണുള്ള ബിസിനസ് താൽപര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ചേ മതിയാകൂവെന്നും കോടതി നിരീക്ഷിച്ചു .

കോവിഡ് വ്യാപനത്തോടെ 2020-21 വർഷത്തിൽ സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് തന്നെ ഇലക്ട്രിസിറ്റി, വാട്ടർ ചാർജ്, സ്റ്റേഷനറി ചാർജ്, മേൽനോട്ടത്തിനുള്ള ചാർജ് എന്നീ വകയിൽ മാനേജ്മെന്‍റുകൾക്ക് ചെലവ് കുറയാനും കാരണമായി . വിദ്യാർഥികളുടെയോ മാറ്റാരാളുടെയോ തെറ്റ് മൂലമല്ലാതെ സംഭവിച്ച ലോക്ഡൗണിന്‍റെ ഭാരം അവരിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി .

Leave A Reply
error: Content is protected !!