പല കോൺഗ്രസ്സ് നേതാക്കളുടേയും തലയുരുളും: ഉമ്മൻ‌ചാണ്ടി പ്രതിപക്ഷ നേതാവ്

പല കോൺഗ്രസ്സ് നേതാക്കളുടേയും തലയുരുളും: ഉമ്മൻ‌ചാണ്ടി പ്രതിപക്ഷ നേതാവ്

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത അടിയിൽ കോണ്‍ഗ്രസിന്റെ പല മുന്‍നിര നേതാക്കളുടേയും തലയുരുളും . പ്രതിപക്ഷ നേതാവെന്ന നിലയില്‍ പരാജയത്തിന്റെ പാപഭാരം ഏറ്റവും കൂടുതല്‍ ഏറ്റു വാങ്ങേണ്ടി വരിക രമേശ് ചെന്നിത്തലയ്ക്കാണ് .

ഉപതിരഞ്ഞെടുപ്പുകളിലേയും പഞ്ചായത്ത് തിരഞ്ഞെടുപ്പിലേയും തോല്‍വിയില്‍ ചെന്നിത്തലയുടെ നേതൃസ്ഥാനം സംബന്ധിച്ച് നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടതാണ്. സര്‍ക്കാരിനെ പല തവണ പ്രതിക്കൂട്ടിലാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയേയും മുന്നണിയേയും തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനുള്ള കരുത്ത് അദ്ദേഹത്തിനില്ലെന്നതാണ് ചെന്നിത്തല നേരിടുന്ന വെല്ലുവിളി.

ഭരണം കിട്ടാതെ പാര്‍ട്ടിക്ക് നിലനില്‍പ്പില്ലെന്ന ഘട്ടത്തില്‍ ചെന്നിത്തലയുടെ ഈ പോരായ്മ മനസ്സിലാക്കിയാണ് ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നിലേക്ക് എത്തിച്ചത്. അത് മനസ്സുകൊണ്ട് ചെന്നിത്തലക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നു .

എന്നാല്‍ പിണറായി വിജയന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉണ്ടാക്കിയെടുത്ത ജനകീയതയെ മറിക്കടക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ പഴയപ്രതാപത്തിനായില്ല. അര നൂറ്റാണ്ടുകാലും പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിക്ക് സ്വന്തം മണ്ഡലത്തില്‍ പോലും ജനകീയത നഷ്ടമായെന്നതിന് തെളിവാണ് തിരഞ്ഞെടുപ്പ് ഫലം.

ഉമ്മന്‍ചാണ്ടിയിലൂടെ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് കേരളത്തിലുണ്ടാകില്ലെന്ന് തിരിച്ചറിയാന്‍ ഹൈക്കമാന്‍ഡിന് ഇതില്‍കൂടുതലൊന്നും വേണ്ട. മുല്ലപ്പള്ളി രാമചന്ദ്രന്റെ കെ.പി.സി.സി. അധ്യക്ഷ പദവിയും തെറിക്കുമെന്നുറപ്പായി.

സ്ഥാനാര്‍ഥിത്വം നല്‍കി മുല്ലപ്പള്ളിയെ നീക്കി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തോടെ സുധാകരന് ഈ പദവിയിലേക്കുള്ള വഴി എളുപ്പമായി.

സുധാകരനും വി.ഡി. സതീശനടക്കമുള്ള യുവനേതൃത്വത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരികയല്ലാതെ ഇനി കോണ്‍ഗ്രസിന് ഒരടി മുന്നോട്ടുപോകാനാകില്ല.

ചെന്നിത്തല സ്ഥാനമൊഴിയുകയാണെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മൻ‌ചാണ്ടി വരണം . അങ്ങനെയായാൽ പ്രതിപക്ഷത്തെ ഒരുമിച്ചു കൊണ്ടുപോകാനും വരുന്ന തെരഞ്ഞെടുപ്പുകളിലെങ്കിലും നേട്ടം കൊയ്യാനുമാകും .

അല്ലെങ്കിൽ പരിഗണിക്കാനിടയുള്ള പേരാണ് വി.ഡി. സതീശന്റേത്. എന്നാല്‍ എത്ര വലിയ തോല്‍വിയിലും കോണ്‍ഗ്രസ് കൈവിടാത്ത ഒന്നാണ് ഗ്രൂപ്പ് സമവാക്യങ്ങള്‍. പുതിയ നേതൃത്വം വരുമ്പോള്‍ പുതിയ ഗ്രൂപ്പുകള്‍ ഉടലെടുക്കുമോ കോണ്‍ഗ്രസിന് തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് കണ്ടറിയണം. ഇതിനെല്ലാം പുറമേ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായി സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും കാണേണ്ടതായി വന്നേക്കും.

ഇന്ത്യയില്‍ മിക്കവാറും സംസ്ഥാനങ്ങളില്‍ നഷ്ടമായ അസ്ഥിത്വം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് ഏക പിടിവള്ളി കേരളത്തിലെ തെരഞ്ഞെടുപ്പ് ആയിരുന്നു. എന്നാല്‍ ഒന്നു പൊരുതാന്‍ പോലും കഴിയാതെ 2016 ല്‍ നേരിട്ടതിനേക്കാള്‍ ദയനീയ തോല്‍വിയാണ് കോണ്‍ഗ്രസ് ഇത്തവണ ഏറ്റുവാങ്ങിയതെന്ന് പറയാതെ വയ്യാ .

മറുവശത്ത് യുഡിഎഫിലെ വമ്പന്മാര്‍ എന്ന നില മുസ്ലിം ലീഗ് നിലനിര്‍ത്തുകയും ചെയ്തു. തങ്ങളുടെ കോട്ടകള്‍ തകരാതെ നില നിര്‍ത്താന്‍ മുസ്ലിം ലീഗിനായി. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്ത കോണ്‍ഗ്രസിന് സംസ്ഥാനത്തെ തോല്‍വി കൂനിന്മേല്‍ കുരുവായി മാറുമെന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ് .

Leave A Reply
error: Content is protected !!