കേരള രാഷ്ട്രീയത്തില്‍ ഭരണകക്ഷിയാകുന്നകാര്യം ബിജെപിക്കു സ്വപ്നം കാണാനാവില്ല- തോമസ് ഐസക്

കേരള രാഷ്ട്രീയത്തില്‍ ഭരണകക്ഷിയാകുന്നകാര്യം ബിജെപിക്കു സ്വപ്നം കാണാനാവില്ല- തോമസ് ഐസക്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഭരണകക്ഷിയാകുന്നകാര്യം ബിജെപിക്കു സ്വപ്നം കാണാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

ബിജെപിക്കു കേരളത്തില്‍ ഒരു ഭാവിയുമില്ല. ഉണ്ടായിരുന്ന സീറ്റ് പോയെന്നു മാത്രമല്ല, ബിജെപിയുടെ വോട്ടിംഗ് ശതമാനവും ഗണ്യമായി കുറഞ്ഞു. ഇങ്ങനെ തോല്‍ക്കാനും വോട്ടു വില്‍ക്കാനും നടക്കുന്നവര്‍ക്ക് ചെലവഴിക്കാന്‍ അവരുടെ കേന്ദ്രനേതൃത്വം കോടിക്കണക്കിനു രൂപ നല്‍കുന്നതാണ് അതിശയം, ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഐസക് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

പിണറായി സര്‍ക്കാരിന്റെ സദ്ഭരണത്തിനു ലഭിച്ച അംഗീകാരമാണ് എല്‍ഡിഎഫിനു ലഭിച്ച അഭിമാനകരമായ വിജയം. രാഷ്ട്രീയ സമീപനത്തിലും ഭരണനടപടികളിലും എല്‍ഡിഎഫിന്റെ ബദല്‍ അനുഭവിച്ചറിയുകയായിരുന്നു കേരളം. പ്രതിസന്ധിയുടെ കാലത്ത് കിറ്റും പെന്‍ഷനുമെല്ലാം വഴി ജനങ്ങള്‍ക്കു സമാശ്വാസം നല്‍കുന്നതിന് ഒരു പിശുക്കും കേരളം കാണിച്ചില്ല. ഇത് ഇന്ത്യയിലെ പൊതുസ്ഥിതിയില്‍ നിന്നും എത്രയോ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ഇങ്ങനെ സമാശ്വാസത്തിനും രോഗപ്രതിരോധത്തിനും പണം ചെലവഴിച്ചതുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയില്ല. കിഫ്ബിയിലൂടെ നാടൊട്ടുക്ക് വികസനപദ്ധതികളുടെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ അത് സമ്ബദ്ഘടനയ്ക്ക് ഉണര്‍വായി. പണിയും കൂലിയുമുണ്ടായി. ഇന്ത്യയിലാകെ സര്‍ക്കാരുകള്‍ ചെലവു ചുരുക്കലിന്റെ യാഥാസ്ഥിതിക ധനനയം പിന്തുടര്‍ന്നപ്പോള്‍, കേരളം വ്യത്യസ്തമായി നിലകൊണ്ടു.

ഈ പണികള്‍ നിര്‍ബാധം നടക്കുമ്ബോഴും അതുമായി ബന്ധപ്പെട്ട് ഒരു അഴിമതിയാരോപണവും ഉയര്‍ന്നില്ല എന്നോര്‍മ്മിക്കുക. ഭരണനേതൃത്വം പൂര്‍ണമായും അഴിമതി വിമുക്തമായി. പാലാരിവട്ടം പാലം അഴിമതിയുടെ നിത്യസ്മാരകമായി നിലനിന്നപ്പോഴാണ്, എല്‍ഡിഎഫ് ഈ വിശ്വാസ്യത ആര്‍ജിച്ചത് എന്ന് പ്രത്യേകം ഓര്‍മ്മിക്കണം.

പ്രളയത്തിന്റെയും കോവിഡിന്റെയും കാലത്ത് ഒരു ജനപക്ഷ സര്‍ക്കാരിനെ ഹൃദയംകൊണ്ട് അനുഭവിക്കുകയായിരുന്നു കേരളം. അസാമാന്യമായ നേതൃപാടവത്തോടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ മുന്നില്‍ നിന്നു നയിച്ചു. ഭൂപടത്തിന്റെ അതിരുകള്‍ മറികടന്ന് മലയാളി ഒരു ശരീരവും മനസുമായി. പ്രതിസന്ധിയുടെ ആ ഘട്ടത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ മലയാളിയുടെ സര്‍ക്കാരായി മാറി.

ഈ സമയത്ത് പ്രതിപക്ഷം എന്താണ് ചെയ്തത് കിഫ്ബിയെയും കിറ്റിനെയും അവര്‍ പരിഹസിച്ചു. നാട്ടിലാകെ സ്കൂളും കോളജും ആശുപത്രിയും റോഡും പാലവുമായി കിഫ്ബി പ്രോജക്ടുകള്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ ഒന്നും നടക്കുന്നില്ലെന്നും വെറും പ്രചരണമാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വായ്ത്താരി.

വികസനപദ്ധതികള്‍ കണ്ണു തുറന്നു കണ്ട ജനങ്ങള്‍ക്കു മുന്നില്‍ സ്വയം അപഹാസ്യരാവുകയിരുന്നു പ്രതിപക്ഷം. നിലവിട്ട പരിഹാസവും പദവിയ്ക്കു ചേരാത്ത അധിക്ഷേപവുമായി അല്‍പത്തരങ്ങളുടെ ഘോഷയാത്രയായിരുന്നു പ്രതിപക്ഷവിമര്‍ശനത്തിലാകെ. ഏതെങ്കിലും ഘട്ടത്തില്‍ കേരള ജനത പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തോ എന്ന് എനിക്കു സംശയമുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും ഭൂഷണല്ലാത്ത പകയും അസൂയയും വ്യക്തിവിദ്വേഷവുമാണ് പല പ്രതിപക്ഷനേതാക്കളുടെയും മൂലധനം. ഈ നിഷേധ രാഷ്ട്രീയത്തിന്റെ കരണത്തേറ്റ പ്രഹരമാണ് തിരഞ്ഞെടുപ്പു ഫലം. ജനങ്ങളുടെ അനുഭവത്തെ പരിഹസിക്കുന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനമെന്നു ധരിച്ചാല്‍ മറ്റെന്താണ് ലഭിക്കുക? യുഡിഎഫ് രാഷ്ട്രീയത്തിനു ഭാവി വേണമെങ്കില്‍ അവര്‍ കഴിഞ്ഞൊരു വര്‍ഷക്കാലമായി സ്വീകരിച്ചുവരുന്ന സമീപനം തിരുത്തിയേ തീരൂ.

ബിജെപിക്കു കേരളത്തില്‍ ഒരു ഭാവിയുമില്ല. ഉണ്ടായിരുന്ന സീറ്റ് പോയെന്നു മാത്രമല്ല, ബിജെപിയുടെ വോട്ടിംഗ് ശതമാനവും ഗണ്യമായി കുറഞ്ഞു. ഇങ്ങനെ തോല്‍ക്കാനും വോട്ടു വില്‍ക്കാനും നടക്കുന്നവര്‍ക്ക് ചെലവഴിക്കാന്‍ അവരുടെ കേന്ദ്രനേതൃത്വം കോടിക്കണക്കിനു രൂപ നല്‍കുന്നതാണ് അതിശയം. തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഭീഷണിപ്പെടുത്തിയതുപോലെ കുറച്ചു കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേക്കേറുമായിരിക്കും. എന്നാലും കേരള രാഷ്ട്രീയത്തില്‍ ഭരണകക്ഷിയാകുന്നകാര്യം ബിജെപിക്കു സ്വപ്നം കാണാനാവില്ല. കേരളത്തിലെ സാമൂഹ്യഘടനയായി അതു പൊരുത്തപ്പെടില്ല.

അതുകൊണ്ടാണ് ഈ ജനവിധിയുടെ പ്രത്യാഘാതം അഞ്ചുവര്‍ഷത്തേയ്ക്കായിരിക്കില്ല എന്നു പറയുന്നത്. അതിനപ്പുറത്തെ കാലത്തേയ്ക്കും ഇടതുപക്ഷത്തിന്റെ മേധാവിത്തത്തിന് ഈ വിജയം വഴിയൊരുക്കുന്നു. അതുകൊണ്ട് കേരളത്തിന്റെ സാമ്ബത്തിക അടിത്തറ വിജ്ഞാനാധിഷ്ഠിതമായി രൂപാന്തരപ്പെടുത്തുന്ന ഒരു ദീര്‍ഘനാള്‍ നയം ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യാം. കേരളത്തിന്റെ ഈ ബദല്‍ ദേശീയതലത്തില്‍ ഇടതുപക്ഷ വളര്‍ച്ചയ്ക്ക് ഉത്തേജകമാകും. മതനിരപേക്ഷതയില്‍ ഉറച്ചു നിന്നുകൊണ്ട് ജനപക്ഷ ബദല്‍ കേരളത്തില്‍ നടപ്പാക്കുമ്ബോള്‍ അതിന്റെ അനുരണനങ്ങള്‍ രാജ്യത്തെമ്ബാടും ഉണ്ടാകും.
ദേശീയ മാധ്യമങ്ങളിലടക്കം കേരളത്തിനു ലഭിക്കുന്ന പ്രാധാന്യം അതിന്റെ സൂചനയാണ്. സാമ്ബത്തിക നയങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും ഇടതുപക്ഷ ബദലിന്റെ ശക്തമായ മാതൃകയായി കേരളത്തെ ദേശീയതലത്തില്‍ പ്രതിഷ്ഠിക്കുന്ന തെരഞ്ഞെടുപ്പു വിജയമാണിത്.

Leave A Reply
error: Content is protected !!