പ്രാണ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു

പ്രാണ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു

പത്ത് മരം നട്ടതിന്റെ ചിത്രവുമായി ചെന്നാൽ 25000 രൂപ ഡിസ്കൗണ്ടോ? അത്ഭുതപ്പെടാൻ വരട്ടെ, തമിഴ്നാട്ടുകാരൻ മോഹൻരാജ് രാമസ്വാമിയുടെ കരവിരുതിൽ ക്ലച്ചും, ചെയിനും, പുകയുമില്ലാത്ത രാജ്യത്തെ ആദ്യ വൈദ്യുത സൂപ്പർ ബൈക്ക് ‘പ്രാണ’ വിപണിയിലെത്തുന്നു. പ്രാണയുടെ പ്രത്യേകതയെ അറിയാം നമുക്ക്. നാല് സെക്കൻഡ് കൊണ്ട് 60 കിലോമീറ്റർ, ആറ് സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗം. 165 കിലോ ഭാരം, വേഗത 123 കിലോമീറ്റർ, ഒരു സൂപ്പർബൈക്കിന് അത്യാവശ്യം വേണ്ടതൊക്കെ ഇതിലുണ്ട്. ശബ്ദമില്ലാത്ത
പ്രാണ’യുടെ മൂന്ന് വേരിയന്റുകളുണ്ട്. ഇതിൽ ‘ഗ്രാൻഡ്’ വളരെ പ്രത്യേകതയുള്ളതാണ്. ഒറ്റനോട്ടത്തിൽ കാവസാക്കി നിഞ്ചയുടെ ‘ഇസെഡി’നെ ഓർമിപ്പിക്കും. പച്ചയും വെള്ളയും കലർന്നതാണ് നിറം. കുതിക്കാനാഞ്ഞ് നിൽക്കുന്ന ചീറ്റപ്പുലിയുടെ ഭാവം. മുന്നോട്ടാഞ്ഞ് നിൽക്കുന്ന പ്രകൃതം. ഹെഡ്ലൈറ്റുകൾ മൂന്ന് ക്ലസ്റ്ററുകളാണ്. ചെറുതെങ്കിലും ആവശ്യത്തിന് വെളിച്ചം പകരുന്ന എൽ.ഇ.ഡി.കളാണിതിൽ. ഡി.ആർ.എല്ലും ഇതോടൊപ്പം ചേർന്നിരിക്കുന്നു. താക്കോലിട്ട് തിരിച്ചാൽ എല്ലാം കത്തിക്കോളും.വലിയൊരു ടാങ്ക് ഉണ്ട്. ഭാവിയിൽ ‘ഫാസ്റ്റ് ചാർജിങ്’ വന്നാൽ അതിനായുള്ള സോക്കറ്റാക്കി മാറ്റാൻ കഴിയുന്ന വിധത്തിലാണ് ഈ ടാങ്കിന്റെ അടപ്പ്.

ടാങ്കിനു താഴെയാണ് കരുത്തുറ്റ ഫ്രെയിമിൽ ബാറ്ററി പാക്ക് ഉള്ളത്. വണ്ടിയുടെ ഭാരത്തിന്റെ പ്രധാന അംശം ഈ ലിഥിയം അയോൺ ബാറ്ററി പാക്കാണ്. ചെറിയ സെല്ലുകളാണിതിൽ. അത്യാവശ്യമെങ്കിൽ സെല്ലുകൾ മാറ്റാനും കഴിയും. ഇരട്ട സീറ്റുകൾ മികച്ച നിലവാരം പുലർത്തുന്നുണ്ട്. പിന്നിലെ ചക്രത്തിലാണ് കരുത്തേറിയ മോട്ടോർ പ്രവർത്തിക്കുന്നത്. എയർ കൂൾഡ് ബി.എൽ.ഡി.സി. മോട്ടോറാണ് ഇതിനുള്ളിലുള്ളത്. വളരെ മെലിഞ്ഞ ഇൻഡിക്കേറ്ററുകളും എൽ.ഇ.ഡി. ടെയിൽ ലൈറ്റും മാത്രമായി ഒതുക്കിയിരുന്നു പിൻവശം. ഹാഫ് മഡ് ഫ്ളാപ്പുമുണ്ട്. ബൈക്കുകളുടെ ആകർഷണമായ സൈലൻസർ ഇതിലില്ല. ബ്രേക്ക് കാലിലല്ല കൈയിലാണ്. സ്കൂട്ടർ പോലെതന്നെ. ഇരു കാലിനും ഫുട്ട് റെസ്റ്റുകളാക്കി ഒതുക്കിയിരിക്കുന്നു. രണ്ടാം സീറ്റിന് പിന്നിലാണ് ചാർജിങ് സെറ്റപ്പ് സൂക്ഷിച്ചിരിക്കുന്നത്. വലതു ഭാഗത്തുള്ള സോക്കറ്റിൽ സാധാരണ വീട്ടിലുപയോഗിക്കുന്ന ത്രീ പിന്നാണ് ഉപയോഗിക്കുന്നത്. നാലു മണിക്കൂർ മുതൽ ആറു മണിക്കൂർ വരെ സമയമെടുക്കും പൂർണമായി ചാർജ് ചെയ്യാൻ. 126 കിലോമീറ്റർ മുതൽ 225 കിലോമീറ്റർ വരെയാണ് റേഞ്ച്. 2,000 റീച്ചാർജബിൾ സൈക്കിളാണ് ബാറ്ററി ലൈഫ്. ഫാക്ടറി വില 3.36 ലക്ഷം രൂപയാണ്.

Leave A Reply
error: Content is protected !!