കോവിഡ് മഹാമാരിയെക്കുറിച്ച് തുറന്നെഴുതി യുവനടൻ നിഖിൽ സിദ്ധാർത്ഥ്

കോവിഡ് മഹാമാരിയെക്കുറിച്ച് തുറന്നെഴുതി യുവനടൻ നിഖിൽ സിദ്ധാർത്ഥ്

തെലുങ്ക് യുവനടൻ നിഖിൽ സിദ്ധാർത്ഥ് കോവിഡ് മഹാമാരിയെക്കുറിച്ച് തുറന്നെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കോവിഡ് ബോധവത്ക്കരണത്തിനുതകുന്ന മികച്ച സന്ദേശമാണ് നടൻ നൽകിയിരിക്കുന്നത്. നടന്റെ കുറിപ്പ് ഇങ്ങനെയാണ്

“എല്ലാം നല്ല രീതിയില്‍ പോയിക്കൊണ്ടിരിയ്ക്കുമ്പോഴാണ് കൊവിഡ് വൈറസ് വീണ്ടും ശക്തമായത്. ഈ സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തി വയ്ക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും കൊവിഡ് രോഗ ബാധ ഉണ്ടായേക്കാം. നമ്മുടെ സുഹൃത്തുക്കളിലൂടെയും ബന്ധുക്കളിലൂടെയും രോഗം പടരാന്‍ അധികം താമസം വേണ്ട. ചെറുപ്പക്കാര്‍ക്കും രോഗം ബാധിയ്ക്കുന്നുണ്ട്. എന്റെ പരിചയത്തിലുള്ള 31 വയസ്സുകാരന്‍ കൊവിഡ് വൈറസ് കാരണം മരണപ്പെട്ടു. അതുകൊണ്ട് നമുക്ക് പരമാവധി വീടുകളില്‍ തന്നെ കഴിയാം. അത്യാവശ്യത്തിന് പുറത്ത് പോവുമ്പോള്‍ മാസ്‌ക്കും, സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കാം.

എന്റെ ഭാര്യ പല്ലവി ഡോക്ടറാണ്. അവര്‍ രണ്ട് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു. ഞാനും വാക്‌സിന്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത് വീട്ടില്‍ ഇരുന്നുകൊണ്ട് ജനങ്ങള്‍ക്ക് സഹായം എത്തിയ്ക്കുക എന്നത് മാത്രമാണ്. സോഷ്യല്‍ മീഡിയയിലൂടെ ബെഡ്ഡിനും, ഓക്‌സിജനും, പ്ലാസ്മയ്ക്കും വേണ്ടി ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. വീട്ടിലുള്ള എന്റെ സമയം ഉപകാരപ്രദമാക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് തടയാനും, ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കാനും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരിക്കും”

Leave A Reply
error: Content is protected !!