തുടര്‍ഭരണമോ ഭരണമാറ്റമോ? വിധിയറിയാൻ മണിക്കൂറുകൾ മാത്രം

തുടര്‍ഭരണമോ ഭരണമാറ്റമോ? വിധിയറിയാൻ മണിക്കൂറുകൾ മാത്രം

തുടര്‍ഭരണമോ ഭരണമാറ്റമോ? കേരളത്തിന്റെ വിധിയെഴുത്ത്‌ ആരെ തുണയ്‌ക്കുമെന്നറിയാന്‍ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ കൂട്ടിയും കിഴിച്ചും മുന്നണികള്‍ സമയം തള്ളിനീക്കുന്നു . സംസ്‌ഥാനഭരണം ആര്‍ക്കെന്നതിനൊപ്പം തങ്ങളുടെ ഭാവി കൂടി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ്‌ ഫലത്തെക്കുറിച്ചു മുന്നണികളും പ്രമുഖ പാര്‍ട്ടികളും ആശങ്ക പങ്കുവയ്‌ക്കുന്നു. നേരത്തെതന്നെ മുന്നണികള്‍ തങ്ങളുടേതായ വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും അവസാനനിമിഷത്തോടടുക്കുമ്പോള്‍ എല്ലാവരിലും നെഞ്ചിടിപ്പ്‌ കൂടി.

പിണറായി സർക്കാരിനും ഇടതുമുന്നണിക്കും തെരഞ്ഞെടുപ്പ്‌ ഫലം ഏറെ നിര്‍ണായകമാണ്‌. രാജ്യത്തെ ഏക ഇടതു സര്‍ക്കാര്‍ തുടരുമോ ഇല്ലയോ എന്ന ദേശീയപ്രാധാന്യമുള്ള ചോദ്യത്തിനു കൂടിയാണ്‌ ഉത്തരം ലഭിക്കുക. ദേശീയ മാധ്യമങ്ങളടക്കം പുറത്തവിട്ട എക്‌സിറ്റ്‌ പോസ്‌റ്റ്‌ സര്‍വേകളിലെല്ലാം ഇടതുമുന്നണിക്ക്‌ തുടര്‍ഭരണമാണ്‌ പ്രവചിക്കുന്നത്‌.

ആ പ്രവചനങ്ങളെല്ലാം ഇടതുക്യാമ്പുകളില്‍ ആഹ്‌ളാദം പകര്‍ന്നിട്ടുണ്ട്‌. എന്നാലും ഈ സര്‍വേകളെ പൂര്‍ണമായി വിശ്വസിക്കാന്‍ എൽ ഡി എഫ് ഒരുക്കവുമല്ല. ഇടുതു മുന്നണിക്ക്‌ 81 സീറ്റുകള്‍ വരെ ലഭിക്കാമെന്നാണു സി.പി.എമ്മിന്റെ വിലയിരുത്തല്‍. തരംഗമുണ്ടെങ്കില്‍ 100 കടക്കും.

ബൂത്തുകമ്മിറ്റികളില്‍നിന്നു റിപ്പോര്‍ട്ട്‌ തേടി അതു ജില്ലാതലത്തില്‍ പരിശോധിച്ചാണ്‌ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ ഈ കണക്കിലെത്തിയത്‌. ദേശീയതലത്തിലുള്ള ഒരു പ്രഫഷണല്‍ ഏജന്‍സിയെക്കൊണ്ടും വോട്ടെടുപ്പിന്‌ ശേഷം സര്‍വേ നടത്തിയിരുന്നു.

77 മുതല്‍ 81 സീറ്റുകള്‍ വരെ ഇടതുമുന്നണിക്ക്‌ ലഭിക്കുമെന്നാണ്‌ അവരുടെ റിപ്പോര്‍ട്ടെന്നുമാണ് ലഭിക്കുന്ന വിവരം . അതോടൊപ്പം കഴിഞ്ഞദിവസം വന്ന പോസ്‌റ്റ്‌ പോള്‍ സര്‍വേ ഫലങ്ങള്‍ ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്‌.

അതേസമയം അഞ്ചുവര്‍ഷം അധികാരത്തിനു പുറത്തുനിന്ന യു.ഡി.എഫിന്‌ ഏറെ നിര്‍ണായകമാണ്‌ ഈ തെരഞ്ഞെടുപ്പ്‌ഫലം . കേരളത്തിന്റെ പൊതുസ്വഭാവമനുസരിച്ചു ഭരണമാറ്റം സംഭവിച്ചില്ലെങ്കില്‍ അത്‌ യു.ഡി.എഫിന്‌ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക . പ്രത്യേകിച്ച്‌ കോണ്‍ഗ്രസിന്‌.

എക്‌സിറ്റ്‌ പോള്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ യു.ഡി.എഫിന്‌ അനുകൂലമല്ല. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ടുകളെയെല്ലാം യു.ഡി.എഫ്‌. തള്ളിക്കളയുകയാണ്‌. കേരളത്തിലെ ജനവികാരം പ്രതിഫലിക്കുന്നതല്ല ഈ റിപ്പോര്‍ട്ടുകള്‍ എന്നാണ്‌ അവരുടെ പ്രതികരണം. ഭരണത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ സംശയവുമില്ല.

വോട്ടെടുപ്പിന്‌ ശേഷം ഡി.സി.സികള്‍ നല്‍കിയ റിപ്പോര്‍ട്ടാണ്‌ കോണ്‍ഗ്രസിന്‌ ആത്മവിശ്വാസം നല്‍കുന്നത്‌. ഡി.സി.സികളുടെ റിപ്പോര്‍ട്ട്‌ പ്രകാരം യു.ഡി.എഫിന്‌ 80 സീറ്റുവരെ ലഭിക്കും. പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ എത്തിച്ച സംസ്‌ഥാനം എന്ന നിലയില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ ഫലം കോണ്‍ഗ്രസിനു പ്രധാനമാണ്‌.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പുനരുജ്‌ജീവനത്തിലും ഇവിടുത്തെ വിജയം നിര്‍ണായകമാണ്‌. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്‌ ക്യാമ്പുകള്‍ ആകാംക്ഷയോടെയാണ്‌ ഫലം കാത്തിരിക്കുന്നത്‌.

എന്നാൽ കഴിഞ്ഞതവണത്തെ ഒരു സീറ്റില്‍നിന്നു മുന്നോട്ടുപോകണമെന്നും വോട്ട്‌ വിഹിതം 20% വരെ എത്തിക്കണമെന്നാണ്‌ ബിജെപി ക്ക് ദേശീയനേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദേശം. അതിലേക്ക്‌ എത്താനായില്ലെങ്കില്‍ അത്‌ സംസ്‌ഥാനത്ത്‌ ബി.ജെ.പിയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കും.

12 സീറ്റുകള്‍ വരെ നേടാനാകുമെന്നാണ്‌ബി.ജെ.പിയുടെ വിലയിരുത്തല്‍. പോസ്‌റ്റ്‌പോള്‍ സര്‍വേകള്‍ അവര്‍ക്കും അത്ര ആശാവഹമല്ല. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം .

കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നരലക്ഷത്തോളം തപാല്‍ വോട്ടുകളാണ്‌ ഇത്തവണ കൂടുതല്‍ ലഭിച്ചത്‌.
നാലര ലക്ഷത്തോളം തപാല്‍ വോട്ടുകള്‍ ഇതുവരെ ശേഖരിക്കപ്പെട്ടു. ഇന്ന് രാവിലെ എട്ടുമണിവരെ തപാല്‍ വോട്ട്‌ സ്വീകരിക്കുമെന്നതിനാല്‍ ഇനിയും സംഖ്യ ഉയരുമെന്നാണ് കണക്കുകൂട്ടുന്നത് .

Leave A Reply
error: Content is protected !!