ചാവേർ ബോംബാക്രമണം ; അഫ്​ഗാനിസ്​താനിൽ 21 പേർ മരിച്ചു, 90 പേർക്ക്​ പരുക്ക്​

ചാവേർ ബോംബാക്രമണം ; അഫ്​ഗാനിസ്​താനിൽ 21 പേർ മരിച്ചു, 90 പേർക്ക്​ പരുക്ക്​

കാബൂൾ: കിഴക്കൻ അഫ്​ഗാനിസ്​താനിലെ ഗെസ്​റ്റ്​ ഹൗസിലുണ്ടായ ചാവേർ ട്രക്ക്​ ബോംബാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു . സ്‌ഫോടനത്തിൽ 90 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ലോഗർ പ്രവിശ്യയുടെ തലസ്ഥാനമായ പുൾ-ഇ-ആലാമിൽ വെള്ളിയാഴ്ച രാത്രിയാണ്​ സംഭവം​.

എന്നാൽ ആക്രമണത്തിന്റെ ​ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഗെസ്​റ്റ്​ ഹൗസ്​ എന്തിനാണ് ലക്ഷ്യമിട്ടതെന്നത്​ സംബന്ധിച്ച സൂചനയും ലഭിച്ചിട്ടില്ല. അതേസമയം, ആക്രമണത്തിന്​ പിന്നിൽ താലിബാനാണെന്ന്​ ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. എന്നാൽ, ഇതുസംബന്ധിച്ച്​ താലിബാൻ ഇതേവരെ പ്രതികരിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാനിൽനിന്ന് യു.എസും നാറ്റോയും സൈനികരെ പിൻവലിക്കുന്നതിനിടെയാണ്​ ആക്രമണം. മെയ് ഒന്നിനകം എല്ലാ യു.എസ് സൈനികരും അഫ്ഗാനിസ്​താനിൽനിന്ന് പിന്മാറണമെന്ന് താലിബാൻ ആവശ്യപ്പെട്ടിരുന്നു.അതെ സമയം , ബോംബ് സ്‌ഫോടനത്തിന്​ സൈനികരുടെ പിൻമാറ്റവുമായി ബന്ധപ്പെട്ട സൂചനകളൊന്നുമില്ല. കൂടാതെ ഇവിടെ ​ യു.എസ്​ – ​നാറ്റോ സൈനിക സംഘങ്ങളുമില്ല.

വീട്ടിലേക്ക്​ പോകാൻ വാഹനം കാത്തുനിൽക്കുകയായിരുന്ന പൊലീസുകാർ​ ആക്രമണ സമയത്ത് ഗെസ്​റ്റ്​ ഹൗസിൽ ഉണ്ടായിരുന്നുവെന്ന്​ ലോഗാർ പ്രൊവിൻഷ്യൽ കൗൺസിൽ മേധാവി ഹസിബ് സ്റ്റാനിക്സായി പറഞ്ഞു. കൂടാതെ യൂനിവേഴ്സിറ്റി പ്രവേശന പരീക്ഷക്ക്​ എത്തിയ വിദ്യാർത്ഥികളും മറ്റു മുറികളിൽ ഉണ്ടായിരുന്നു.

ബോംബാക്രമണത്തിൽ ഗെസ്​റ്റ്​ ഹൗസിന്റെ മേൽക്കൂര ഇടിഞ്ഞ്​ വീണുവെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയൻ പറഞ്ഞു. അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ മൃതദേഹങ്ങൾ കുടുങ്ങിയിട്ടുണ്ടാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

അതെ സമയം രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ​ അഫ്ഗാനിസ്​താനിലെ എക്കാലത്തെയും യുദ്ധം അവസാനിപ്പിച്ച്​ അമേരിക്കൻ സൈനികർ മടങ്ങുന്നത്​. സെപ്​റ്റംബർ 11നകം ശേഷിക്കുന്ന 2500 യു.എസ്​ സൈനികരും അഫ്ഗാൻ വിടും .

Leave A Reply
error: Content is protected !!