അക്കൗണ്ട് പൂട്ടുമെന്ന് പറഞ്ഞാൽ പൂട്ടും : കോൺഗ്രസ്സും ബിജെപി യും പിരിച്ചുവിടണം

അക്കൗണ്ട് പൂട്ടുമെന്ന് പറഞ്ഞാൽ പൂട്ടും : കോൺഗ്രസ്സും ബിജെപി യും പിരിച്ചുവിടണം

കേരളത്തിൽ ബിജെപി യുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞാൽ പൂട്ടിക്കും . പൂട്ടിച്ചില്ലേ ? അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞത് വേറെ ആരുമല്ല സാക്ഷാൽ കേരളത്തിന്റെ ക്യാപ്റ്റൻ സ പിണറായി വിജയനാണ് പറഞ്ഞത് . പറഞ്ഞാൽ പറഞ്ഞതാ ഇപ്പോൾ മനസ്സിലായില്ലേ ?

എന്തൊക്കെയാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വീമ്പിളക്കിയത്. 35 സീറ്റില്‍ വിജയിക്കും കേരളത്തില്‍ ഭരണം നേടും.ആര് ഭരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും മാങ്ങാത്തൊലി , സുരേന്ദ്രാ തന്റെ കടപൂട്ടി ഇനി വീട്ടുകാര്യങ്ങളും നോക്കി ഒതുങ്ങി കൂടുന്നതാ നല്ലത് .

ബിജെപിയുടെ ഏക സീറ്റായിരുന്ന നേമം എൽഡിഎഫ് സ്ഥാനാർഥി വി.ശിവന്‍കുട്ടി പിടിച്ചെടുത്തത് 5421 വോട്ടിനാണ് . കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ മുരളീധരൻ മൂന്നാമതുമായി . ഞങ്ങൾ നേരത്തെ പറഞ്ഞു കുമ്മനവും കെ മുരളീധരനും രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുവാണെന്ന് . അത്‌പോലെ സംഭവിച്ചു ,

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെ വമ്പന്‍ നേതാക്കള്‍ പ്രചാരണക്കളം നിറഞ്ഞാടിയിട്ടും കേരളത്തില്‍ ഉണ്ടായിരുന്ന സീറ്റ് പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ ബിജെപി പിരിച്ചു വിടുന്നതാ നല്ലത് .

സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും വിവാദങ്ങളും ശബരിമല സ്ത്രീപ്രവേശന വിഷയവും ഉയര്‍ത്തിക്കാട്ടി വമ്പന്‍ പ്രചാരണം അഴിച്ചുവിട്ട ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പോലും വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

പെട്രോള്‍, ഡീസല്‍ വില വര്‍ധനയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മെട്രോമാന്‍ ഇ. ശ്രീധരനെ ഒപ്പം നിര്‍ത്തി താമരചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ കഴിഞ്ഞത് നിഷ്പക്ഷ വോട്ടുകള്‍ അനുകൂലമാക്കുമെന്ന പാര്‍ട്ടി പ്രതീക്ഷയും പാളി.

അതുപോലെ നിയമ സഭക്കകത്തും പുറത്തും പിണറായി വിജയനെയും സർക്കാരിനെയും താറടിക്കുകയും ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത യുഡിഎഫിന്റെ ഭൂരിഭാഗം യുവനേതാക്കളും തോറ്റു . വി.ടി ബൽറാം, കെ.എസ് ശബരിനാഥൻ, കെ.എം.ഷാജി, പി.കെ ഫിറോസ് എന്നിവരാണ് തോറ്റവരിലെ പ്രമുഖർ.

സര്‍ക്കാരിനിതെരെ പലതട്ടില്‍ പടനയിച്ച ടി.സിദ്ദീഖും പി.സി.വിഷ്ണുനാഥും ഷാഫി പറമ്പിലും മാത്രം യുവാക്കളുടെയും യുഡിഎഫിന്റെയും ശബ്ദമായി സഭയിലുണ്ടാകും .

അരുവിക്കരയിലും തൃത്താലയിലും അട്ടിമറി വിജയമാണ് സിപിഎം നേടിയത്. കനത്ത പോരാട്ടത്തിന് ശേഷമാണ് ഷാഫി വിജയം കണ്ടത് . ബിജെപിയോടൊപ്പം കോൺഗ്രസും തകർന്നടിയുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത് .

കോൺഗ്രസ്സിന്റെ പ്രമുഖരെല്ലാം തോറ്റ് തുന്നം പാടി . ഇനിയും കോൺഗ്രസ്സ് തകർന്നടിയാനുണ്ടോ ? കേരളത്തിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമല്ലേ ഈ തുടര്ഭരണം . പ്രതിപക്ഷ നേതാവ് പരാജയമായിരുന്നില്ലേ ?

ഒരു ആത്മ പരിശോധന നടത്തി നോക്ക് . മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും പരിശോധിക്കണം . സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും സ്വന്തം ഇഷ്ടക്കാരെ യല്ലേ പരിഗണിച്ചത് . ഗ്രൂപ്പ് നോക്കി സീറ്റ് നൽകില്ലെന്ന് പറഞ്ഞിട്ട് ചെയ്തത് എന്താ എല്ലാ സീറ്റും ഗ്രൂപ്പ് നോക്കിയല്ലേ വീതം വച്ചത് .

സ്ഥാനാർത്ഥി നിർണ്ണയത്തിലാണ് പല സീറ്റുകളും നഷ്ടപ്പെട്ടത് . ഇനി അതേക്കുറിച്ചു പറഞ്ഞിട്ട് കാര്യമില്ല . വൃദ്ധ നേതൃത്വം മാറിനിൽക്കണം . നിങ്ങൾ കൊച്ചുമക്കളെയും കളിപ്പിച്ചു വീട്ടിൽ ടി വി യും കണ്ട് വിശ്രമിക്കുന്നതാ നല്ലത് .

നിങ്ങൾ വഴിമാറി നേതൃത്വം യുവാക്കൾക്ക് കൈമാറു . എങ്കിലേ വരും കാലമെങ്കിലും കോൺഗ്രസ്സ് രക്ഷപ്പെടൂ . രാഹുൽ ഗാന്ധിയെയോ പ്രിയങ്കാ ഗാന്ധിയെയോ കണ്ടുകൊണ്ടോന്നും ഇവിടുത്തെ ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന് മനസ്സിലായില്ലേ ?

രാഹുൽ ഗാന്ധി എത്രയുണ്ടെന്ന് ജനത്തിന് മനസ്സിലായി . അത്‌കൊണ്ടാ അദ്ദേഹത്തിൻറെ പാർലമെന്റ് മണ്ഡലത്തിലുൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങൾ പോലും വിജയിക്കാഞ്ഞത് . ഏതായാലും ഇത്രയൊക്കെയായി ഇതിൽപ്പരം നാണക്കേട് ഇനി വരാനില്ല .

ഹൈക്കമാന്റിനോട് പറഞ്ഞു പാർട്ടി കേരളത്തിൽ പിരിച്ചു വിടുന്നതാ നല്ലത് . അങ്ങനെ ചെയ്‌താൽ കുറച്ചു ചെറുപ്പക്കാരുടെ ഭാവിയെങ്കിലും രക്ഷപെടും .

 

Leave A Reply
error: Content is protected !!