ഓക്​സിജൻ ലഭിക്കാതെ മധ്യപ്രദേശിൽ നാല് മരണം

ഓക്​സിജൻ ലഭിക്കാതെ മധ്യപ്രദേശിൽ നാല് മരണം

ഭോപാൽ: മധ്യപ്രദേശിലെ ജില്ല ആശുപത്രിയിൽ ഓക്​സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന്​ നാലു​ കോവിഡ്​ രോഗികൾ കൂടി മരണത്തിന് കീഴടങ്ങി . ഭർവാനിയിലെ ജില്ല ആശുപത്രിയിലാണ്​ സംഭവം.

​ആശുപത്രിയിൽ രോഗികൾക്ക്​ ഓക്​സിജൻ ലഭ്യമാകാത്തതിനെ തുടർന്ന്​ ജീവൻ നഷ്​ടമായതെന്ന്​ ബന്ധുക്കൾ കുറ്റപ്പെടുത്തി . ശനിയാഴ്ച രാത്രി ഓക്​സിജൻ വിതരണം തടസപ്പെട്ടതായി ആശുപത്രി അധികൃതർ സ്​ഥിരീകരിച്ചെങ്കിലും ഓക്​സിജൻ ലഭിക്കാതെ ഒരു രോഗി മാത്രമാണ്​ മരിച്ചതെന്നായിരുന്നു വെളിപ്പെടുത്തൽ . അതെ സമയം മറ്റു മൂന്നുപേരും ഹൃദയാഘാതത്തെ തുടർന്നാണ്​ മരിച്ചതെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.

ഓക്​സിജൻ ദൗർലഭ്യത്തെ തുടർന്ന്​ ശ്വസമെടുക്കാൻ കഷ്​ടപ്പെടുന്ന രോഗികളെ ബന്ധുക്കൾ സഹായിക്കുന്ന വിഡിയോകൾ ദേശീയമാധ്യമങ്ങൾക്ക്​ ലഭിച്ചിരുന്നു. അരമണിക്കൂറിലധികം രോഗികൾക്ക്​ ഓക്​സിജൻ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതർ കള്ളം പറയുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു.

‘എന്‍റെ കുഞ്ഞിന്​ രാവിലെ ഓക്​സിജൻ ലെവൽ 94 ആയിരുന്നു. പെട്ടന്ന്​ ഓക്​സിജൻ നിലച്ചു, ഇതോടെ പരിഭ്രാന്തിയിലായി. എന്‍റെ കുട്ടി കഷ്​ടപ്പെടുകയായിരുന്നു. ​ഒരു ഡോക്​ടർപോലും ഞങ്ങളെ തിരിഞ്ഞുനോക്കാനുണ്ടായില്ല’ -മരിച്ചയാളുടെ ബന്ധു വെളിപ്പെടുത്തി .

ആശുപത്രിയിൽ ഓക്​സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന്​ രോഗികൾ മരിച്ച സംഭവത്തിൽ പരാതി ലഭിച്ചതായി ഭർവാനി അഡീഷനൽ കലക്​ടർ ലോകേഷ്​ കുമാർ ജാങ്കിഡ്​ പറഞ്ഞു.

അതെ സമയം ഉത്തർപ്രദേശിലെ മീററ്റിലും ഓക്സിജൻ ലഭിക്കാതെ അഞ്ച് രോഗികൾ കൂടി മരണത്തിന് കീഴടങ്ങി .

 

Leave A Reply
error: Content is protected !!