ജോസ് കെ മാണി രാജ്യസഭയിലേക്ക് : പാലാക്കാർക്ക് വേണ്ടായെങ്കിലും പാലാക്കാരെ വേണം

ജോസ് കെ മാണി രാജ്യസഭയിലേക്ക് : പാലാക്കാർക്ക് വേണ്ടായെങ്കിലും പാലാക്കാരെ വേണം

നിയമ സഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റ ജോസ് കെ മാണി രാജ്യസഭാ അംഗമായേക്കും . ജോസ് കെ മാണി രാജിവച്ച ഒഴുവിൽ അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചേക്കും . ഒരു കണക്കിന് തെരഞ്ഞെടുപ്പിന് മുൻപ് നടന്ന രാജ്യ സഭാ തെരഞ്ഞെടുപ്പിൽ ഈ ഒഴിവും കൂട്ടാഞ്ഞത് ഭാഗ്യമായി .

നിയമസഭയിൽ തോറ്റെങ്കിലും മന്ത്രിയാകാൻ പറ്റിയില്ലെങ്കിലും രാജ്യ സഭയിൽ പോകാമല്ലോ എങ്ങനെയായാലും അധികാരം കിട്ടുമല്ലോ . പാലായിൽ തോറ്റെങ്കിലും പാർട്ടിയുടെ അഞ്ചു സ്ഥാനാർത്ഥികളെ വിജയിപ്പിച്ചതും മദ്ധ്യ കേരളത്തിൽ ഇടതു മുന്നണിക്ക് വൻ വിജയം നേടിക്കൊടുത്തതും നേട്ടമായി കരുതാം .

കെ.എം.മാണി അരനൂറ്റാണ്ട് കൈവെള്ളയിൽ വച്ച പാലായിൽ പിൻഗാമിയാകാനുള്ള ജോസിന്റെ മോഹം മാത്രം പൂവണിഞ്ഞില്ല . എന്ത് ചെയ്യാം പാവത്തിനെ പതിനയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാണി സി. കാപ്പൻ തോൽപ്പിച്ചത്. മാത്രമല്ല സ്വന്തം ബൂത്തിൽ പോലും 7 വോട്ടുകൾ കുറഞ്ഞത് ദയനീയമായിപ്പോയി . അത്രക്ക് സ്നേഹമാ ജോസ് മോനോട് പാലക്കാർക്ക് .

എങ്കിലും അഞ്ച് സീറ്റിലെ ജയവും കോട്ടയത്ത് രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന എൽ.ഡി.എഫ് ഒമ്പതിൽ അഞ്ചു സീറ്റ് നേടിയതും ജോസിന്റെ ശക്തി തെളിയിച്ചു വെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റില്ല . പക്ഷെ വോട്ട് വിഹിതം നോക്കുമ്പോൾ ആ അവകാശവാദത്തിന് തിരിച്ചടി യാണ് കിട്ടുന്നത് .

പന്ത്രണ്ട് സീറ്റിലാണ് ജോസ് വിഭാഗം മത്സരിച്ചത്. കോട്ടയത്തെ അഞ്ചിൽ മൂന്നും ജയിച്ചു. കൂടാതെ റാന്നിയിലും ഇടുക്കിയിലുമാണ് ജയിച്ചത്. പ്രാദേശിക എതിർപ്പിനെ തുടർന്ന് ജോസ്‌ വിഭാഗം തിരികെകൊടുത്ത കുറ്റ്യാടിയിൽ സി.പി.എം ജയിച്ചു.

അതേസമയം എൽ ഡി എഫിന്റെ കയ്യിലിരുന്ന സിറ്റിംഗ് സീറ്റ് 3 എണ്ണമാണ് ജോസിന് വിട്ട് നൽകിയത് . അതിൽ രണ്ടും ദയനീയമായി പരാജയപ്പെട്ടു . ചാലക്കുടിയും പാലായും തോറ്റപ്പോൾ റാന്നിയിൽ മാത്രമാണ് തുശ്ചമായ വോട്ടുകൾക്ക് വിജയിച്ചത് .

ചാലക്കുടിയിൽ ദേവസിയും റാന്നിയിൽ രാജു ഏബ്രഹാമും നല്ല ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത് . കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപോലെ പ്രതീക്ഷിക്കാതെ 12 സീറ്റുകൾ കിട്ടിയപ്പോൾ കണ്ണ് മഞ്ഞളിച്ചു . ഒരാലോചനയുമില്ലാതെ കണ്ണിൽ കണ്ടവരെയൊക്കെ സ്ഥാനാർത്ഥികളാക്കി . ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല .

എങ്ങനെയെങ്കിലും സിപിഎം ന്റെ കാലുപിടിച്ചു രാജ്യ സഭ ഒപ്പിക്കാൻ നോക്ക് .

അതല്ല സംസ്ഥാന രാഷ്ട്രീയത്തിൽ ഉറച്ചു നിൽക്കാനാണ് തീരുമാനമെന്നും ഏതെങ്കിലും എം.എൽ.എ യെ രാജിവയ്‌പ്പിച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും രാഷ്ട്രീയ വിരോധികൾ പറഞ്ഞു നടക്കുന്നുണ്ട് .

അതൊന്നും കാര്യമാക്കണ്ടാ . അങ്ങനെയൊന്നും ചെയ്യില്ലെന്ന് എല്ലാവർക്കുമറിയാം . കാരണം ഇവിടങ്ങളിൽ ജയിച്ചത് ജോസ് കെ മാണി പണിയെടുത്തിട്ടല്ലാ . സിപിഎം നല്ലതുപോലെ വിയർപ്പൊഴുക്കിയിട്ടുമാത്രമാണ് . അതുകൊണ്ട് അങ്ങനെയൊരു പൂതി മനസ്സിലുണ്ടെങ്കിൽ അത് പുറത്തെടുക്കണ്ടാ മനസ്സിൽ തന്നെ വച്ചിരുന്നാൽ മതി .

പാലയ്ക്ക് പുറമെ തൊടുപുഴയും കണ്ണൂരിലെ ഇരിക്കൂറും കോട്ടയത്തെ കടുത്തുരുത്തിയും തൃശൂരിലെ ചാലക്കുടിയും എറണാകുളത്തെ പെരുമ്പാവൂരും പിറവവുമാണ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത്. തൊടുപുഴയില്‍ കെ.ഐ. ആന്റണി പി.ജെ.ജോസഫിനോട് 9209 വോട്ടിനും കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ് മോന്‍സിനോട് 2450 വോട്ടിനുമാണ് തോറ്റത്.

ഇരിക്കൂറില്‍ സജി കുറ്റിയാനിമറ്റം കോണ്‍ഗ്രസിന്റെ സജീവ് ജോസഫിനോട് 9962 വോട്ടിനും ചാലക്കുടിയില്‍ ഡെന്നിസ് കെ. ആന്റണി കോണ്‍ഗ്രസിന്റെ തന്ന സനീഷ്‌കുമാറിനോട് 941 വോട്ടിനും പെരുമ്പാവൂരില്‍ ബാബു ജോസഫ് എല്‍ദോസ് കുന്നപ്പിള്ളിയോട് 2961 വോട്ടിനും പിറവത്ത് സിന്ധുമോള്‍ ജേക്കബ് സിറ്റിങ് എം.എല്‍.എയും മുന്‍മന്ത്രിയുമായ അനൂപ് ജേക്കബിനോട് 25,374 വോട്ടിനുമാണ് തോറ്റത്.

അതേസമയം യു ഡി എഫിൽ പി.ജെ. ജോസഫ് വിഭാഗത്തിനും വന്‍ തിരിച്ചടിയാണുണ്ടായത് . യുഡിഎഫില്‍ തര്‍ക്കിച്ച് വാങ്ങിയ പത്തു സീറ്റുകളിലെ എട്ടിലും ജോസഫ് കളത്തിലിറക്കിയ സ്ഥാനാര്‍ത്ഥികള്‍ തോറ്റു തുന്നംപാടി. പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ജയിക്കാനായത് പാര്‍ട്ടി നേതാവിനും ഉപനേതാവിനും മാത്രം.

പരാജയത്തില്‍ ഏറ്റവും ശ്രദ്ധേയമായത് കെ.എം. മാണിയുടെ മരുമകന്‍ എം.പി. ജോസഫിന്റെ തോല്‍വിയായിരുന്നു. ജോസ് കെ മാണിയുമായി പിരിഞ്ഞ് ശത്രുപക്ഷത്ത് നില കൊണ്ട എം.പി. ജോസഫ് സിപിഎമ്മിന്റെ എം രാജഗോപാലിനോട് 19,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

കേരളാകോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടിയ ഇടുക്കിയില്‍ ഫ്രാന്‍സസ് ജോര്‍ജ്ജിനും വിജയം നേടാനായില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജോസഫ് വിഭാഗത്തിനൊപ്പം കൂടിയ ഫ്രാന്‍സിസ് ജോര്‍ജ്ജ് ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനോട് ഇടുക്കിയില്‍ തോല്‍വി ഏറ്റുവാങ്ങി. 5,563 വോട്ടുകള്‍ക്കായിരുന്നു ഫ്രാൻസിസ് ജോർജ്ജിന്റെ പരാജയം .

മാണി ഗ്രൂപ്പിൽ നിന്നും തെറ്റിപ്പിരിഞ്ഞു ജോസഫിന്റെ കളത്തിലെത്തി തോല്‍വി ഏറ്റുവാങ്ങിയ മറ്റ് മൂന്ന് പ്രമുഖര്‍ ഇരിങ്ങാലക്കുടയില്‍ മത്സരിച്ച തോമസ് ഉണ്യാടനും കോതമംഗലത്ത് മത്സരിച്ച ഷിബു തെക്കുംപുറവും ഏറ്റുമാനൂരിലെ പ്രിന്‍സ് ലൂക്കോസുമായിരുന്നു.

തോമസ് ഉണ്യാടന്‍ സിപിഎമ്മിന്റെ ആര്‍ ബിന്ദുവിനോട് 5000 വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്. ഷിബു തെക്കുംപുറം സിപിഎമ്മിന്റെ ആന്റണി ജോണിനോട് പരാജയമറിഞ്ഞപ്പോള്‍ പ്രിന്‍സ് ലൂക്കോസിന് ഏറ്റുമാനൂരില്‍ പരാജയമായത് വിഎന്‍ വാസവനോടുള്ള മത്സരമായിരുന്നു. ലതികാ സുഭാഷ് യുഡിഎഫ് വിമതയായതും തിരിച്ചടിച്ചു.

ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ സി.എഫ് തോമസ് അന്തരിച്ച ശേഷം ചങ്ങനാശ്ശേരിയെ പ്രതിനിധീകരിക്കാന്‍ എത്തിയ വിജെ ലാലിക്കും വിജയിക്കാനായില്ല. ജോസ് കെ മാണിയുടെ ജോബ് മൈക്കിളിനോട് തോല്‍വി ഏറ്റുവാങ്ങി. കുട്ടനാട്ടില്‍ ജേക്കബ് ഏബ്രഹാമും തിരുവല്ലയില്‍ കുഞ്ഞുകോശി പോളും തോറ്റു.

കൂട്ടത്തിലുള്ള ഭൂരിഭാഗവും പരാജയമറിഞ്ഞപ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ തൊടുപുഴയില്‍ വിജയം നേടി. പക്ഷേ കഴിഞ്ഞ വര്‍ഷം 45,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച സ്ഥാനത്ത് ഇത്തവണ പി.ജെ ജോസഫ് ജയിച്ചത് 25,000 വോട്ടിനായിരുന്നെന്ന് മാത്രം. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനും നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാനായത് തിരിച്ചടിയാണ്.

മറുവശത്ത് പാലായില്‍ മത്സരിച്ച ജോസ് കെ മാണി തോറ്റത് പിജെ ജോസഫിന് വ്യക്തിപരമായി സന്തോഷം നല്‍കിക്കാണും . ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തിയ പി.ജെ. ജോസഫിനെ കൂവിവിളിച്ച ജോസ്പക്ഷത്തിനോട് ജോസിന്റെ തോല്‍വിയിലൂടെ മധുരപ്രതികാരം ചെയ്യാനായി .

Leave A Reply
error: Content is protected !!