കോവിഡ് പ്രതിരോധം; കൊല്ലത്ത് പരിശോധന വ്യാപകം

കോവിഡ് പ്രതിരോധം; കൊല്ലത്ത് പരിശോധന വ്യാപകം

കൊല്ലം: കോവിഡ് പ്രതിരോധത്തിനായി നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 61 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പത്തനാപുരം താലൂക്ക് പരിധിയിലെ കുന്നിക്കോട്, വിളക്കുടി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 കേസുകള്‍ക്ക് താക്കീത് നല്‍കി. കോവിഡ് നിയമലംഘനം കണ്ടെത്തിയ ഒരു സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കി. പത്തനാപുരം താലൂക്ക് തഹസില്‍ദാര്‍ സജി.എസ്. കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കുന്നത്തൂര്‍ താലൂക്ക് തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ പോരുവഴി, ചക്കുവള്ളി, മലനട, പതാരം, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 68 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ആറു കേസുകളില്‍ പിഴ ഈടാക്കുകയും ചെയ്തു. കൊല്ലത്തെ കുണ്ടറ, മുക്കട, ആശുപത്രിമുക്ക്, പെരുമ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകളില്‍ പിഴ ഈടാക്കി. 47 കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസില്‍ദാര്‍ വിജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൊട്ടാരക്കരയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നിയമ ലംഘനം കണ്ടെത്തിയ 18 കേസുകളില്‍ പിഴ ഈടാക്കി. 130 കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസില്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദര്‍മാരായ ജി. അജേഷ്, കെ. ജി. സുരേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

കരുനാഗപ്പള്ളി താലൂക്ക് തഹസില്‍ദാര്‍ കെ. ജി മോഹനന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി, ചവറ, ഓച്ചിറ, തെക്കുംഭാഗം, കല്ലേലിഭാഗം, പ•ന, കുലശേഖരപുരം എന്നിവിടങ്ങളില്‍ പരിശോധന നടത്തി. നിയമ ലംഘനം കണ്ടെത്തിയ 253 കേസുകള്‍ക്ക് താക്കീത് നല്‍കി. 33 കേസുകളില്‍ പിഴയീടാക്കി.പുനലൂര്‍ താലൂക്ക് തഹസില്‍ദാര്‍ പി. വിനോദ് രാജിന്റെ നേതൃത്വത്തില്‍ പുനലൂര്‍ നഗരപരിധി, മാര്‍ക്കറ്റ്, ടി ബി ജംഗ്ഷന്‍, ചെമ്മന്തൂര്‍, തൊളിക്കോട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡ ലംഘനം കണ്ടെത്തിയ 15 കേസുകള്‍ക്ക് താക്കീത് നല്‍കി.

Leave A Reply
error: Content is protected !!