കന്നിയങ്കത്തില്‍ തിളക്കമാര്‍ന്ന വിജയം നേടി എന്‍ കെ

കന്നിയങ്കത്തില്‍ തിളക്കമാര്‍ന്ന വിജയം നേടി എന്‍ കെ

കന്നിയങ്കത്തില്‍ തിളക്കമാര്‍ന്ന ചരിത വിജയം കുറിച്ച് ചാവക്കാടിന്റെ സ്വന്തം എന്‍.കെ. 2016 ല്‍ ചാവക്കാട് നഗരസഭ ചെയര്‍മാനായിരുന്ന എന്‍. കെ അക്ബര്‍ നിയമസഭയിലേക്ക് മിന്നും ജയമാണ് നേടിയിരിക്കുന്നത്. തുടര്‍ച്ചയായ നാലാം വിജയമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വന്തമാക്കുന്നത്.

കെ.വി. അബ്ദുള്‍കാദറിന്റെ ഹാട്രിക് വിജയത്തിന്റെ തുടര്‍ച്ചയാകാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് എന്‍.കെ. 95 ലും 2000, 2016 ലും നഗരസഭയിലേക്ക് മത്സരിച്ച അദ്ദേഹത്തിന് ഒരിക്കല്‍ പോലും തോല്‍വി നേരിടേണ്ടി വന്നിട്ടില്ല. 2016 ല്‍ ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ആയ എന്‍.കെ. നിലവില്‍ സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറിയാണ്. കെവരിച്ച മികച്ച വിജയം നാടിന്റെ നന്മയുടെ വിജയമാണെന്നും, ഗുരുവായൂര്‍ ഒരിക്കല്‍ക്കൂടി മതനിരപേക്ഷതയുടെയും നവോത്ഥാനത്തിന്റെയും മണ്ണാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും എന്‍.കെ.അക്ബര്‍ പറഞ്ഞു.

രാവും പകലും പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും തനിക്ക് വോട്ട് ചെയ്ത എല്ലാ വോട്ടര്‍മാര്‍ക്കും അദ്ദേഹം നന്ദി രേഖപെടുത്തി. തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച വോട്ടര്‍മാര്‍ക്ക് വേണ്ടി കൂടുതല്‍ ഊര്‍്ജജസ്വലമായി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയ പ്രമുഖനായ രാഷ്ട്രീയ നേതാവായ അദ്ദേഹം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തുന്നത്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കുന്നംകുളം കോ-ഓപ്പറേറ്റീവ് കോളേജില്‍ നിന്ന് ബി എ എക്കണോമിക്‌സ് ബിരുദം കരസ്ഥമാക്കിയതിനെ തുടര്‍ന്ന് തൃശ്ശൂര്‍ പിജി സെന്ററില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. നിരവധി കാലം പാരലല്‍ കോളേജില്‍ ചരിത്ര അധ്യാപകനായി പ്രവര്‍ത്തിച്ചു. 1994 മുതല്‍ സിപിഎം ഏരിയ കമ്മിറ്റി അംഗമാണ്. ചാവക്കാട് ഈസ്റ്റ്, ഒരുമനയൂര്‍ എന്നീ ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സിഐടിയു ഏരിയ സെക്രട്ടറിയുമാണ്. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി, ഓള്‍ കേരള ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, മുന്‍സിപ്പല്‍ കണ്ടീജന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്നി ചുമതലകള്‍ വഹിക്കുന്നു. പാലയൂര്‍ നാലകത്ത് കുറ്റിക്കാട്ട് വീട്ടില്‍ പരേതനായ ഉസ്മാന്‍ റാബിയ എന്നിവരുടെ മകനാണ് അക്ബര്‍. മുല്ലത്തറ സഹകരണ ബാങ്ക് മാനേജര്‍ സഫീറയാണ് ഭാര്യ. ഐഷ ഹിബ, ഫിദ ഫാത്തിമ എന്നിവര്‍ മക്കളാണ്.

Leave A Reply
error: Content is protected !!