തൃശൂരിൽ ഓക്സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു

തൃശൂരിൽ ഓക്സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു.

ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ എസ് ഷാനവാസാണ് ഒക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ സിലിണ്ടറുകളും ബന്ധപ്പെട്ട ഡീലർമാർ മെയ് മൂന്നാം തിയ്യതി അഞ്ച് മണിയ്ക്കകം ദുരന്ത നിവാരണ അതോറിറ്റിക്ക്‌ കൈമാറണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കായി ഓക്സിജൻ സിലിണ്ടർ ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അസിസ്റ്റൻറ് കലക്ടർ  സുഫിയാൻ അഹമ്മദ് കൺവീനർ ആയ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

സിലിണ്ടറുകൾ പിടിച്ചെടുക്കുന്നതിന് താലൂക്ക്‌ തഹസീൽമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

നിശ്ചിത സമയത്തിനകം സിലിണ്ടറുകൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക്‌ കൈമാറാതെ കൈവശം സൂക്ഷിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

Leave A Reply
error: Content is protected !!